ഇന്ന് സോഷ്യൽ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിലൊന്നാണ് ചാറ്റ് ജിപിടി. ഈ ചാറ്റ് ബോട്ട് ഒരു ഡിസൈൻ ഏജൻസിയുടെ സിഇഒയെ രക്ഷിച്ച കഥയാണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ചയാകുന്നത്. ലേറ്റ് ചെക്ക്ഔട്ട് (Late Checkout) എന്ന സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് ഐസെൻബെർഗ് ആണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്. പണം നൽകാതെ മുങ്ങിയ ക്ലൈന്റിൽ നിന്ന് 90 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ചാറ്റ് ജിപിടി സഹായിച്ചതെങ്ങനെയാണെന്നാണ് ഗ്രെഗ് ഐസെൻബെർഗ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നത്.
ഇങ്ങനൊരു സംഭവം നടക്കുമ്പോൾ പലരും ഒരു അഭിഭാഷകനെ ആയിരിക്കും ആദ്യം സമീപിക്കുക എന്നും എന്നാൽ താൻ ചാറ്റ് ജിപിടിയെ ആണ് ആശ്രയിച്ചതെന്നും നിയമോപദേശത്തിന് ഫീസ് ആയി യാതോന്നും നൽകേണ്ടി വന്നില്ലെന്നും ഐസെൻബെർഗ് പറയുന്നു. തങ്ങളുടെ സേവനം ഇഷ്ടപ്പെട്ട ക്ലൈന്റ് വീണ്ടും വീണ്ടും തങ്ങളെ സമീപിച്ചെന്നും പണം തരാതെ മുങ്ങുകയായിരുന്നു എന്നും ഈ സംഭവം തന്റെ ടീമിന്റെ മനോവീര്യം തന്നെ ഇല്ലാതാക്കിയെന്നും ഐസെൻബെർഗ് ട്വീറ്റ് ചെയ്തു.
Imagine a multi-billion dollar client who refused to pay you for good work rendered. Most people would turn to lawyers
I turned to ChatGPT
Here’s the story of how I recovered $109,500 without spending a dime on legal fees:
— GREG ISENBERG (@gregisenberg) February 24, 2023
”നിങ്ങൾ ചെയ്തു കൊടുത്ത മികച്ചൊരു വർക്കിന് ശതകോടീശ്വരനായ ഒരു ക്ലൈന്റ് പ്രതിഫലം നൽകാതിരിക്കുന്നതായി സങ്കൽപ്പിക്കുക. മിക്ക ആളുകളും അത്തരം സാഹചര്യങ്ങളിൽ അഭിഭാഷകരുടെ അടുത്തേക്ക് പോകും. എന്നാൽ ഞാൻ പോയത് ചാറ്റ്ജി.പി.ടിയുടെ അടുത്തേക്കായിരുന്നു. ലീഗൽ ഫീസായി ഒരു രൂപ പോലും ചെലവഴിക്കാതെ ഞാൻ 109,500 ഡോളർ വീണ്ടെടുത്തതിന്റെ കഥ പറയാം”, എന്നു പറഞ്ഞുകൊണ്ടാണ് ഐസെൻബെർഗ് താൻ പിന്നീട് ചെയ്തത് എന്തെന്ന് വിശദീകരിച്ചത്.
സന്ദർഭം വിശദീകരിച്ച് അതിനായി ഒരു ഇമെയിൽ തയ്യാറാക്കാനാണ് ചാറ്റ് ജിപിടിയോട് ഇദ്ദേഹം ആവശ്യപ്പെട്ടത്. ചാറ്റ്ജി.പി.ടിക്ക് നൽകിയ ഇൻപുട്ടുകളും അതിനെ അടിസ്ഥാനമാക്കി ലഭിച്ച മറുപടിയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
”നിങ്ങൾ ഫിനാൻസ് ഡിപ്പാർട്മെന്റിലാണ് ജോലി ചെയ്യുന്നതെന്ന് കരുതുക. ക്ലൈന്റുകളുടെ അടുത്തു നിന്നും പേയ്മെന്റുകൾ ശേഖരിക്കുക എന്നതാണ് നിങ്ങളുടെ ജോലി. 90 ലക്ഷം രൂപ തരാനുള്ള ഒരു ക്ലൈന്റിന് കടുത്ത ഭാഷയിൽ ഒരു ഇ-മെയിൽ അയക്കണം. ഇയാൾ ഇതുവരെ അയച്ച അഞ്ച് മെയിലുകൾക്കും മറുപടി തന്നിട്ടില്ല എന്നും ഓർക്കണം”, എന്നായിരുന്നു ഐസെൻബെർഗ് ചാറ്റ് ജിപിടിക്ക് നൽകിയ ഇൻപുട്ട്.
ഇതിന് ചാറ്റ് ജിപിടി ഇമെയിൽ രൂപത്തിൽ വിശദമായ ഒരു മറുപടിയാണ് നൽകിയത്. പണം നൽകാതിരുന്നാലുള്ള നിയമപരമായ പ്രത്യാഘാതങ്ങളും മറ്റു പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഇമെയിലാണ് ചാറ്റ്ബോട്ട് ഡ്രാഫ്റ്റ് ചെയ്തത്. ഇ മെയിൽ അയച്ച് രണ്ടു മിനിറ്റിനു ശേഷം ക്ലൈന്റിൽ നിന്നും തനിക്ക് മറുപടി ലഭിച്ചെന്നും ഐസൻബർഗ് ട്വീറ്റ് ചെയ്തു. പിന്നാലെ, ക്ലൈന്റ് തനിക്ക് തരാനുള്ള പണം അയച്ചെന്നും അടുത്ത ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.