നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Police Complaint | പെൻസിൽ മോഷ്ടിച്ചതിന് സഹപാഠിക്കെതിരെ പരാതിയുമായി മൂന്നാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

  Police Complaint | പെൻസിൽ മോഷ്ടിച്ചതിന് സഹപാഠിക്കെതിരെ പരാതിയുമായി മൂന്നാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിൽ

  പോലീസുകാരുമായി വളരെ സ്വതന്ത്രമായി ഇടപഴകുന്ന കുട്ടികളെ കണ്ടപ്പോള്‍ പലര്‍ക്കും അതൊരു അത്ഭുതമായി തോന്നി

  • Share this:
   കുര്‍ണൂല്‍: പൊതുവെ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് (Police Station) പോകാന്‍ മടിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. നിയമപരമായ നടപടിക്രമങ്ങളോടും കേസുകളോടുമൊക്കെയുള്ള പേടിയാണ് അതിന്റെ പ്രധാന കാരണം.

   എന്നാല്‍, ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി യാതൊരു സങ്കോചവും കൂടാതെ ഒരു പരാതി സമര്‍പ്പിക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോവുകയുണ്ടായി. തന്റെ പെന്‍സിലുകള്‍ ആരോ മോഷ്ടിച്ചു എന്ന പരാതിയുമായാണ് ഹന്‍മന്തു എന്ന് പേരുള്ള ബാലന്‍ പോലീസിനെ സമീപിച്ചത്. തന്റെ പരാതിയിന്മേല്‍ കേസ് ചാര്‍ജ് ചെയ്യണമെന്നും ആ ബാലന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.

   കുര്‍ണൂല്‍ ജില്ലയിലെ പെദ്ദകടബുര്‍ സ്വദേശിയായ ഹന്‍മന്തു ഒരു സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത്. തന്റെ വീടിനടുത്ത് താമസിക്കുന്ന ഹന്‍മന്തു എന്ന് തന്നെ പേരുള്ള മറ്റൊരു കുട്ടി ദിവസവും തന്റെ പെന്‍സില്‍ മോഷ്ടിക്കുമെന്നും ചിലപ്പോഴൊക്കെ പണവും മോഷ്ടിക്കാറുണ്ടെന്നുമായിരുന്നു ഹന്‍മന്തുവിന്റെ പരാതി. കൂട്ടുകാരുടെ സഹായത്തോടെ 'കള്ളനെ' കൈയോടെ പിടികൂടിയാണ് മൂന്നാം ക്ലാസുകാരന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. തനിക്ക് നീതി ലഭ്യമാക്കണമെന്നും അവന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു.

   അസാധാരണവും തമാശ നിറഞ്ഞതുമായ ഈ പരാതിയും അതിനു പിന്നിലെ സംഭവങ്ങളും കേട്ടപ്പോള്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല. ആരോപണവിധേയനായ കുട്ടിയെ ജാമ്യത്തില്‍ വിടുകയാണെന്നും അവന്റെ രക്ഷിതാക്കളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിക്കാമെന്നും പോലീസ് പറഞ്ഞു. ഒടുവില്‍ രംഗം ശാന്തമാക്കിയ പോലീസുകാര്‍ രണ്ട് കുട്ടികളോടും നന്നായി പഠിക്കാന്‍ ഉപദേശിക്കുകയും ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു.

   കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. കുട്ടികളുടെ രസകരമായ സംഭാഷണങ്ങളുടെ വീഡിയോ ആരോ ഷൂട്ട് ചെയ്തിരുന്നു. അടുത്തിടെ ആ വീഡിയോ പ്രചരിക്കപ്പെടുകയും വൈറലായി മാറുകയും ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിക്കാനായി പോലീസ് സ്റ്റേഷനില്‍ പോകാറുണ്ട്. അതിനാല്‍ പോലീസുകാരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഊഷ്മളമായ ബന്ധം നിലനില്‍ക്കുകയും ചെയ്യുന്നു. ജനങ്ങളുമായി സൗഹൃദപരമായ രീതിയില്‍ ഇടപഴകുന്നതിനാല്‍ ഈ പോലീസ് സ്റ്റേഷന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

   'സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും സൗഹാര്‍ദ്ദപരമായി ഇടപഴകുകയും സേവിക്കുകയും ചെയ്യുന്ന പോലീസില്‍ അവര്‍ക്കുള്ള വിശ്വാസമാണ് ഈ വീഡിയോയില്‍ പ്രകടമാകുന്നത്. കൂടുതല്‍ ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം അനുഭവ സാക്ഷ്യങ്ങള്‍ പോലീസിനെ പ്രചോദിപ്പിക്കുന്നു', ആന്ധ്രാപ്രദേശ് പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.   കുട്ടികളും പോലീസുകാരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. പോലീസുകാരുമായി വളരെ സ്വതന്ത്രമായി ഇടപഴകുന്ന കുട്ടികളെ കണ്ടപ്പോള്‍ പലര്‍ക്കും അതൊരു അത്ഭുതമായി തോന്നി. കുട്ടികള്‍ക്കിടയിലെ ഉയര്‍ന്ന സാമൂഹ്യാവബോധമാണ് ഇതിന് കാരണമെന്ന് പലരും അഭിപ്രായപ്പെടുന്നു.
   First published: