ലോകത്തിലെ ഏറ്റവും ശുദ്ധമായ വികാരങ്ങളിൽ ഒന്നാണ് ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും. ആ സ്നേഹം സംരക്ഷിക്കുന്നതിനായി ഏതറ്റം വരെ പോകാനും ഒരമ്മ തയ്യാറായേക്കും. കുഞ്ഞിന്റെ സുരക്ഷയ്ക്ക് വേണ്ടി ജീവൻ പണയം വെയ്ക്കാൻ വരെ തയ്യാറാകുന്ന അമ്മമാർ നമുക്കിടയിലുണ്ട്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ കാലിഫോർണിയൻ വനിതയുടെ ജീവിതത്തിലുണ്ടായ അനുഭവം. അഞ്ച് വയസായ തന്റെ മകനെ ആക്രമിച്ച മൗണ്ടൻ ലയണിനെ നഗ്നമായ കൈകൾ കൊണ്ട് എതിരിടാൻ ഈ അമ്മയ്ക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. വീടിന്റെ മുൻവശത്തെ മുറ്റത്ത് വെച്ചാണ് അവർക്ക് കുഞ്ഞിനെ രക്ഷിക്കാനുള്ള വ്യഗ്രതയിൽ ഈ വന്യജീവിയുമായി മല്ലയുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നത്. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ അമ്മയുടെയും കുഞ്ഞിന്റെയും വീടിന്റെ മുറ്റത്ത് പ്രവേശിച്ച മൗണ്ടൻ ലയൺ 45 അടിയോളം ദൂരം മകനെ വലിച്ചിഴച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇത് കണ്ട ഉടനെ അമ്മ രണ്ടാമതൊന്ന് ചിന്തിക്കാതെ ആ വന്യമൃഗത്തിന് മേലെ ചാടി വീഴുകയായിരുന്നു. മാർജാരവർഗത്തിൽപ്പെടുന്ന വലിയ ജീവികളിൽ ഒന്നാണ് മൗണ്ടൻ ലയൺ അഥവാ പൂമ.
മൗണ്ടൻ ലയണിന്റെ പിടിയിൽ നിന്ന് മകനെ രക്ഷിച്ചതിനോടൊപ്പം അതിനെ തന്റെ വീടിന് പുറത്തേക്ക് ഭയപ്പെടുത്തി ഓടിക്കാനും ആ അമ്മയ്ക്ക് കഴിഞ്ഞു. വന്യമൃഗത്തിന്റെ ഭീഷണി ഒഴിവായതോടെ ആ സ്ത്രീയും ഭർത്താവും ചേർന്ന് മകനെ ഒരു പ്രാദേശിക ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടത്തെ ജീവനക്കാർ ഉണ്ടായ സംഭവത്തെക്കുറിച്ച് അധികൃതരെ അറിയിച്ചു. കുട്ടിയ്ക്ക് തലയിലും ഉടലിലുമായി സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. എന്നാൽ, നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ആശുപത്രി ജീവനക്കാർ അറിയിക്കുന്നു.
ഇതിനിടെ ഒരു സംഘം അധികൃതർ പ്രസ്തുത വനിതയുടെ വീട്ടിലെത്തുകയും അവിടെ ചെടികൾക്കിടയിൽ മറഞ്ഞിരിക്കുന്ന മൗണ്ടൻ ലയണിനെ കണ്ടെത്തുകയും ചെയ്തു. ആ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അധികൃതർ ആ ജീവിയെ വെടിവെച്ചു കൊന്നു. പിന്നീട് നടത്തിയ ഡി എൻ എ പരിശോധനയിൽ ഈ മൃഗം തന്നെയാണ് കുട്ടിയെ ആക്രമിച്ചതെന്ന് തെളിഞ്ഞു.
തെരച്ചിലിനിടെ മറ്റൊരു മൗണ്ടൻ ലയണിനെ കൂടി അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ ആക്രമണത്തിൽ പങ്കില്ലെന്ന് തെളിഞ്ഞതോടെ അതിനെ അവർ തുറന്നുവിട്ടു. സമാനമായ മറ്റൊരു സംഭവവും കാലിഫോർണിയയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ വീട്ടുവളപ്പിൽ പ്രവേശിച്ച ഒരു കാട്ടുകരടിയെയും രണ്ടു കരടിക്കുഞ്ഞുങ്ങളെയുമാണ് ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്നത്. തന്റെ വളർത്തുനായകളെ രക്ഷിയ്ക്കാൻ ആ സ്ത്രീ കരടികളെ വീടിന്റെ അതിർത്തിമതിലിന് പുറത്തേക്ക് തള്ളിനീക്കുന്ന കാഴ്ച സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് അവർ ഞൊടിയിടയിൽ വളർത്തുപട്ടികളെയും കൊണ്ട് വീടിനകത്തേക്ക് കയറിപ്പോകുന്നതും കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: California, Lion attack, Viral