നിങ്ങൾ ദോശ പ്രിയരാണോ? എങ്കിൽ ദോശ കഴിച്ച് 71000 രൂപ സമ്മാനം നേടാം. എന്നാൽ ഇത് വെറും ദോശയല്ല 10 അടി നീളമുള്ള ഈ ഭീമൻ ദോശ ഒറ്റയ്ക്ക് കഴിച്ച് തീർക്കുന്നവർക്കാണ് 71,000 രൂപ സമ്മാനം ലഭിക്കുക.
ഡൽഹിയിലെ ഒരു ഫുഡ് ബ്ലോഗറാണ് ഈ വാർത്ത പങ്കിട്ടിരിക്കുന്നത്. ഇത് വളരെ നിസാരമാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം, എന്നാൽ യഥാർത്ഥത്തിൽ 10 അടി നീളമുള്ള ഈ ദോശ എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ദോശയുടെ വൈറൽ ഇൻസ്റ്റാഗ്രാം വീഡിയോ. ഡൽഹിയിലെ ഉത്തം നഗറിലെ സ്വാമി ശക്തി സാഗറിലാണ് ഈ ദോശ ലഭിക്കുക. "delhi_tummy" എന്ന ബ്ലോഗറാണ് ഭീമൻ ദോശയുടെയും സമ്മാനത്തിന്റെയും വിവരങ്ങൾ ഉപയോക്താക്കളുമായി പങ്കുവച്ചത്.
ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ബ്ലോഗറുടെ പോസ്റ്റിന് താഴെ ഈ ദോശയുടെ വില ചോദിച്ച് കമന്റ് ചെയ്തിരുന്നു. 1,500 രൂപയാണ് ദോശയുടെ വിലയെന്ന് ബ്ലോഗർ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായി, ഇതുവരെ ആരും സമ്മാനത്തുക നേടിയിട്ടില്ലെന്നും ബ്ലോഗർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള തീറ്റ മത്സരങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അടുത്തിടെ, ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒറ്റ ഇരിപ്പിൽ 60 'പൂരി' കഴിച്ച് ഗോണ്ടയിലെ റിസർവ് പോലീസ് ലൈനിൽ നടന്ന "ബഡാ ഖാന" മത്സരത്തിൽ വിജയിച്ച രസകരമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
ചീഫ് കോൺസ്റ്റബിളായ ഹൃഷികേശ് റായ് ആണ് 60 പൂരികൾ കഴിച്ച് സ്വന്തം റെക്കോർഡ് തകർത്തത്. പുതിയ പോലീസ് റിക്രൂട്ട്മെന്റിന്റെ പാസിംഗ് ഔട്ട് പരേഡിന് മുമ്പായാണ് ഈ മാസം ആദ്യം 'ബഡാ ഖാന' മത്സരം നടത്തിയത്. നേരത്തെ 51 പൂരികൾ കഴിച്ചിരുന്ന റായ് ഇത്തവണ തന്റെ സ്വന്തം റെക്കോർഡ് തന്നെയാണ് തകർത്തത്. ഇത്തവണ 9 പൂരി കൂടി ഇദ്ദേഹം അധികമായി കഴിച്ചു.
Also Read-Viral Video | ട്രെക്കിനടിയില്‍ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്, വീഡിയോ വൈറൽ
കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് കഴിഞ്ഞ ദിവസം സീരിയല്‍ നടിക്ക് (actress) സ്വര്‍ണ മൂക്കുത്തി കിട്ടിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സീരിയല്‍ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. ഏലൂരിലെ ഒരു കടയില്‍ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ മാവ് കൊണ്ട് ദോശയുണ്ടാക്കി. കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്.
ദോശ ഉണ്ടാക്കുന്ന സമയത്ത് മൂക്കുത്തി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നടി വ്യക്തമാക്കി. മൂക്കുത്തി ഉരച്ച് സ്വര്‍ണം തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. പായ്ക്ക് ചെയ്യുന്ന സമയത്ത് മൂക്കുത്തി അബദ്ധത്തില്‍ ഊരി മാവിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കില്‍ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് സൂര്യതാരയുടെ മാതാവ് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.