സാധാരണ പശുവിനേക്കാൾ വലിയ തോതിൽ പാൽ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പശുക്കളെ തങ്ങൾ വിജയകരമായി ക്ലോൺ ചെയ്തെന്ന് ചൈനീസ് ശാസ്ത്രജ്ഞർ. ‘സൂപ്പർ പശുക്കൾ’ (super cows) എന്നാകും ഇവ വിളിക്കപ്പെടുക എന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
ബ്രീഡിംഗ് നടത്തിയാണ് ഈ ‘സൂപ്പർ പശു’ക്കളെ ക്ലോൺ ചെയ്തതെന്നും അവയ്ക്ക് പ്രതിവർഷം 18,000 ലിറ്റർ പാലും ആജീവനാന്തം ഏകദേശം ഒരു ലക്ഷം ലിറ്റർ പാലും ഉത്പാദിപ്പിക്കാൻ കഴിയും എന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അതായത്, സാധാരണ പശുക്കൾ ഉത്പാദിപ്പിക്കുന്ന ശരാശരി പാലിനേക്കാൾ വളരെ കൂടുതൽ. റിപ്പോർട്ടുകൾ പ്രകാരം 2021ൽ യു കെയിലെ ഒരു സാധാരണ പശുവിന് ഏകദേശം 8206 ലിറ്റർ പാൽ മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്.
Also read-ഗർഭിണിയായ പശുവിന് ബേബി ഷവറും വളകാപ്പും; വൈറലായി ആഘോഷം
ചൈനയിലെ 10,000 സാധാരണ കന്നുകാലി ഇനങ്ങളിൽ അഞ്ചെണ്ണത്തിനു മാത്രമേ ഒരു സൂപ്പർ പശുവിന്റെ അത്രയും പാൽ ഉത്പാദിപ്പിക്കാൻ കഴിയൂ എന്നും ശാസ്ത്രജ്ഞർ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു. ചൈനയിലെ പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ പുതിയ കണ്ടെത്തലിലൂടെ സാധിക്കും എന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ജിൻ യാപ്പിംഗ് പറഞ്ഞു. പുതിയ ഇനം പശുക്കളെ ക്ലോൺ ചെയ്യാൻ സാധിച്ചത് വലിയൊരു വഴിത്തിരിവാണെന്നും ജിൻ യാപിംഗ് കൂട്ടിച്ചേർത്തു. ചൈനീസ് പുതുവൽസര ജിനത്തിൽ നിംഗ്‌സിയ മേഖലയിൽ ക്ലോണിങ്ങിലൂടെ മൂന്ന് പശുക്കുട്ടികൾ ഉണ്ടായതായും ശാസ്ത്രജ്ഞർ പറഞ്ഞു.
ചൈനയിലെ ഷാങ്‌സിയിലുള്ള നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പശുക്കളിലെ ക്ലോണിംഗ് പരീക്ഷണം നടത്തിയത്. കഴിഞ്ഞ വർഷമാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. നെതർലാൻഡിൽ നിന്നുള്ള ഹോൾസ്റ്റീൻ ഫ്രീസിയൻ ഇനത്തിൽ പെട്ട അത്യുൽപാദന ശേഷിയുള്ള പശുക്കളെയാണ് ക്ലോൺ ചെയ്യുന്നതിനായി ഉപയോഗിച്ചത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.