ഇന്റർഫേസ് /വാർത്ത /Buzz / ONV Kurup birth anniversary | 'ഓർമകൾക്ക് എന്തു സുഗന്ധം?' ഗുരുനാഥൻ ഒഎൻവിയെക്കുറിച്ച് സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ്

ONV Kurup birth anniversary | 'ഓർമകൾക്ക് എന്തു സുഗന്ധം?' ഗുരുനാഥൻ ഒഎൻവിയെക്കുറിച്ച് സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ്

ഒ.എൻ.വി. കുറുപ്പ്

ഒ.എൻ.വി. കുറുപ്പ്

ഗുരുസ്മരണയിൽ ചീഫ് വിപ്പ് എൻ. ജയരാജ്

  • Share this:

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി. കുറുപ്പിന് ഇന്ന് ജന്മവാർഷികം. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായാണ് അദ്ദേഹത്തിന്റെ ജനനം. ജ്ഞാനപീഠ പുരസ്ക്കാരം ഉൾപ്പെടെ മലയാള കാവ്യലോകത്തിനു സമ്മാനിച്ച അദ്ദേഹത്തിന്റെ 90-ാം ജന്മവാർഷിക ദിനമാണിന്ന്. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ സർക്കാർ ചീഫ് വിപ്പ് എൻ. ജയരാജ് ഗുരുസ്മരണയിൽ ഒരു കുറിപ്പ് പങ്കിടുന്നു.

ഓർമ്മകൾക്ക് എന്തു സുഗന്ധം

-----------------------------

ഇന്ന് മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വികുറുപ്പുസാറിന്റെ ജന്മദിനമാണ്. അദ്ദേഹം എന്റെ അദ്ധ്യാപകൻ കൂടിയായിരുന്നുവെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാം. യൂണിവേഴ്‌സിറ്റി കോളേജിൽ ഞാൻ പഠിക്കുമ്പോൾ തിങ്കളാഴ്ച രാവിലത്തെ മലയാളം ക്ലാസ്സ് ഒരിക്കലും മുടക്കില്ല. കാരണം സാക്ഷാൽ ഒഎൻവികുറുപ്പ്‌ സാറാണ് ക്ലാസ്സെടുക്കുന്നത്.

ഹിന്ദി എടുത്തവർ പോലും സാറിന്റെ ഒഴുകിപ്പരക്കുന്ന വാക്കുകളുടെ മാസ്മരികപ്രപഞ്ചത്തിൽ അലിഞ്ഞില്ലാതാവാൻ സമയം കണ്ടെത്തുമായിരുന്നു.

ഇന്നും കാതുകളിൽ സാറിന്റെ ശബ്ദം വന്നു പതിക്കുന്നുണ്ട്. മഹാകവി പാലാനാരായണൻ നായരുടെ 'മേഘസഞ്ചാരം' അദ്ദേഹം പഠിപ്പിച്ച പുസ്തകങ്ങളിൽ ഒന്നാണ്. കാളിദാസൻ എന്ന വിശ്വകവിയെ കേരളത്തിന്റെ മഹാകവി പരിചയപ്പെടുത്തുന്ന അപൂർവ്വനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈയുള്ളവനും. ആ കാലഘട്ടങ്ങളിൽ സർക്കാർ ജീവനക്കാർക്ക് കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കുണ്ടായിരുന്നു. ഒഎൻവി സാറിനെപ്പോലൊരു സർഗ്ഗപ്രതിഭയ്ക്ക് ഇടക്കാലത്ത് തന്റെ പേര് ബാലമുരളി എന്നു മാറ്റേണ്ടി വന്നു.

കുമാരസംഭവം പോലുള്ള ചിത്രങ്ങളിൽ ഒഎൻവി സാറ്‌

ബാലമുരളി എന്നപേരിലാണ്‌ പാട്ടുകൾ എഴുതിയത്. പിന്നീട് സി അച്യുതമേനോൻ മുഖ്യമന്ത്രിയായ കാലത്താണ് ഈ നിയമം മാറ്റിയത്.

മഹാനായ വയലാർ രാമവർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഒഎൻവി സാർ ക്ലാസ്സിൽ പറഞ്ഞ ഒരു സംഭവം ഞാനിപ്പോൾ ഓർമ്മിക്കുന്നു.വയലാറിന്റെ ഭൗതീകശരീരം വിജെടി ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം തുറന്നവാഹനത്തിൽ ജന്മനാട്ടിലേക്കു തിരിച്ചു. വാഹനത്തിൽ ഒഎൻവി സാറുമുണ്ടായിരുന്നു. വഴി നീളേ പ്രിയപ്പെട്ടകവിയെ ഒരു നോക്കുകാണാൻ ജനങ്ങൾ കാത്തുനിന്നു. പക്ഷെ മുൻകൂട്ടി നിശ്ചയിച്ച പോയിന്റുകളിൽ മാത്രം നിർത്തി നിർത്തി വാഹനം മുൻപോട്ടു പോകുകയാണ്.

ഇടയ്ക്ക് വഴിയിൽ തനിച്ചൊരു കുട്ടി വെള്ള അമ്പൽപൂവുമായി കാത്തുനിൽക്കുന്നത് കണ്ട ഒഎൻവി സാർ വാഹനം നിർത്തി ആ കുട്ടിക്ക് വയലാറിന്റെ ഭൗതീകശരീത്തിൽ ആമ്പൽപൂവ് സമർപ്പിക്കാുവാൻ അവസരം കൊടുത്തു. ഒഎൻവി സാറ് പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആ കുട്ടി സമർപ്പിച്ച ആമ്പൽപ്പൂവായിരിക്കും കവിയായ വയലാറിന്റെ ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കുക. 1964 ലാണ് ഭൂമി എന്ന കവിത ഒഎൻവി സാറ് എഴുതുന്നത്. ഭൂമി ഒരിക്കലും നശിക്കുന്നില്ല എന്നതായിരുന്നു കവിതയുടെ അകക്കാമ്പ്.

എന്നാൽ 1984ൽ ഭൂമിക്കൊരു ചരമഗീതം അദ്ദേഹം എഴുതി. 20 വർഷങ്ങൾ കൊണ്ടു പ്രത്യേകിച്ചു കേരളത്തിന്റെ ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങൾ അദ്ദേഹത്തെ അത്രയേറെ ദുഖിപ്പിച്ചിരുന്നു എന്നും മനുഷ്യപക്ഷത്തുനിന്ന കവിയാണ് ഒഎൻവി കുറുപ്പ്‌സാർ.

'വേദനിക്കിലും

വേദനിപ്പിക്കിലും

വേണമീ സ്‌നേഹ

ബന്ധങ്ങളൂഴിയിൽ'

എന്നു പാടിയ കവിയുടെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ വിനീത ശിഷ്യന്റെ പ്രണാമം.

First published:

Tags: Chief Whip N Jayaraj, ONV Kurup