വിനായക ചതുർത്ഥി ദിനത്തിൽ വിപണിയിൽ ഗണപതി വിഗ്രഹങ്ങൾ നിറയുന്നത് പതിവാണ്. വ്യത്യസ്ത രൂപത്തിലും വലിപ്പത്തിലുമുള്ള ഗണപതി വിഗ്രഹങ്ങൾ വളരെ ഭക്തിയോടും സർഗ്ഗാത്മകതയോടും കൂടിയാണ് കലാകാരന്മാർ രൂപകൽപ്പന ചെയ്യുന്നത്. എന്നാൽ സർഗ്ഗാത്മകത വെറും കളിമൺ കലാകാരന്മാർക്ക് മാത്രമായി പരിമിതപ്പെടുന്നില്ല. ചില പാചക കലാകാരന്മാരും തങ്ങളുടെ കഴിവുകൾ ഈ ദിനത്തിൽ പരീക്ഷിക്കാറുണ്ട്. ഇത്തരം ഒരു കലാകാരനാണ് ലുധിയാനയിലെ ബേക്കറിയിൽ ചോക്ലേറ്റു കൊണ്ട് ഗണപതി വിഗ്രഹം ഒരുക്കിയ ഹർജീന്ദർ സിംഗ് കുക്രേജ. തുടർച്ചയായ ആറാം വർഷമാണ് കുക്രേജ ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം രൂപകൽപ്പന ചെയ്യുന്നത്.
വ്യാഴാഴ്ച, കുക്രേജ ചോക്ലേറ്റ് ഗണപതി വിഗ്രഹത്തിന്റെ ചിത്രം ഒരു ഇൻസ്റ്റാഗ്രാം റീൽസിൽ പോസ്റ്റ് ചെയ്തിരുന്നു. ചോക്ലേറ്റ് നിറത്തിലുള്ള ഗണപതി വിഗ്രഹത്തെ മനോഹരമാക്കാൻ കിരീടവും ആഭരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ സ്വർണ്ണ നിറം കൊണ്ടാണ് അവ അലങ്കരിച്ചിരിക്കുന്നത്. 200 കിലോഗ്രാം ശുദ്ധമായ ബെൽജിയൻ ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ച വിഗ്രഹം ലുധിയാനയിലെ സരഭ നഗറിലെ കുക്രേജയുടെ ബേക്കറി-കം-ചോക്ലേറ്റ് സ്റ്റോറായ ബെൽഫ്രാൻസിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
10 പാചകക്കാർ ചേർന്ന് 10 ദിവസം കൊണ്ടാണ് ഈ പരിസ്ഥിതി സൗഹൃദ ഗണപതിയെ നിർമ്മിച്ചത്. 200 കിലോയ്ക്ക് മുകളിൽ ബെൽജിയൻ ചോക്ലേറ്റു കൊണ്ടാണ് വിഗ്രഹം തയ്യാറാക്കിയതെന്ന് കുക്രേജ വ്യക്തമാക്കി. "നമ്മുടെ ഭക്ഷ്യയോഗ്യമായ ചോക്ലേറ്റ് ഗണേശൻ എല്ലാ നല്ല കാര്യങ്ങളുടെയും മധുരസ്മരണയാണ്. ചേരി പ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികൾക്ക് ചോക്ലേറ്റ് മിൽക്ക് പ്രസാദ് വിതരണം ചെയ്യാൻ ഈ വിഗ്രഹം ഉപയോഗിക്കുമെന്നും ബേക്കറി ഉടമ വ്യക്തമാക്കി.
കുക്രേജയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് നിരവധി പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 2016ലാണ് ആദ്യമായി ചോക്ലേറ്റ് ഗണേശ വിഗ്രഹം തയ്യാറാക്കിയത്. ഭക്ഷ്യയോഗ്യമായ ഗണപതി വിഗ്രഹം സൃഷ്ടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കുക്രേജ വ്യക്തമാക്കി. എന്തെങ്കിലും തകരാർ സംഭവിച്ചാൽ പിന്നീട് ആദ്യം മുതൽ വിഗ്രഹം തയ്യാറാക്കേണ്ടി വരുമെന്ന് കുക്രേജ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
രാജ്യമെമ്പാടും ഹിന്ദുമത വിശ്വാസികൾ ആഘോഷിക്കുന്ന ഒരു മഹോത്സവമാണ് വിനായക ചതുര്‍ത്ഥി. 10 ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഭക്തര്‍ മനോഹരമായി കൊത്തിയെടുത്തതും പെയിന്റു ചെയ്ത് അലങ്കരിച്ചതുമായ ഗണേശ വിഗ്രഹങ്ങള്‍ വീട്ടിൽ ഒരുക്കും. ശേഷം പുഷ്പങ്ങളും പ്രസാദങ്ങളും അര്‍പ്പിച്ച് പൂജ ചെയ്യും. ഹിന്ദു വിശ്വാസമനുസരിച്ച് ഏതൊരു പ്രധാന കാര്യവും ആരംഭിക്കുമ്പോൾ അത് വിജയകരമായി പൂർത്തിയാക്കാൻ ഭക്തർ വിശ്വാസത്തോടെ വിളിക്കാറുള്ളത് ഗണപതി ഭഗവാനെയാണ്. അദ്ദേഹത്തെ മനസ്സിൽ ധ്യാനിച്ച് തുടങ്ങുന്ന പ്രവർത്തികൾ തടസങ്ങൾ ഇല്ലാതെ പൂർത്തിയാക്കാൻ കഴിയും എന്നാണ് വിശ്വാസം. തടസങ്ങൾ അഥവാ വിഘ്നങ്ങൾ അകറ്റുന്നതിനാലാണ് അദ്ദേഹത്തെ വിഘ്നേശ്വരൻ എന്ന് വിളിക്കുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.