ഒരു വളർത്തു മൃഗത്തെ (Pet Animal) വാങ്ങണം എന്ന് ആഗ്രഹിക്കുന്ന മിക്കവരും ചിന്തിക്കുക വില കൂടിയ ഏതെങ്കിലും ഇനത്തെ സ്വന്തമാക്കുക എന്നായിരിക്കും. പ്രത്യേകിച്ചും നായ്ക്കളുടെ (Dogs) കാര്യത്തിൽ. റോഡിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ (Stray Dog) അവഗണിക്കുകയും പെറ്റ് ഷോപ്പുകളിൽ നിന്ന് വില കൂടിയ നായ്ക്കളെ വാങ്ങുകയുമാണ് പതിവ്. എന്നാൽ ഇന്ത്യയിൽ നിന്ന് ഒരു തെരുവ് നായയെ ദത്തെടുക്കാൻ തീരുമാനിച്ച കനേഡിയൻ ദമ്പതികളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡയകളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരു വീഡിയോയിലൂടെ ദമ്പതികൾ തന്നെയാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ വളരെ ഹ്രസ്വവും എന്നാൽ ഹൃദ്യവുമായ ആ കഥ പങ്കുവെച്ചിരിക്കുന്നത്.
“ആദ്യം അൽപ്പം നാണമുണ്ടായിരുന്നു. എന്നാൽ അടുക്കാൻ അധികം സമയം എടുത്തില്ല. വെൽക്കം ഹോം ഇൻഡി," എന്നാണ് ദമ്പതികൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ തങ്ങളുടെ പ്രിയപ്പെട്ട നായയെക്കുറിച്ച് കുറിച്ചത്. ഈ വീഡിയോയിൽ, ഇൻഡിയെ ദത്തെടുക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ദമ്പതികൾ പറയുന്നുണ്ട്. ഹവില ഹെഗറും ഭർത്താവ് സ്റ്റീഫനും ചേർത്താണ് ഇന്ത്യയിൽ നിന്ന് ഈ തെരുവ് നായയെ ദത്തെടുത്ത് കാനഡയിലേയ്ക്ക് കൊണ്ടുപോയത്.
വീഡിയോയുടെ തുടക്കത്തിൽ, നായയെ സ്വീകരിക്കാൻ എയർപോർട്ടിലേക്ക് പോകുന്ന ഹവിലയെയാണ് കാണുന്നത്. അവർ വളരെ ആവേശഭരിതയായിരുന്നു. ഇൻഡിയെ ദത്തെടുക്കാൻ ആവശ്യമായ രേഖകളെല്ലാം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ദമ്പതികൾ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ആവശ്യമായ രേഖകളെല്ലാം ലഭിച്ചുവെന്ന് ഭർത്താവ് സ്റ്റീഫൻ വീഡിയോയിൽ പറയുന്നുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട നായയെ കണ്ടുമുട്ടുന്നതിലുള്ള ആവേശത്തിലായിരുന്നു യുവതി. വീഡിയോയുടെ അവസാനം ഇൻഡി എയർപോർട്ടിലെ നായകൾക്ക് വേണ്ടിയുള്ള പ്രത്യേക കൂട്ടിൽ എത്തുന്നതാണ് കാണിക്കുന്നത്. തുടർന്ന് ഹവിലയും സ്റ്റീഫനും നായയെ കാണാനായി ഓടുന്നത് കാണാം. നീണ്ട യാത്ര ചെയ്ത് വന്നതിന്റെ അങ്കലാപ്പിലായിരുന്നു ആദ്യം ഇൻഡി. എന്നാൽ ഉടൻ തന്നെ അവൾ തന്റെ ഉടമകളോട് അടുത്തു. ദമ്പതികൾ തങ്ങളുടെ പുതിയ നായയ്ക്ക് സ്നേഹപൂർവ്വം ഭക്ഷണം നൽകുകയും അവരുടെ സ്നേഹം മുഴുവൻ അവൾക്ക് നൽകുകയും ചെയ്തു.
മറ്റൊരു പോസ്റ്റിൽ, ദമ്പതികൾ ഇൻഡിയെക്കുറിച്ചുള്ള മറ്റ് ചില വിശദാംശങ്ങൾ പങ്കിട്ടിട്ടുണ്ട്. തെരുവിൽ നിന്ന് രക്ഷിച്ച ഒരു വളർത്തുമൃഗമാണ് ഇൻഡിയെന്നും ഈ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻഡിക്ക് ഒരു അപകടം സംഭവിച്ചിരുന്നു. അതിൽ അവളുടെ കാലിനും വാലിനും സാരമായി പരിക്കേറ്റിരുന്നു. "പരിക്കിനെ തുടർന്ന് അവളുടെ വാൽ മുറിച്ച് കളയേണ്ടി വന്നു. അതുകൊണ്ട് അവൾക്ക് ഇപ്പോൾ വളരെ ചെറിയ കുറ്റിവാൽ മാത്രമേയുള്ളൂ" അവർ കൂട്ടിച്ചേർത്തു.
ദമ്പതികളുടെ ഈ പ്രവൃത്തി വൈറലാകുകയും ഇൻസ്റ്റാഗ്രാമിൽ വീഡിയോയ്ക്ക് 2 ലക്ഷത്തിലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തു. വീഡിയോ കണ്ട് നിരവധി പേർ ദമ്പതികളെ പ്രശംസിച്ച് കമന്റുകൾ രേഖപ്പെടുത്തി. “നിങ്ങളോടൊപ്പമുള്ള അവൾ ഭാഗ്യവതിയാണ്. നിങ്ങളെക്കുറിച്ചോർത്ത് അത്ഭുതം തോന്നുന്നു" എന്ന് ഒരു ഉപയോക്താവ് കമന്റ് വിഭാഗത്തിൽ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.