• HOME
  • »
  • NEWS
  • »
  • buzz
  • »
  • House |104 വര്‍ഷമായി താമസിക്കുന്നത് ഒരേ വീട്ടില്‍!; മാറിത്താമസിക്കാൻ ആഗ്രഹമില്ലെന്ന് വയോധിക

House |104 വര്‍ഷമായി താമസിക്കുന്നത് ഒരേ വീട്ടില്‍!; മാറിത്താമസിക്കാൻ ആഗ്രഹമില്ലെന്ന് വയോധിക

എല്‍സി ആ വീട്ടില്‍ താമസിക്കുന്ന സമയത്താണ് രണ്ട് ലോക മഹായുദ്ധങ്ങളും നടന്നത്. മാത്രമല്ല, നാല് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും 25 പ്രധാനമന്ത്രിമാരുടെയും ഭരണ സമയത്തും എല്‍സി അതേ വീട്ടില്‍ തന്നെയായിരുന്നു.

  • Last Updated :
  • Share this:
    പുതിയ മോഡലിലുള്ള വീടുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. എന്നാൽ കഴിഞ്ഞ 104 വര്‍ഷമായി ഒരേ വീട്ടില്‍ താമസിക്കുന്ന വയോധികയുടെ കഥ കേൾക്കുന്നവരെ അത്ഭുതപ്പെടുത്തുന്നത്. യുകെ സ്വദേശിനിയായ എല്‍സി ആല്‍കോക്ക് (Elsie Allcock) ജനിച്ചത് മുതല്‍ ഒരേ വീട്ടിലാണ് താമസിക്കുന്നത്. എല്‍സി ആ വീട്ടില്‍ താമസിക്കുന്ന സമയത്താണ് രണ്ട് ലോക മഹായുദ്ധങ്ങളും നടന്നത്. മാത്രമല്ല, നാല് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും 25 പ്രധാനമന്ത്രിമാരുടെയും ഭരണ സമയത്തും എല്‍സി അതേ വീട്ടില്‍ തന്നെയായിരുന്നു. 1918 ജൂണിലാണ് എല്‍സി ജനിച്ചത്. ജോര്‍ജ് അഞ്ചാമന്‍ ആയിരുന്നു അന്നത്തെ രാജാവ്. ഒന്നാം ലോകമഹായുദ്ധം (first world war) അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ അപ്പോള്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.

    അതിനു ശേഷം മറ്റൊരു ലോകമഹായുദ്ധവും കടന്നുപോയി. കൂടാതെ, മനുഷ്യന്‍ ചന്ദ്രനിലിറങ്ങി. സോവിയറ്റ് യൂണിയന്റെ ഉയര്‍ച്ചയും പതനവും, ഇന്റര്‍നെറ്റിന്റെ വരവ് അങ്ങനെ പലതും ഈ കാലഘട്ടങ്ങളിലൂടെ കടന്നുപോയതും രസകരമായ കാര്യമാണ്. ദി സണ്‍ റിപ്പോര്‍ട്ടനുസരിച്ച്, ഹുത്വെയ്റ്റിലെ ബേക്കര്‍ സ്ട്രീറ്റിലെ ഒരു വീട്ടിലാണ് എല്‍സി ജനിച്ചത്. രണ്ട് കിടപ്പുമുറികളാണ് ആ ടെറസ് വീട്ടില്‍ ഉണ്ടായിരുന്നത്. 1902ല്‍ അവളുടെ പിതാവ് വാടകയ്‌ക്കെടുത്തതാണ് ആ വീട്. ഇന്നത്തെ 2800 രൂപയ്ക്കായിരുന്നു അദ്ദേഹം വീട് വാടകയ്‌ക്കെടുത്തത്. അഞ്ച് മക്കളില്‍ ഇളയവളായിരുന്നു എല്‍സി. എല്‍സിക്ക് 14 വയസ്സുള്ളപ്പോള്‍ ന്യുമോണിയ ബാധിച്ച് അവളുടെ അമ്മ മരിച്ചു.

    1941 ല്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് എല്‍സി ബില്ലിനെ വിവാഹം കഴിച്ചു. '' എന്റെ അമ്മ എലിസയുടെ മരണത്തിനു ശേഷം ഞാനായിരുന്നു അച്ഛനെ നോക്കിയിരുന്നത്. എന്റെയും ബില്ലിന്റെയും വിവാഹം കഴിഞ്ഞപ്പോഴും ഞങ്ങള്‍ ഇവിടെ വിട്ടുപോയില്ല. 1949 ല്‍ എന്റെ അച്ഛന്‍ മരിച്ചു. പിന്നീട് 1960ല്‍ ഞങ്ങള്‍ ഈ വീട് വാങ്ങി,'' എല്‍സിയെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഈ വീടിന്റെ വില 75,000 പൗണ്ടാണ്. എന്നാല്‍ അന്ന് എല്‍സി ലോണ്‍ എടുത്താണ് 250 പൗണ്ടിന് വീട് വാങ്ങിയത്. മറ്റെവിടെയെങ്കിലും ജീവിക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും വീട് തനിക്ക് എല്ലാമാണെന്നും എല്‍സി പറയുന്നു. വീട്ടില്‍ വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മറ്റൊരിടത്തും താന്‍ സന്തോഷവതിയായിരിക്കില്ലെന്നും എല്‍സി കൂട്ടിച്ചേര്‍ത്തു. ഓര്‍മ്മകള്‍ നിറഞ്ഞ വീടായതുകൊണ്ട് അമ്മയക്ക് ഈ വീട് വളരെ ഇഷ്ടമാണെന്ന് എല്‍സിയുടെ മകന്‍ പറയുന്നു.

    രണ്ട് മക്കളും ആറ് പേരക്കുട്ടികളും 29 കൊച്ചുമക്കളുമാണ് എല്‍സിക്ക് ഉള്ളത്. പുതിയ വീട് വാങ്ങിയതിനു ശേഷം ബാത്ടബ്ബിനു പകരം ഒരു ബാത്ത്‌റൂം ഉണ്ടാക്കുകയാണ് ചെയ്തതെന്നും എല്‍സി പറയുന്നു. അതാണ് ആകെ വരുത്തിയിട്ടുള്ള മാറ്റം. ഈ പ്രായത്തിലും വീടിന്റെ ഓരോ മുക്കും മൂലയും എല്‍സിക്ക് പരിചിതമാണ്. ഏത് ഇരുട്ടിലും എല്ലാം തിരിച്ചറിയാമെന്നും എല്‍സി പറയുന്നു.
    Published by:Amal Surendran
    First published: