• HOME
 • »
 • NEWS
 • »
 • buzz
 • »
 • BROTHERS OFFER DOOR TO DOOR HAIRCUT SERVICE FOR DALITS IN KARNATAKA MM

പൊതു ബാർബർ ഷോപ്പുകളിൽ സേവനം നിഷേധിക്കപ്പെടുന്ന ദളിതർക്ക് തുണയായി സഹോദരങ്ങൾ

ദളിതർക്ക് പലപ്പോഴും അവരുടെ ഗ്രാമങ്ങളിലെ കടകളിലും ബാർബർ ഷോപ്പുകളിലും സേവനങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതിനെ തുടർന്നാണ് ഈ സഹോദരങ്ങൾ ഉദ്യമവുമായി മുന്നിട്ടിറങ്ങിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  മൈസൂരിലെ കപ്പസോഗെ എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ നിന്നുള്ള രണ്ട് സഹോദരങ്ങൾ ആ സമുദായത്തിലെ മറ്റ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഹീറോകളാണ്. കത്രികയും കത്തിയും ഉപയോഗിച്ചാണ് അവർ താരങ്ങളായതെന്ന് മാത്രം. ജനസംഖ്യയുടെ വലിയ പങ്കും ദളിത് വിഭാഗത്തിൽപ്പെട്ടവർ ജീവിക്കുന്ന കപ്പസോഗെയിലെയും സമീപഗ്രാമങ്ങളായ കുറുഹുണ്ടി, ഗൗഡാരാഹുണ്ടി, മദനഹള്ളി എന്നിവിടങ്ങളിലെയും പുരുഷന്മാർക്ക് മുടി വെട്ടിക്കൊടുത്തും മറ്റ് ബാർബർ സേവനങ്ങൾ നൽകിയുമാണ് ഈ സഹോദരങ്ങൾ ശ്രദ്ധയാകർഷിക്കുന്നത്.

  ദളിതർക്ക് പലപ്പോഴും അവരുടെ ഗ്രാമങ്ങളിലെ കടകളിലും ബാർബർ ഷോപ്പുകളിലും സേവനങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതിനെ തുടർന്നാണ് കെ.പി. മഹാദേവ, കെ.പി. സിദ്ധരാജു എന്നീ സഹോദരങ്ങൾ അവരുടെ വീട്ടുപടിക്കൽ തന്നെ ക്ഷൗരസംബന്ധമായ സേവനങ്ങൾ നൽകാനായി തീരുമാനിച്ചത്.

  പലപ്പോഴും ഒന്ന് മുടി വെട്ടാനായി ഈ ജനങ്ങൾക്ക് ഉല്ലഹള്ളി, നഞ്ചൻഗുഡ് എന്നീ പട്ടണങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. അത്രയും ദൂരം യാത്ര ചെയ്ത് പോകുന്ന ദിവസങ്ങളിൽ ജോലിയ്ക്ക് എത്താൻ കഴിയാത്തതിനാൽ അവർക്ക് ഒരു ദിവസത്തെ വേതനവും നഷ്ടപ്പെടുത്തേണ്ടി വരുന്നു.

  തന്റെ സമുദായത്തിലെ മറ്റ് അംഗങ്ങളെ സഹായിക്കുക എന്നത് പണം നേടുന്നതിനേക്കാൾ എത്രയോ വലിയ കാര്യമാണെന്ന് 'ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിനോട്' സംസാരിക്കവെ മഹാദേവ പറഞ്ഞു. സാമൂഹികമായ ഐക്യം നിലനിർത്താനും ഗ്രാമത്തിലെ സമുദായങ്ങൾ തമ്മിൽ സ്പർധയില്ലെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ എട്ടു വർഷമായി ബാർബർമാരായി തൊഴിലെടുക്കുന്ന ഈ സഹോദരങ്ങൾക്ക്, സർക്കാർ സാമ്പത്തിക സഹായം നൽകിയാൽ എല്ലാവർക്കും ഒരുപോലെ വരാൻ കഴിയുന്ന ഒരു പൊതു ബാർബർ ഷോപ്പ് തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ദളിത് സമുദായം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയ്ക്ക് ദളിതർ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേകമായി ബാർബർ ഷോപ്പുകൾ തുടങ്ങാനും അവർ ലക്ഷ്യമിടുന്നു.

  കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഘട്ടത്തിലാണ് ഈ സഹോദരങ്ങൾ ബാർബർ സേവനങ്ങൾ നൽകാൻ ആരംഭിച്ചത്. മുടി വെട്ടാൻ 40 രൂപയും ഷേവിങ്ങിന് 20 രൂപയുമാണ് അവർ ഈടാക്കാറുള്ളത്. എട്ടു വർഷമായി ഈ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചിട്ടും തങ്ങളുടെ അപേക്ഷകളൊന്നും പ്രാദേശിക രാഷ്ട്രീയക്കാർ പരിഗണിക്കുകയോ, അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയോ ചെയ്യുന്നില്ല എന്ന പരാതി ഇരുവർക്കുമുണ്ട്.

  ജാതി അധിഷ്ഠിതമായുള്ള ഇന്ത്യൻ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽപ്പെടുന്ന ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങളായ ബാർബർ സേവനങ്ങൾ പോലുള്ളവയോ പൊതു കിണറിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശമോഒക്കെ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക സമുദായങ്ങളിൽപ്പെട്ട ജനങ്ങൾക്ക് ഹെയർകട്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിയതിന് ഒരു ബാർബർക്ക് സവർണ സമുദായാംഗങ്ങളിൽ നിന്ന് അതിക്രമം നേരിട്ട ദൗർഭാഗ്യകരമായ സംഭവം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റു ജാതിസമുദായങ്ങളിൽപ്പെട്ടവരെ തുല്യരായി പരിഗണിച്ചതിന്റെ പേരിൽ ഒരു സവർണ സമുദായത്തിന്റെനേതാവ് തന്നെ സാമൂഹികമായി ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്യുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തതിനെക്കുറിച്ച് കഴിഞ്ഞ വർഷം മല്ലികാർജുൻ ഷെട്ടി തുറന്നു പറഞ്ഞിരുന്നു.

  Keywords: Dalits, Caste Discrimination, Haircut, Mysuru, Barber Shop
  ദളിത്, ജാതിവിവേചനം, ഹെയർകട്ട്, മൈസൂർ, ബാർബർ ഷോപ്പ്
  Published by:user_57
  First published:
  )}