• HOME
  • »
  • NEWS
  • »
  • buzz
  • »
  • Murder | സംഘം തിരിഞ്ഞ് ആക്രമണം; ഡൽഹിയിൽ 27കാരൻ കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Murder | സംഘം തിരിഞ്ഞ് ആക്രമണം; ഡൽഹിയിൽ 27കാരൻ കൊല്ലപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പ്രദേശത്ത് ദ്രുതകര്‍മ സേനയെ (ആര്‍എഎഫ്) വിന്യസിച്ചു

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
ഡല്‍ഹിയില്‍ (Delhi) യുവാക്കൾ സംഘം തിരിഞ്ഞ് നടത്തിയ ആക്രമണത്തിൽ 27കാരന്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഡല്‍ഹിയിലെ രഞ്ജിത് നഗറിലാണ് (Ranjit Nagar) സംഭവം. യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഒക്ടോബര്‍ 12ന് രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ബൈക്കിലെത്തി നിതേഷ്, അലോക്, മോണ്ടി എന്നിവരെ വലിയ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് മറ്റൊരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് നിലത്ത് വീണ ഒരാളെ മൂന്ന് പേർ ചേർന്ന് മര്‍ദ്ദിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ മറ്റ് രണ്ട് പേരും ബൈക്കില്‍ നിന്ന് ഇറങ്ങുകയും ഇരു സംഘങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ആരുടെയും പരാതി ലഭിക്കാത്തതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 308 (നരഹത്യ നടത്താനുള്ള ശ്രമം), 34 എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു.

ആക്രമണത്തിൽ തലയ്ക്ക് അടിയേറ്റ് അബോധാവസ്ഥയിലായിരുന്ന നിതേഷ് ചികിത്സയിലായിരുന്നു. എന്നാൽ ശനിയാഴ്ച യുവാവ് മരിച്ചു. ഇതോടെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം) വകുപ്പ് കൂടി എഫ്ഐആറില്‍ ചേര്‍ത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ ഒളിവിലുള്ള മൂന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിതേഷും അലോകും ചേര്‍ന്നാണ് വഴക്കിന് തുടക്കമിട്ടതെന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. എന്നാല്‍, പിന്നീട് മറുവിഭാഗം ഇവരെ കീഴ്പ്പെടുത്തി ആക്രമിക്കുകയായിരുന്നു. നിതേഷിനും അലോകിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ സമുദായിക പശ്ചാത്തലമില്ലെന്നും എന്നാല്‍ സംഘാംഗങ്ങള്‍ വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണെന്നും പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന്
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പ്രദേശത്ത് ദ്രുതകര്‍മ സേനയെ (ആര്‍എഎഫ്) വിന്യസിച്ചിട്ടുണ്ട്‌.റിങ്കു ശര്‍മ്മ, ധ്രുവ് ത്യാഗി, അങ്കിത്, ഡോ. നാരംഗ്, രാഹുല്‍, മനീഷ് എന്നിവരെ കൊലപ്പെടുത്തിയതിന് സമാനമായി ഡല്‍ഹിയില്‍ നിതീഷും കൊല്ലപ്പെട്ടുവെന്നാണ് സംഭവത്തോട് പ്രതികരിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയിലെ പലയിടങ്ങളിലും ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഞങ്ങളുടെ മക്കളും സഹോദരങ്ങളും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ശര്‍മ ആരോപിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലത്ത് ബൈക്കിന്റെ ഹോണ്‍ മുഴക്കിയതിന് രണ്ട് പേരെ മൂവര്‍ സംഘം ആക്രമിച്ചിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പിടികൂടിയിരുന്നു. കൊല്ലം ചവറയിലാണ് സംഭവം നടന്നത്. കോയിവിള ചാലില്‍ കിഴക്കതില്‍ നിയാസ്, നീണ്ടകര പുത്തന്‍തുറ സുമയ്യ മന്‍സിലില്‍ ഷുഹൈബ്, പുത്തന്‍കോട്ടയ്ക്കകം മന്‍സിലില്‍ ബിലാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രി ചവറ സ്വദേശി രതീഷും സുഹൃത്തും ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. രതീഷ് ബൈക്കിന്റെ ഹോണ്‍ അടിച്ചതിനെ തുടർന്ന് രതീഷിനെയും സുഹൃത്ത് ഗിരീഷിനെയും ആക്രമിക്കുകയായിരുന്നു. രതീഷിന്റെ ദേഹത്തും തലയുടെ പുറകിലും അടിക്കുകയും പൈപ്പിന്റെ മുനകൊണ്ട് ഇരുകൈകളിലും കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു.

അക്രമം തടയാന്‍ ശ്രമിച്ച സുഹൃത്ത് ഗിരീഷിനെയും ആക്രമിച്ചു. യുവാവിന്റെ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Published by:user_57
First published: