• HOME
  • »
  • NEWS
  • »
  • buzz
  • »
  • കാട്ടുതീ പടരുമ്പോള്‍ വയലിന്‍ വായന; കാലിഫോര്‍ണിയക്കാരന്റെ ചിത്രം വൈറൽ

കാട്ടുതീ പടരുമ്പോള്‍ വയലിന്‍ വായന; കാലിഫോര്‍ണിയക്കാരന്റെ ചിത്രം വൈറൽ

മധ്യവയസ്‌കനായ സ്‌മോത്തേഴ്‌സ് രാജ്യത്ത് വളരെ പ്രശസ്തമായ വിന്റേജ് ക്ലാസിക്കുകളില്‍ പെടുന്ന ടെന്നസി വാള്‍ട്ട്‌സ് സംഗീതം വയലിനില്‍ വായിക്കുകയായിരുന്നു.

News18

News18

  • Share this:
ദുരന്തമുഖത്ത് ആസാധാരണമായ നിശ്ചയദാര്‍ഡ്യം പ്രകടിപ്പിക്കുന്ന മനുഷ്യരുടെ പലതരത്തിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കപ്പെടാറുണ്ട്. പുതിയ അത്തരമൊരു വീഡിയോ കൂടി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ കാള്‍ഡോര്‍ മേഖലയിലുടനീളം കാട്ടുതീ പടരുന്ന സാഹചര്യത്തിൽ പ്രദേശങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രാദേശിക ഭരണകൂടത്തിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീടുകള്‍ ഒഴിഞ്ഞ് മാറിനില്‍ക്കുവാന്‍ നിര്‍ബന്ധിതരായത്. ആളുകള്‍ തങ്ങളുടെ സാധനങ്ങളുമായി സ്വന്തം വാസസ്ഥലങ്ങള്‍ വിട്ടുപോകാന്‍ തുടങ്ങിയത്തോടെ നീണ്ട ഗതാഗതക്കുരുക്കുകളാണ് പ്രദേശത്ത് രൂപപ്പെട്ടത്.

ട്രാഫിക്കില്‍ കുടുങ്ങിയ ആളുകള്‍ ഉത്കണ്ഠാകുലരാകാന്‍ തുടങ്ങിയപ്പോള്‍, കുടുംബത്തോടൊപ്പം പ്രദേശം ഒഴിഞ്ഞുകൊണ്ടിരുന്ന മെല്‍ സ്‌മോതെര്‍സ് എന്നയാള്‍ തന്റെ വയലിന്‍ പുറത്തെടുത്ത് നടുറോഡില്‍ നിന്ന് അത് വായിക്കാന്‍ തുടങ്ങി. സ്‌മോത്തേഴ്‌സിന്റെ പ്രവൃത്തി കണ്ട ചില ജേര്‍ണലിസ്റ്റുകള്‍ അദ്ദേഹത്തിന്റെ പ്രകടനം റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അതോടെ ആ വീഡിയോ വൈറലാവുകയും ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്തു.ഇന്‍സ്റ്റാഗ്രാമില്‍ സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ പങ്കുവച്ച വീഡിയോയില്‍, ട്രാഫിക്കിനെ തുടര്‍ന്ന് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരിക്കുന്ന റോഡിന് നടുവില്‍ തന്റെ കാറിന്റെ ബോണറ്റില്‍ ചാരിയിരുന്ന്, മധ്യവയസ്‌കനായ സ്‌മോത്തേഴ്‌സ് രാജ്യത്ത് വളരെ പ്രശസ്തമായ വിന്റേജ് ക്ലാസിക്കുകളില്‍ പെടുന്ന ടെന്നസി വാള്‍ട്ട്‌സ് സംഗീതം വയലിനില്‍ വായിക്കുകയായിരുന്നു. കണ്ണുകള്‍ അടച്ച് വല്ലാത്ത ഒരു ആസ്വാദന ഭാവത്തോടെയാണ് സ്‌മോത്തേഴ്‌സ് വയലിന്‍ വായിക്കുന്നത്.

