നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Fact Check| വാട്സാപ്പ് സ്റ്റാറ്റസുകൾ 30ലേറെ പേർ കണ്ടാല്‍ 500 രൂപ വരെ നേടാനാകുമോ? സത്യമെന്ത്?

  Fact Check| വാട്സാപ്പ് സ്റ്റാറ്റസുകൾ 30ലേറെ പേർ കണ്ടാല്‍ 500 രൂപ വരെ നേടാനാകുമോ? സത്യമെന്ത്?

  സന്ദേശത്തിൽ പറയുന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒക്ടോബർ ആറിനാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: നിങ്ങളുടെ വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ 500 രൂപ വരെ നേടാം. വാട്സാപ്പ് ഗ്രൂപ്പുകളിൽ രണ്ടുദിവസം കൊണ്ട് വൈറലായി പ്രചരിക്കുന്ന സന്ദേശമാണിത്. കണ്ടാൽ ഏറെക്കുറെ വിശ്വാസ്യത തോന്നുന്ന വിധത്തിലായിരുന്നു പ്രചാരണം. ഇത് സത്യമാണോ എന്ന ചോദ്യമാണ് പലകോണുകളിൽ നിന്നും ഉയർന്നത്.

   പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ-

   നിങ്ങളുടെ വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ?

   എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ!. ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് (https://www.keralaonline.work/register.php#)സഹിതമാണ് ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. #parttimejob #keralaonlinework #verified എന്നീ ഹാഷ്‌ടാഗുകളും ഒപ്പമുണ്ട്.

   സന്ദേശത്തിലെ വെബ്സൈറ്റിൽ ക്ലിക്ക് ചെയ്താലോ?-

   സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്നത് ഫോണ്‍ നമ്പറും ജില്ലയും രജിസ്റ്റര്‍ ചെയ്യാനുള്ള ഒരു പേജിലേക്ക്

   വെബ്‌സൈറ്റില്‍ പറയുന്ന കാര്യങ്ങള്‍-

   1. നിങ്ങളുടെ വാട്ട്സാപ്പ് സ്റ്റാറ്റസുകള്‍ക്ക് ലഭിക്കുന്ന Viewsന്റെ സ്ക്രീന്‍ഷോട്ട് ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതാണ്.

   2. 30 Viewsല്‍ കുറവുള്ള സ്റ്റാറ്റസുകള്‍ പരിഗണിക്കുന്നതല്ല.

   3. ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകള്‍ വരെ ഷെയര്‍ ചെയ്യാവുന്നതാണ്.

   4. Google Pay, PhonePe, PayTm വഴി മാത്രമേ Withdrawal അനുവദിക്കുകയുള്ളു. ഓരോ ശനിയാഴ്ച്ചകളിലും Pay Out ഉണ്ടാകും.   നിറയെ നിഗൂഢത

   സാധാരണ വെബ്‌സൈറ്റുകളിൽ നല്‍കാറുള്ള അടിസ്ഥാന വിവരങ്ങളൊന്നും ഇവിടെ കാണാനില്ല. ഈ വെബ്‌സൈറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളോ(About), ഫോണ്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ (Contact) ഒന്നുംതന്നെ നല്‍കിയിട്ടില്ല. ഫോണ്‍ നമ്പറും ജില്ലയും നല്‍കി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ വെരിഫിക്കേഷന്‍ കോഡ് വരുമെന്നാണ് പറയുന്നത്. എന്നാല്‍ ക്ലിക്ക് ചെയ്തവർക്ക് കോഡ് ലഭിക്കുന്നില്ലെന്ന അന്വേഷണത്തിൽ കണ്ടെത്തി. കോഡിനായി ക്ലിക്ക് ചെയ്യുമ്പോൾ പരസ്യത്തിലേക്കാണ് പോകുന്നത്.

   ഒക്‌ടോബര്‍ 6നാണ് ഈ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിനകം ഈ സന്ദേശം വൈറലാവുകയും ചെയ്തു. 2021 ഒക്‌ടോബര്‍ 10 വരെയാണ് ഡൊമൈന്‍ കാലാവധി. ഐപി ലൊക്കേഷന്‍ ലഭ്യമായിരിക്കുന്നത് കാനഡയിലും. വെബ്‌സൈറ്റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം മറച്ചുവെച്ച നിലയിലാണ്. ഇതും സൈറ്റിന്‍റെ ആധികാരികത തന്നെ സംശയത്തിലാക്കുന്നു.   തട്ടിപ്പിന്റെ പുതുവഴിയെന്ന് പൊലീസ്

   പൊലീസ് പറയുന്നത്- സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സാപ്പിലൂടെ ധാരാളം സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സാപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക.
   Published by:Rajesh V
   First published:
   )}