ഒരു ചീസ് ഗ്രിൽഡ് സാൻവിച്ചിന് എത്ര രൂപ ലഭിക്കും? കാനഡയിലെ ദമ്പതികൾക്ക് ലഭിച്ചിരിക്കുന്നത് രണ്ട് കോടി രൂപയാണ്! അതേ കേട്ടത് സത്യം തന്നെയാണ്. കനേഡിയൻ നാടോടി കലാകാരി മൗദ് ലെവിസിൻെറ (Maud Lewis) പെയിൻറിങ് ചൊവ്വാഴ്ച നടന്ന ലേലത്തിൽ വിറ്റ് പോയത് 2,70,000 ഡോളറിനാണ് (ഏകദേശം 2 കോടി രൂപ).
ഇപ്പോഴത്തെ ഉടമകൾക്ക് ഈ പെയിൻറിങ് ലഭിച്ചതിന് പിന്നിലെ കഥയാണ് രസകരം. 50 വർഷം മുമ്പ് ഒരു ഗ്രിൽഡ് ചീസ് സാൻവിച്ചിന് പകരമായി കനേഡിയൻ ദമ്പതികൾക്ക് (Canadian Couple) ലഭിച്ചതാണ് ഇപ്പോൾ രണ്ട് കോടി ലഭിച്ചിരിക്കുന്ന ഈ അപൂർവ പെയിൻറിങ്.
പെയിൻറിങ് ലേലത്തിന് വെച്ച ഐറീൻ ഡിമാസ് അന്ന് ഒരു റെസ്റ്റോറൻറിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു. ഐറിനും ഭർത്താവും ചേർന്ന് നടത്തുന്ന റെസ്റ്റോറൻറിൽ തന്നെയാണ് അവർ ഷെഫിൻെറ ജോലിയും ചെയ്തിരുന്നത്. അവിടെ ഭക്ഷണം വാങ്ങിക്കാൻ എത്തുന്നവരെല്ലാം സ്വാഭാവികമായും പണം തന്നെയാണ് നൽകാറുള്ളത്. എന്നാൽ എല്ലാ ദിവസവും സാൻവിച്ച് കഴിക്കാനെത്തുന്ന ഒരു കലാകാരൻ മാത്രം അൽപം വ്യത്യസ്തനായിരുന്നു. ജോൺ കിന്നിയർ എന്ന ആ കലാകാരനുമായി ദമ്പതികൾ ഒരു കരാറിലെത്തി. ഒന്നുകിൽ അദ്ദേഹം വരയ്ക്കുന്ന പെയിൻറിങോ അല്ലെങ്കിൽ സുഹൃത്തുക്കളുടെ പെയിൻറിങോ ഭക്ഷണത്തിന് പകരം തന്നാൽ മതിയെന്നായിരുന്നു കരാർ.
1973ൽ ഒരു ദിവസം സാൻവിച്ച് കഴിക്കാനെത്തിയ ജോൺ ഒരു പെയിൻറിങുമായി എത്തി. അന്ന് ആരാലും അറിയപ്പെടാത്ത മൗദ് ലെവിസിൻെറ ബ്ലാക്ക് ട്രക്ക് എന്ന പെയിൻറിങ്ങായിരുന്നു അത്. മൗദ് ലെവിസ് ജോണിൻെറ വളരെ അടുത്ത സുഹൃത്തായിരുന്നു. ഗ്രിൽഡ് ചീസ് സാൻവിച്ച് കഴിച്ച ജോൺ ഡിമാസിന് നൽകിയത് ഇന്ന് അപൂർവ പെയിൻറിങ്ങായി വാഴ്ത്തപ്പെടുന്ന ബ്ലാക്ക് ട്രക്ക് എന്ന പെയിൻറിങ്ങാണ്. ഇപ്പോൾ തങ്ങൾക്ക് വലിയ ലാഭം സമ്മാനിച്ചിരിക്കുന്ന ഈ പെയിൻറിങിന് പകരം നൽകിയ സാൻവിച്ച് ഏറെ രുചിയുള്ളതായിരുന്നുവെന്ന് ഡിമാസ് പറയുന്നു. “അത് വെറും സാധാരണ സാൻവിച്ചായിരുന്നില്ല. അത് ഒരു മഹത്തായ സാൻവിച്ചായിരുന്നു,” പെയിൻറിങ് വിറ്റ് പോയ ശേഷം ഡിമാസ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം ഡിമാസിൻെറ വീട്ടിലെ ചുവരിൽ ഈ പെയിൻറിങ് ഉണ്ടായിരുന്നു. അന്ന് ആരാലും അറിയപ്പെടാതിരുന്ന മൗദ് ലെവിസ് ഇന്ന് പ്രശസ്തയാണ്. ജീവിച്ചിരുന്ന കാലത്ത് കാനഡയിലെ നോവ സ്കോഷ്യയിലെ റോഡരികിൽ അവർ തൻെറ പെയിൻറിങ്ങുകൾ വിൽപനയ്ക്ക് വെക്കാറുണ്ടായിരുന്നു. അപൂർവമായ ശൈലിയിൽ പെയിൻറ് ചെയ്തിരുന്ന മൗദിന് ജീവിച്ചിരുന്ന കാലത്ത് യാതൊരു അംഗീകാരവും ലഭിച്ചില്ല. 1970ൽ അവർ അന്തരിച്ചു. മരണത്തിന് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ലെവിസ് പ്രശസ്തിയിലേക്ക് ഉയർന്നത്. ‘മൗദീ’ എന്ന പേരിൽ അവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. ലെവിസിൻെറ കൈപ്പടയിലുള്ള കത്തുകളും ലേലത്തിന് വെച്ചിരുന്നു. 70000 കനേഡിയൻ ഡോളറാണ് മൂന്ന് കത്തുകൾക്ക് ലേലത്തിൽ ലഭിച്ചത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.