• HOME
  • »
  • NEWS
  • »
  • buzz
  • »
  • ടെൻഷനടിച്ച് ജോലി ചെയ്യാൻ വയ്യ; സെമിത്തേരി സൂക്ഷിപ്പുകാരിയുടെ ജോലി തെരഞ്ഞെടുത്ത് ചൈനീസ് യുവതി

ടെൻഷനടിച്ച് ജോലി ചെയ്യാൻ വയ്യ; സെമിത്തേരി സൂക്ഷിപ്പുകാരിയുടെ ജോലി തെരഞ്ഞെടുത്ത് ചൈനീസ് യുവതി

ഏറ്റവും സമാധാനമുള്ള ജോലിയാണിതെന്നാണ് യുവതി പറയുന്നത്

(Credits: Reuters)

(Credits: Reuters)

  • Share this:
ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുറയ്ക്കാനും വ്യക്തി ജീവിതം കൂടുതല്‍ സന്തുലിതമാക്കാനും ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഇതിന് ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് 22കാരിയായ ചൈനീസ് യുവതി.

ജോലിയ്ക്കായി അവര്‍ തെരഞ്ഞെടുത്തത് ഒരു സെമിത്തേരിയാണ്. സ്വന്തം വീടിനടുത്തുള്ള സെമിത്തേരി സൂക്ഷിപ്പുകാരിയുടെ ജോലി ചെയ്താണ് യുവതി വര്‍ക്ക് ലൈഫ് ബാലന്‍സ് ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചൈനീസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങിയ യുവതിയാണ് ഈ ജോലി തിരഞ്ഞെടുത്തിരിക്കുന്നത്. പടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലുള്ള സെമിത്തേരിയിലാണ് ടാന്‍ എന്ന യുവതി ജോലി ചെയ്യുന്നത്. ഏറ്റവും സമാധാനമുള്ള ജോലിയാണിതെന്നാണ് യുവതി പറയുന്നത്.

Also Read- 55 വർഷം അന്വേഷിച്ച ശേഷം അച്ഛന്റെ ശവകുടീരം കണ്ടെത്താൻ തമിഴ്നാട് സ്വദേശി മലേഷ്യക്ക്

കഴിഞ്ഞ ദിവസമാണ് പുതിയ ജോലിസ്ഥലത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോ ടാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനില്‍ ആണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.

ഒരു സെമിത്തേരി സൂക്ഷിപ്പുകാരിയുടെ ജോലികള്‍ എന്തെല്ലാമാണെന്ന് നിങ്ങള്‍ക്ക് കാണിച്ചുതരാം എന്ന തലക്കെട്ടോടെയാണ് യുവതി വീഡിയോ ഷെയര്‍ ചെയ്തത്. വളരെ ലളിതമായ ജോലിയാണിത്. നിങ്ങള്‍ക്ക് സമാധാനവും ലഭിക്കും. അവിടെ നിറയെ പൂച്ചകളും നായ്ക്കുട്ടികളും ഉണ്ടെന്നും യുവതി പറയുന്നു.

തുടര്‍ന്ന് താന്‍ ചെയ്യുന്ന ഓരോ ജോലിയും അവര്‍ വീഡിയോയില്‍ പകര്‍ത്തി. ഓരോ ശവകൂടീരങ്ങളും വൃത്തിയാക്കുക, മരിച്ചയാളുടെ ബന്ധുക്കളെ സ്വീകരിക്കുക, ചടങ്ങുകള്‍ക്ക് ശേഷം ശവകൂടീരങ്ങളില്‍ നിന്ന് പൂക്കള്‍ മാറ്റുക, തുടങ്ങിയ ജോലികളാണ് താന്‍ ചെയ്യുന്നതെന്നാണ് ടാന്‍ വീഡിയോയിൽ പറയുന്നത്.

രാവിലെ 8.30 നാണ് ടാന്‍ ജോലി ആരംഭിക്കുന്നത്. വൈകുന്നേരം അഞ്ച് വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസവും അവര്‍ ജോലി ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണം കഴിക്കാന്‍ 2 മണിക്കൂറോളം ഇടവേള ലഭിക്കുമെന്നും ടാൻ പറയുന്നു. ഏകദേശം 45,760 രൂപ (4000 യുവാന്‍) ആണ് യുവതിയ്ക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം.

ടാനിന്റെ വീഡിയോ കണ്ട് പലരും നിരവധി സംശയങ്ങളും ആശങ്കകളുമായി മുന്നോട്ട് വന്നിരുന്നു. പ്രാചീനകാലത്ത് ഒരു ഭാഗ്യംകെട്ട പണിയായിട്ടാണ് ഈ ജോലിയെ എല്ലാവരും കണ്ടിരുന്നതെന്നും എന്നാല്‍ ആധുനിക കാലത്ത് ആ വിവേചനം കുറഞ്ഞിട്ടുണ്ടെന്നും ഒരാള്‍ കമന്റ് ചെയ്തത്.

ടാനിന്റെ ജോലി വളരെയധികം ഇഷ്ടപ്പെട്ടുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അധികം ആളുകളുമായി ഇടപെടേണ്ട ആവശ്യങ്ങള്‍ വരുന്നില്ലെന്നും ഓഫീസ് പൊളിറ്റിക്സിനെപറ്റി തലപുകഞ്ഞ് ആലോചിക്കേണ്ടി വരുന്നില്ലല്ലോ എന്നുമാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

അതേസമയം എല്ലാവരുടെയും ആശങ്കകള്‍ക്കും ടാന്‍ കൃത്യമായ മറുപടിയും നല്‍കിയിരുന്നു. താന്‍ ചെയ്യുന്നത് ഒരു സാധാരണ പണിയാണെന്നും അതില്‍ താന്‍ തൃപ്തയാണെന്നുമാണ് അവര്‍ പറഞ്ഞത്. നിലവിലെ ഈ ജോലിയില്‍ തന്നെ ഇനിയും തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Published by:Naseeba TC
First published: