കോവിഡ് മഹാമാരിയെ (Covid Pandemic) തുടർന്ന് ഇന്ത്യൻ റെയിൽവേയ്ക്ക് (Indian Railway) കനത്ത നഷ്ടമുണ്ടായെങ്കിലും വെറും 11 മാസത്തിനുള്ളിൽ ഒരു ടിക്കറ്റ് ചെക്കർ (Ticket Checker) സെൻട്രൽ റെയിൽവേയ്ക്ക് പിഴയിനത്തിൽ (Fine) ഈടാക്കി നൽകിയത് ഒരു കോടി രൂപ. 2021 ഏപ്രിലിനും 2022 ഫെബ്രുവരിക്കും ഇടയിൽ ടിക്കറ്റില്ലാത്ത യാത്ര ചെയ്തവർക്ക് പിഴ ചുമത്തി ഇന്ത്യൻ റെയിൽവേയ്ക്ക് മുഹമ്മദ് ഷംസ് ചന്ദ് എന്ന ടിക്കറ്റ് ചെക്കർ നേടിക്കൊടുത്തത് ഒരു കോടിയിലധികം രൂപയാണ്.
മഹാമാരിയ്ക്ക് ശേഷം പിഴയിനത്തിൽ 1 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹമെന്ന് ദി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ടിക്കറ്റ് ചെക്കർമാരുടെ സ്പെഷ്യൽ ബാച്ചിലെ അംഗമായതിനാൽ ദീർഘദൂര, ലോക്കൽ ട്രെയിനുകളിലെ യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കാനുള്ള അധികാരം ചന്ദിന് നൽകിയിട്ടുണ്ട്. പതിനൊന്ന് മാസത്തിനിടെ 13,472 ടിക്കറ്റെടുക്കാത്ത യാത്രക്കാരെ ഇദ്ദേഹം പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്ന് 1,06,42,105 രൂപയാണ് പിഴയിനത്തിൽ റെയിൽവേ ഈടാക്കിയത്. പിഴ ലഭിച്ചവരിൽ ടിക്കറ്റ് കൈവശമുള്ള യാത്രക്കാരും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ ടിക്കറ്റെടുത്ത കമ്പാർട്ടുമെന്റിലായിരിക്കില്ല യാത്ര ചെയ്തിട്ടുള്ളത്.
2000ൽ സ്പോർട്സ് ക്വാട്ടയിലൂടെയാണ് ചന്ദ് സെൻട്രൽ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. അന്നു മുതൽ വളരെ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോക്കിയിൽ മിഡ്ഫീൽഡറായിരുന്നു ചന്ദ്. 2012 വരെ സെൻട്രൽ റെയിൽവേയുടെ ഹോക്കി ടീമിൽ അംഗമായിരുന്നു. ഒരു ടിസി ആയി ജോലി ചെയ്യുന്നതിൽ ഹോക്കി എങ്ങനെ സ്വാധീനിക്കുന്നുവെന്ന ചോദ്യത്തിന് “ഒരു സംശയവുമില്ല, സ്പോർട്സ് നമ്മുടെ സ്റ്റാമിന വർദ്ധിപ്പിക്കും, അത് ജോലിയിൽ സഹായകരമാണെന്നും യാത്രക്കാരുടെ മനസ്സ് വായിക്കാൻ സഹായിക്കാറുണ്ടെന്നും” ചന്ദ് വ്യക്തമാക്കി.
അദ്ദേഹം പ്രതിദിനം ശരാശരി 12 മുതൽ 13 മണിക്കൂർ വരെ ട്രെയിനുകളിൽ ജോലിചെയ്യാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്തും തന്റെ ജോലി അർപ്പണബോധത്തോടെ തുടർന്നു. ”മഹാമാരി സമയങ്ങളിൽ ജനങ്ങളെ സേവിക്കാനുള്ള മികച്ച അവസരമാണിതെങ്കിലും, വൈറസ് ബാധിക്കുമോ എന്ന ഭയം തനിക്കും ഉണ്ടായിരുന്നു. അപകടസാധ്യത വളരെ കൂടുതലായിരുന്നുവെന്നും ” മഹാമാരി രൂക്ഷമായിരുന്ന സമയത്ത് ജോലി ചെയ്തതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ചന്ദ് പറഞ്ഞു.
Also read: 'പുടിനും സെലിൻസ്കിക്കും നല്ല ബുദ്ധി തോന്നിക്കണേ'; യുദ്ധം അവസാനിക്കാനായി ക്ഷേത്രത്തിൽ വഴിപാട്
താൻ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കാറുണ്ടെന്നും എന്നാൽ ജോലിക്കിടെ യാത്രക്കാരുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ടി വരുന്നതിനാൽ കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസേന ഒരു ടിസി അഭിമുഖീകരിക്കുന്ന വെല്ലുവിളികളെകുറിച്ചും ചന്ദ് വ്യക്തമാക്കി. കുറ്റം പിടിക്കപ്പെടുമ്പോൾ ചില യാത്രക്കാർ അക്രമാസക്തരായി മാറാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also read: Parrot | ഉടമ മരിച്ചതോടെ തത്ത വിഷാദത്തിന്റെ പിടിയിൽ; വായ തുറന്നാൽ ചീത്തവിളി; മോശം ശബ്ദം കേൾപ്പിക്കുമെന്ന് പുതിയ ഉടമ
ചന്ദ് മാത്രമല്ല, സെൻട്രൽ റെയിൽവേയിലെ മറ്റ് നിരവധി ടിക്കറ്റ് ചെക്കർമാരും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള എല്ലാ സോണൽ റെയിൽവേകളും പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ടിക്കറ്റ് ചെക്കിംഗ് വരുമാനം നേടുന്ന സ്ഥാപനം സെൻട്രൽ റെയിൽവേയാണെന്നും ഒരു സിആർ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.