ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ഒരു വലിയ ഭക്ഷണപ്രിയനാണ്, അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ തന്നെയാണ് അതിന് തെളിവ്. അലക്സ് എല്ലിസ് പലപ്പോഴും സ്വാദിഷ്ടമായ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുണ്ട്. മുംബൈയിലെ ഒരു വഴിയോര കച്ചവടക്കാരനിൽ നിന്ന് എരിവുള്ള ലഘുഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ചിത്രത്തിൽ, സ്റ്റാളിൽ നിന്ന് പ്രശസ്തമായ ബോംബെ സാൻഡ്വിച്ചും ചില്ലി ഐസ്ക്രീമും എല്ലിസ് ആസ്വദിച്ച് കഴിക്കുന്നതായി കാണാം. ”ഇന്ന് ഒരു മുംബൈക്കാരനെപ്പോലെ ഭക്ഷണം കഴിക്കുന്നു. മുംബൈ സാൻഡ്വിച്ചും ചില്ലി ഐസ്ക്രീമും പരീക്ഷിക്കുന്നു”, എന്നും ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചു. നിരവധി സാമൂഹ്യമാധ്യമ ഉപയോക്താക്കൾ അദ്ദേഹത്തിന് അടുത്ത ഭക്ഷണം പരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി കമന്റുകൾ ഇട്ടിട്ടുണ്ട്. ചിലർ എരിവുള്ള ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചു.
Eating like a #Mumbaikar today – trying the मुंबई सैंडविच and chilli 🌶️ ice cream. #BombaySandwich
या जेवायला! pic.twitter.com/24Xu9lkKQH
— Alex Ellis (@AlexWEllis) January 12, 2023
“ഹായ് അലക്സ്, മുംബൈ സാൻഡ്വിച്ചിന് അതിന്റേതായ പ്രത്യേകതകളും വ്യത്യസ്തതയും ഉണ്ട് , അത് കൂടുതൽ വലിയ അംഗീകാരം അർഹിക്കുന്നുവെന്ന കാര്യം നിങ്ങൾ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു?”, എന്നാണ് മറ്റൊരു കമന്റ്. തെരുവോര ഭക്ഷണത്തിന്റെ കേന്ദ്രമാണ് മുംബൈ. ഇന്ത്യൻ നഗരങ്ങളിൽ ഇത്രയേറെ ഭക്ഷണ വൈവിധ്യമുള്ള മറ്റേതെങ്കിലും നഗരമുണ്ടോ എന്നകാര്യം സംശയമാണ്.
മധുരവും എരിവും പുളിയും എല്ലാം വ്യത്യസ്ത അളവുകളിൽ കൂട്ടിയിണക്കിയ മുംബൈ തെരുവിന്റെ സ്വാദ് ലോകപ്രശസ്തമാണ്. മുംബൈ സന്ദർശിക്കുന്ന സഞ്ചാരികൾ മുതൽ തൊഴിൽ സംബന്ധമായി മഹാനഗരത്തിൽ എത്തുന്നവരും ഉൾപ്പെടെ ഈ രുചി അറിയാതെ നഗരം വിട്ട് പോകാറില്ല. അധികവും വെജിറ്റേറിയൻ ഭക്ഷണമാണ് തെരുവോര ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നത്.
നഗരത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ കബാബുകളും മറ്റ് ഇറച്ചി വിഭവങ്ങളും ലഭിക്കുമെങ്കിലും മുംബൈ സ്ട്രീറ്റ് ഫുഡ് എന്ന ആശയം തന്നെ ഭേൽ പുരി, പാവ് ഭാജി, വട പാവ്, സമോസ, സാൻഡ്വിച്ച് ചില്ലി ഐസ്ക്രീം എന്നിവയുടെ വൈവിധ്യങ്ങൾ നിറഞ്ഞതാണ്. എല്ലാ ആളുകൾക്കും സാമ്പത്തിക ശേഷിക്ക് അനുസരിച്ച് ഭക്ഷണം കിട്ടുന്നു എന്നതാണ് മുംബൈ നഗരത്തിന്റെ മറ്റൊരു പ്രത്യേകത. 1980 കളിലാണ് ചൈനീസ് വിഭവങ്ങൾ മുംബൈ തെരുവിന്റെ ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുന്നത്.
Also read- Actor Bala | ആക്രമണ ശ്രമത്തിൽ ഭയന്ന് എലിസബത്ത്; തെളിവുകൾ നിരത്തുമെന്നു ബാല
മുംബൈയുടെ തനത് ഭക്ഷണ ഭക്ഷണങ്ങളിൽ ചൈനീസ് രീതികൾ കൂടി കൂട്ടിയിണക്കിയുള്ള പരീക്ഷണങ്ങൾ നടന്നതും ആ കാലത്താണെന്ന് പറയപ്പെടുന്നു. നിരവധി ഇൻഡോ – ചൈന വിഭവങ്ങൾ മുംബൈ തെരുവകളിൽ തുച്ഛമായ വിലയ്ക്ക് കിട്ടും. ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ഈ തെരുവോര ഭക്ഷണശാലകളിൽ ജനങ്ങൾ തങ്ങളുടെ സാമൂഹ്യ അന്തസ്സും മതവും ജാതിയും എല്ലാം മറക്കുന്നു എന്നതാണ്. ഇവിടെ എല്ലാ നിലയിലും ഉള്ളവർ എത്തുന്നു.
ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, അധികാരികൾ എന്നിവരിൽ തുടങ്ങി പ്യൂണും റിക്ഷാക്കാരനും വരെ ഒരേ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കും. മതത്തിന്റെയും ജാതിയുടെയും അന്തസ്സിന്റെയും പേരിൽ രാജ്യത്ത് പലയിടത്തും എന്ന പോലെ ഈ നഗരത്തിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും തെരുവോരത്തെ ഈ രുചികൂട്ടിന് മുന്നിൽ അതെല്ലാം അപ്രസ്തമാകുന്നു എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മഹത്തായ നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന ആശയം ഈ തെരുവുകളിൽ തലയുയർത്തി നിൽക്കുന്നത് നമുക്ക് കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.