• HOME
  • »
  • NEWS
  • »
  • buzz
  • »
  • Red Sky | ചുവപ്പിൽ കുളിച്ച് ചൈനയിലെ ആകാശം; പരിഭ്രാന്തരായി പ്രദേശവാസികള്‍

Red Sky | ചുവപ്പിൽ കുളിച്ച് ചൈനയിലെ ആകാശം; പരിഭ്രാന്തരായി പ്രദേശവാസികള്‍

ഈ അപൂര്‍വ്വ പ്രതിഭാസത്തിന്റെ വീഡിയോകളും ചിത്രങ്ങളും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ സിനയിലും വെയ്‌ബോയിലും വൈറലാണ്. 150 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.

  • Share this:
    ചൈനയിലെ സൂഷാനിൽ (zhoushan) ആകാശം രക്തചുവപ്പ് (blood red sky) നിറമായി മാറിയത് കണ്ട് ആളുകൾ പരിഭ്രാന്തരായി. മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷത്തിൽ തുറമുഖനഗരത്തിന് മുകളിലെ രസകരമായ ആകാശ കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഈ കാഴ്ച ആളുകളില്‍ ആശങ്ക ജനിപ്പിച്ചു. തുറമുഖ പ്രദേശങ്ങളിലെ ആകാശം കൂടുതല്‍ ചുവപ്പാകുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    ആളുകള്‍ അവരുടെ വീടുകളിലും ബാല്‍ക്കണികളിലും തെരുവുകളിലും നിന്ന് ആകാശം ചുവപ്പായി മാറുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ അപൂര്‍വ്വ പ്രതിഭാസത്തിന്റെ വീഡിയോകളും ചിത്രങ്ങളും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ സിനയിലും വെയ്‌ബോയിലും വൈറലാണ്. 150 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്.

    ചൈനീസ് സര്‍ക്കാര്‍ (chinese govt) കോവിഡ് 19 കൈകാര്യം ചെയ്യുന്നതിന്റെ മോശം വശമായാണ് പല ഉപയോക്താക്കളും ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചത്. '' ഇതുപോലൊന്ന് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ആകാശത്തിന് ചുവപ്പ് നിറമാകുമെന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു'' എന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.

    സംഭവത്തിന്റെ വീഡിയോ വൈറലാവുകയും നഗരത്തിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരക്കുകയും ചെയ്തതോടെ ടെലിവിഷന്‍ മാധ്യമങ്ങളും ഇതിന് വിശദീകരണം നല്‍കിയിരുന്നു. ഇതൊരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും മനുഷ്യനിര്‍മ്മിതമല്ലെന്നുമാണ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. ഇതിനിടയില്‍ സൂഷാനിലെ കാലാവസ്ഥ വകുപ്പും ഇതിന് വിശദീകരണവുമായി രംഗത്തെത്തി. തുറമുഖത്തിനടുത്ത് പ്രകാശത്തിന്റെ അപവര്‍ത്തനം, ചിതറല്‍ എന്നീ പ്രതിഭാസങ്ങളാണ് ചുവപ്പു നിറത്തിലുള്ള ആകാശത്തിനു കാരണമായതെന്ന് അവര്‍ പറഞ്ഞു. നല്ല കാലാവസ്ഥയിൽ അന്തരീക്ഷത്തിലെ ജലാംശം എയ്റോസോളുകളായി മാറും. ഇവ മത്സ്യബന്ധന ബോട്ടുകളില്‍ നിന്നും കപ്പലുകളില്‍ നിന്നുമുള്ള പ്രകാശത്തെ ചിതറിക്കുമ്പോഴാണ് ആകാശത്തിന് ചുവപ്പു നിറമാകുന്നതെന്നും അവർ വ്യക്തമാക്കി. പസഫിക് സോറിയിലെ മത്സ്യബന്ധന ബോട്ടില്‍ നിന്നുള്ള ചുവന്ന വെളിച്ചത്തിന്റെ അപവര്‍ത്തനമാകാം ചുവന്ന ആകാശത്തിന് കാരണമെന്ന് നഗരത്തിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

    1770ല്‍ സൗരോര്‍ജ്ജ പ്രവര്‍ത്തനം കാരണം ഒമ്പത് ദിവസം ആകാശം ചുവപ്പായി മാറിയ സംഭവവുമായി ആളുകള്‍ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. 2017ലെ ഗവേഷണ ലേഖനത്തില്‍ ജാപ്പനീസ് ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ ഇവിടെ സോളാര്‍ പ്രവര്‍ത്തനത്തില്‍ അപാകതയൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ലെന്നും രണ്ട് സംഭവങ്ങളും വ്യത്യസ്തമാണെന്നും വുഹാനിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയന്‍സസിലെ ബഹിരാകാശ ഭൗതിക ഗവേഷണ സംഘത്തിലെ ഒരു വിദഗ്ധന്‍ പറഞ്ഞു.

    രണ്ട് വര്‍ഷം മുമ്പ് കാലിഫോര്‍ണിയായിലെ കാട്ടുതീക്ക് പിന്നാലെ ആകാശം കടും ഓറഞ്ച് നിറത്താലും ചുവപ്പ് നിറത്താലും മൂടിയത് വലിയ വാര്‍ത്തയായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ, ഓക്ക്ലാന്‍ഡ്, ബെര്‍ക്ക്ലി എന്നീ സ്ഥലങ്ങളിലാണ് ആകാശം ഓറഞ്ച് നിറത്തില്‍ കാണപ്പെട്ടിരുന്നത്. ആദ്യം ഇത് ഇളം മഞ്ഞ നിറത്തിലായിരുന്നുവെന്നും എന്നാല്‍ അടുത്ത ദിവസം അത് ഓറഞ്ച് നിറമായി മാറുകയായിരുന്നുവെന്നും കാഴ്ചക്കാര്‍ പറഞ്ഞിരുന്നു.

    keywords:
    link:
    Published by:Jayashankar Av
    First published: