സഹോദരീ സഹോദരൻമാർ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് പലപ്പോഴും നാം സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. അത്തരത്തിലൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് (Viral). ഒരു സഹോദരൻ തന്റെ സഹോദരിക്ക് ഒരു ഐ-ഫോൺ (iPhone) സമ്മാനിക്കുന്നതും സഹോദരിയുടെ പ്രതികരണവുമാണ് വീഡിയോയിൽ. ഇൻസ്റ്റഗ്രാം റീൽ (Instagram reel) ആയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സഹോദരൻ തന്ന സമ്മാനം കണ്ട് വികാരാധീനയായി സഹോദരി കരയാൻ തുടങ്ങുന്നതാണ് റീലിൽ കാണുന്നത്.
സമ്മാനപ്പൊതി അഴിച്ചു തുടങ്ങുമ്പോൾ തന്നെ യുവതി കരയുന്നത് വീഡിയോയിൽ കാണും. അവൻ (സഹോദരൻ) ഒരു ഐഫോൺ കൊണ്ടുവന്നിട്ടുണ്ടെന്ന് എനിക്കറിയാം എന്ന് കരയുന്നതിനിടെ പറയുന്നുമുണ്ട്. എന്തിനായിരുന്നു ഇതെന്ന് സഹോദരനോട് ചോദിക്കുന്നുമുണ്ട്. ആ സമ്മാനം അവൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയാണ് താൻ കൊണ്ടുവന്നുവന്നത് എന്നായിരുന്നു സഹോദരന്റെ മറുപടി. തന്നെ ഇത്രമാത്രം സ്നേഹിക്കരുത് എന്നായിരുന്നു പെൺകുട്ടിയുടെ തുടർന്നുള്ള പ്രതികരണം.
വീട്ടിലുണ്ടായിരുന്ന ആരോ യുവതിയെ ആശ്വസിപ്പിക്കാൻ മുന്നോട്ടു വരുന്നതും വീഡിയോയിൽ കാണാം. എന്നിട്ടും യുവതിക്ക് കണ്ണുനീർ അടക്കാനായിരുന്നില്ല. സഹോദരങ്ങൾ തമ്മിലുള്ള ഈ ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചു പറഞ്ഞ് മറ്റ് കുടുംബാംഗങ്ങൾ ചിരിക്കാനും ആരംഭിച്ചു. ഫോൺ പകുതിയായി കട്ട് ചെയ്ത് അനുജത്തിക്ക് നൽകാമെന്ന് സഹോദരൻ ഇതിനിടെ തമാശ പറയുകയും ചെയ്തു.
രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഇങ്ങനെയൊരു സഹോദരനെ ലഭിക്കാൻ ഭാഗ്യം ചെയ്യണമെന്നായിരുന്നു ചിലരുടെ കമന്റ്. മറ്റു ചിലർ തങ്ങളുടെ സഹോദരങ്ങളെ ടാഗ് ചെയ്യുകയും അവരോട് സമാനമായ രീതിയിൽ സ്നേഹം പ്രകടിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 26-ന് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട റീൽ ഇതിനോടകം 1,94,905 ലൈക്കുകൾ നേടിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിനെ കൂടാതെ, മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും വൈറലാണ് ഈ വീഡിയോ.
അതേസമയം, പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിലെ സമ്മർ സെയിലിനോട് അനുബന്ധിച്ച് വൻ ഓഫറാണ് ഐഫോണുകൾക്ക് ലഭിക്കുന്നത്. ആപ്പിൾ ഐഫോൺ 13 ന് (iPhone 13) ആരെയും ആകർഷിക്കുന്ന ഓഫറാണ് ആമസോൺ മുന്നോട്ടു വെക്കുന്നത്. അടിസ്ഥാന 128 ജിബി മോഡലിന് ആമസോണിൽ 66,900 രൂപ മാത്രമാണ് വില. ഇതേ മോഡൽ ആപ്പിൾ ഇന്ത്യ ഇ-സ്റ്റോറിൽ 79,990 രൂപയ്ക്കാണ് വിൽക്കുന്നത്. അതുപോലെ, 256GB സ്റ്റോറേജ് ഓപ്ഷനുള്ള ഐഫോൺ 13ന് 89,900 രൂപയ്ക്ക് പകരം 79,490 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.
512 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള ഐഫോൺ 13 മോഡൽ 1,09,990 രൂപയ്ക്ക് പകരം 99,490 രൂപയ്ക്കാണ് വിൽക്കുന്നത്. സമ്മർ സെയിൽ വിൽപ്പന സമയത്ത് ഇ-കൊമേഴ്സ് സൈറ്റുകളിലെ വിലയിൽ ആവശ്യകതയും വിതരണവും അനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. അതിനാൽ വരും ദിവസങ്ങളിൽ ഈ വിലകൾ മാറിയേക്കാം. ഇക്കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ചില പ്രത്യേക നിറങ്ങളിലുള്ള മോഡലുകൾ ഉടൻ സ്റ്റോക്ക് തീർന്നേക്കാം എന്നും കമ്പനി അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.