ക്രോണ്‍ 4 പങ്കുവച്ച മറ്റൊരു വീഡിയോയില്‍, ഒരു റിപ്പോര്‍ട്ടര്‍ സ്‌മോത്തേഴ്സിനോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നതിങ്ങനെയാണ്, “ഇവിടെ അല്‍പ്പം ആശങ്കയുണ്ടായിരുന്നു.. ഞങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ തീ പടര്‍ന്ന് പിടിക്കുമെന്നപോലെ…”

സിഎന്‍എന്‍ റിപ്പോര്‍ട്ടറോട് സംസാരിക്കുമ്പോള്‍ സ്‌മോത്തേഴ്സ് പറയുന്നത്, അദ്ദേഹം വയലിന്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ കട്ടിയുള്ള പുക പടരുന്നതും ചാരങ്ങള്‍ വീഴുന്നതും കാണാന്‍ കഴിഞ്ഞുവെന്നാണ്. അദ്ദേഹം തുടരുന്നു, “ഇത് അത്ര സാരമുള്ളതല്ല, ഞങ്ങള്‍ക്ക് നീങ്ങിനില്‍ക്കാന്‍ കഴിയും. പക്ഷേ തീ വളരെ വേഗത്തില്‍ പടരുകയാണെന്ന കാര്യം ഉറപ്പായിരുന്നു.”

ഹൃദയത്തെ സ്പര്‍ശിച്ച വൈറല്‍ വീഡിയോയോട് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് പ്രതികരിച്ചിരിക്കുന്നത്. ടൈറ്റാനിക് സിനിമയില്‍ കപ്പല്‍ മുങ്ങുമ്പോള്‍ അതിലെ മ്യൂസിക് ബാന്‍ഡ് രക്ഷപ്പെടാന്‍ ശ്രമിക്കാതെ മനോഹരമായ സംഗീതം വായിച്ചുകൊണ്ടിരിക്കുന്ന സീനാണ് ഇത് കാണുമ്പോള്‍ ഓര്‍മ്മവരുന്നതെന്ന തരത്തില്‍ വളരെ ദു:ഖത്തോടെ നിരവധി ഉപയോക്താക്കള്‍ കുറിച്ചു. എല്ലാവരും സുരക്ഷിതമായി എത്തണമെന്നും, ദൃശ്യം വേദനിപ്പിക്കുന്നുവെന്നും, വയലിന്റെ സംഗീതം ഭയപ്പെടുത്തുന്നതാണെന്നുമൊക്കെയുള്ള കമന്റുകളും വരുന്നുണ്ട്.

കാലിഫോര്‍ണിയയിലെ എല്‍ ഡറാഡോ കൗണ്ടിയില്‍ ഉള്‍പ്പെടുന്ന കാള്‍ഡോര്‍ മേഖലയിലുണ്ടായ കാട്ടുതീ, തിങ്കളാഴ്ചയോട് കൂടി തെക്കന്‍ പ്രദേശമായ താഹോ തടാകത്തിലേക്ക് പടരുമ്പോള്‍ താഹോ നഗരത്തിലെ 22,000 നിവാസികള്‍ വീടുവിട്ടുപോകാൻ നിര്‍ബന്ധിതരായിരുന്നു. പ്രദേശവാസികള്‍ തങ്ങളുടെ സാധനങ്ങളുമായി കൂട്ടത്തോടെ സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ തുടങ്ങിയതോടെ താഹോയിലെ ഹൈവകളില്‍ ഗതാഗതകുരുക്കിലായി. കിഴക്കന്‍ പ്രദേശങ്ങളിലെ സുരക്ഷിതയിടങ്ങിലേക്ക് മാറാന്‍ ഹൈവേ 50 ലൂടെ യാത്ര ചെയ്തവര്‍ക്ക് മണിക്കൂറുകളോളം ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കേണ്ടിയും വന്നിരുന്നു. താഹോ പ്രദേശവാസിയായ മെല്‍ സ്‌മോത്തേഴ്‌സ് വയലിന്‍ വായിച്ചതും ഹൈവേ 50ല്‍ ആയിരുന്നു.

രണ്ടാഴ്ചയിലേറെയായി തുടരുന്ന കാട്ടുതീയില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും 472 വീടുകള്‍ ഉള്‍പ്പെടെ 650 ഓളം കെട്ടിടങ്ങളും സ്ഥാപനങ്ങളും കത്തി നശിക്കുകയും 1.6 ലക്ഷം ഏക്കറിലധികം പ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Published by:Sarath Mohanan
First published: