വിവാഹം കൊഴുപ്പിക്കാനായി ആഡംബരക്കാറുകള്‍ നിരനിരയായി നിര്‍ത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ 60 കിലോ വധുവിന് സമ്മാനിച്ചത് കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
ചൈനയിലെ ഹുബെ പ്രവിശ്യയിലാണ് സംഭവം. കല്യാണദിവസം നടക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു വധു. കാരണം 60 കിലോ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് അവര്‍ വിവാഹവേദിയിലെത്തിയത്. അമ്പരപ്പെടുത്തുന്ന ഈ കല്യാണ വിശേഷം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. വധുവിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പടരുകയാണ്.
വിവാഹദിനസം സ്വര്‍ണാഭരണം അണിയുന്നത് നല്ലതാണെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. എന്നാല്‍ 60 കിലോ സ്വര്‍ണം ധരിച്ചതോടെ വധുവിന് നടക്കാന്‍ പോലും പരസഹായം വേണ്ടി വന്നുവെന്നതാണ് രസകരം. ഒടുവില്‍ വരന്റെ സഹായത്തോടെയാണ് നടന്നത്.
വരന്‍ തന്നെയാണ് ഇത്രയധികം സ്വര്‍ണം വധുവിന് നല്‍കിയത്. ഒരു കിലോ വീതം തൂക്കമുള്ള 60 സ്വര്‍ണമാലകളും കൈകളിലണിയാന്‍ രണ്ട് ഭീമന്‍ വളകളുമാണ് വിവാഹം പ്രമാണിച്ച് വരന്‍ വധുവിന് സമ്മാനിച്ചത്. പ്രമുഖ സമ്പന്ന കുടുംബത്തിന് അംഗമാണ് വരന്‍. ഇതോടെയാണ് വിവാഹം വേറിട്ടതാക്കാന്‍ സ്വര്‍ണം കാണ്ട് വധുവിനെ മൂടിയത്.
Also Read - വീടിനടിയിൽ പാമ്പുണ്ടോ എന്ന് സംശയം; തിരഞ്ഞപ്പോൾ കണ്ടത് എൺപതോളം വിഷപ്പാമ്പുകളെ
ഉഗ്രവിഷമുള്ള പാമ്പുകള്‍ തങ്ങളോടൊപ്പം ഉണ്ടെന്ന് അറിയാതെ ഒരു വീട്ടില്‍ കഴിഞ്ഞിട്ടുണ്ടോ? എപ്പോഴെങ്കിലും അതിനെപ്പറ്റി അറിയുമ്പോഴുള്ള നടുക്കം അനുഭവിച്ചിട്ടുണ്ടോ? ഇത് കഥയോ സിനിമയോ ഒന്നുമല്ല, യഥാര്‍ത്ഥ സംഭവമാണ്. കാലിഫോര്‍ണിയ സ്വദേശിയായ ഒരു സ്ത്രീക്ക് കുറച്ച് നാളായി തന്റെ വീടിന് അടിയില്‍ പാമ്പുകളുണ്ടോയെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവർ കണ്ടെത്തിയത്.
തന്റെ വീടിനടിയില്‍ കാലങ്ങളായി ഉഗ്രവിഷമുള്ള ഡസന്‍ കണക്കിന് റാറ്റില്‍ സ്‌നേക്കുകള്‍ താവളമടിച്ചിട്ടുണ്ടെന്ന് മനസിലാക്കിയപ്പോൾ അവർ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചുപോയി. സാക്രമെന്റോയുടെ പടിഞ്ഞാറ് ഭാഗത്തെ സൊനോമ കൗണ്ടി എന്ന പ്രദേശത്ത് കഴിയുന്ന ഈ സ്ത്രീ, കഴിഞ്ഞയാഴ്ചയാണ് തന്റെ വീട്ടിനുള്ളിൽ പതിയിരുന്ന അപകടകരമായ രഹസ്യത്തെക്കുറിച്ച് അറിഞ്ഞത്.
സോനോമ കൗണ്ടി റെപ്റ്റൈല്‍ റെസ്‌ക്യൂയിലെ അലന്‍ വുള്‍ഫ് ഫേസ്ബുക്കില്‍ ഈ സംഭവത്തെക്കുറിച്ച് ചിത്രങ്ങളോട് കൂടി പോസ്റ്റ് ചെയ്തിരുന്നു. ''കഴിഞ്ഞയാഴ്ച ഒരു സ്ത്രീ എന്നെ വിളിക്കുകയുണ്ടായി. അവരുടെ വീടിനടിയില്‍ പാമ്പുകളുണ്ടെന്നാണ് അവർ പറഞ്ഞത്. അവിടെയെത്തി മൂന്ന് മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവിൽ ഞാന്‍ പുറത്തിറങ്ങിയത് 22 മുതിർന്നതും 59 കുഞ്ഞുങ്ങളുമായ പാമ്പുകളെയും കൊണ്ടാണ്.'', അലന്‍ വുള്‍ഫ് പോസ്റ്റില്‍ കുറിച്ചു.
അതൊരു തുടക്കം മാത്രമായിരുന്നു. അതിനുശേഷം അദ്ദേഹം രണ്ടുതവണ ആ വീട്ടില്‍ തിരിച്ചെത്തിയതായും ഏഴ് പാമ്പുകളെ വീണ്ടും കണ്ടെത്തിയതായും കാലിഫോര്‍ണിയ ദിനപ്പത്രമായ ദി സാക്രമെന്റോ ബീ (The Sacramento Bee) റിപ്പോര്‍ട്ടു ചെയ്യുന്നു. ''എന്നാല്‍ അവിടെ ഇനിയും പാമ്പുകൾ ഉണ്ടായേക്കും. പാമ്പുകള്‍ക്ക് ഇഷ്ടം പോലെ വരാനും പോകാനും കഴിയുന്ന സ്ഥലമാണ് അത്'', വുള്‍ഫ് പറയുന്നു. ഇതുവരെ ആകെ 88 റാറ്റില്‍ സ്‌നേക്കുകളെയാണ് ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
വീട്ടുടമസ്ഥയായ സ്ത്രീയുടെ പേരും അവരുടെ പ്രതികരണവും ഇതുവരെ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല. വീടിന്റെ അടിത്തറ പാറകള്‍ക്ക് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാലാണ് പാമ്പുകൾ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് വുള്‍ഫ് പറയുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സൊനോമ കൗണ്ടി റെപ്‌റ്റൈൽ റെസ്‌ക്യൂ പിടികൂടിയ പാമ്പുകളെ അജ്ഞാതമായ സ്ഥലത്ത് തുറന്നുവിട്ടു. തങ്ങളുടെ ഏജന്‍സി 'ഓരോ വര്‍ഷവും 1000ലധികം പാമ്പുകളെ കൈകാര്യം ചെയ്യുന്നതായി വുള്‍ഫ് വെളിപ്പെടുത്തി.
വടക്കന്‍ പസഫിക് റാറ്റില്‍സ്‌നേക്ക് എന്ന ഇനം പാമ്പുകളെയാണ് താന്‍ പിടികൂടിയതെന്ന് അദ്ദേഹം പറയുന്നു. ഇത് എലികളെയും ചെറിയ പക്ഷികളെയും ജീവികളെയും ഭക്ഷിക്കുകയും ഏകദേശം 5 അടി വരെ വളരുകയും ചെയ്യുന്നവയാണെന്ന് ദി റെപ്‌റ്റൈൽ ഡാറ്റാബേസ് പറയുന്നു. വസന്തകാലത്തിലാണ് റാറ്റില്‍സ്‌നേക്കുകള്‍ ഇണചേരുക. മിക്ക പാമ്പുകളും മുട്ടയിടുന്നവയാണെങ്കിലും റാറ്റില്‍സ്‌നേക്കുകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്. മുപ്പതോളം സ്പീഷീസുകളുള്ള റാറ്റില്‍ സ്‌നേക്കുകള്‍ക്ക് അനേകം ഉപസ്പീഷീസുകളുമുണ്ട്.
'ഓഗസ്റ്റിനും ഒക്ടോബറിനും ഇടയില്‍' ആണ് വടക്കന്‍ പസഫിക് റാറ്റില്‍സ്‌നേക്കുകളുടെ പ്രസവ കാലഘട്ടം. ഇവരിലെ പെണ്‍പാമ്പുകള്‍ 21 കുഞ്ഞുങ്ങളോളം പ്രസവിക്കുന്നുവെന്ന് സിയാറ്റിലിലെ (വാഷിംഗ്ടണ്‍) ബര്‍ക്ക് മ്യൂസിയം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Gold, Viral Photo, Wedding