ബംഗളൂരുവില്‍ സ്കൂളുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് കോണ്ടവും ഗർഭനിരോധന ഗുളികകളും സിഗരറ്റും കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്കൂള്‍ അധികൃതരെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ, കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍, ലൈറ്ററുകള്‍, സിഗരറ്റുകള്‍, വൈറ്റ്നറുകള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത്. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ബാഗുകളാണ് പരിശോധിച്ചത്. നഗരത്തിലെ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നുണ്ടെന്ന് നിരവധി ആളുകള്‍ പരാതിപ്പെട്ടതോടെയാണ് സ്കൂള്‍ അധികൃതര്‍ ബാഗുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. കര്‍ണാടകയിലെ പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളുടെ അസോസിയേറ്റഡ് മാനേജ്മെന്റാണ് (KAMS) സ്കൂളുകളോട് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Also read: വിവാഹസല്‍ക്കാര ചടങ്ങിനിടെ വേദിയില്‍ വച്ച് വരൻ പരസ്യമായി ചുംബിച്ചു; വധു ബന്ധം ഉപേക്ഷിച്ചു
സംഭവത്തിനു പിന്നാലെ, ചില സ്കൂളുകളില്‍ രക്ഷാകര്‍തൃ-അധ്യാപക മീറ്റിങ്ങുകള്‍ വിളിച്ചിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഇത് ഞെട്ടലുണ്ടാക്കിയെന്ന് നഗരഭാവിയിലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു. കുട്ടികളുടെ പെരുമാറ്റത്തില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങളെ കുറിച്ചും രക്ഷിതാക്കള്‍ തങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി സ്കൂളുകള്‍ രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. പകരം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.
” ഞങ്ങള്‍ക്ക് സ്കൂളുകളില്‍ കൗണ്‍സിലിംഗ് സെഷനുകള്‍ ഉണ്ടെങ്കിലും, കുട്ടികള്‍ക്ക് പുറത്തുനിന്ന് കൗണ്‍സിംലിംഗ് നല്‍കാനാണ് അവരുടെ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 10 ദിവസം വരെ അവര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്, ” പ്രിന്‍സിപ്പല്‍ പറഞ്ഞു.
പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ബാഗില്‍ കോണ്ടം ഉണ്ടായിരുന്നതായി പരിശോധന നടത്തിയ ഒരു സ്കൂളിലെ പ്രിന്‍സിപ്പല്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ സുഹൃത്തുക്കളുടെ മേല്‍ പഴിചാരാനാണ് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നഗരത്തിലെ 80 ശതമാനം സ്കൂളുകളിലും പരിശോധന നടത്തിയിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ഗര്‍ഭനിരോധന ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ചില വിദ്യാര്‍ത്ഥികളുടെ വാട്ടര്‍ ബോട്ടിലുകളില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് കെഎഎംഎസ് ജനറല്‍ സെക്രട്ടറി ഡി ശശി കുമാര്‍ പറഞ്ഞു.
രാജ്യത്തെ കുട്ടികളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്. 2019 മെയ് മുതല്‍ 2020 ജൂണ്‍ വരെ ഇന്ത്യയിലെ 10 നഗരങ്ങളില്‍ നിന്നുള്ള 6,000-ലധികം സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേയില്‍, 10 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. സിഗരറ്റ്, മദ്യം, കഞ്ചാവ്, ഒപിയോയിഡുകള്‍, ഇന്‍ഹലന്റുകള്‍ എന്നിവയാണ് അവര്‍ ഉപയോഗിക്കുന്ന ലഹരിവസ്തുക്കളില് ഭൂരിഭാഗവും. 2007ല്‍, കര്‍ണാടക സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിരുന്നു.
Summary: Surprise inspection conducted in a school unearthed cigarettes condoms and contraceptives from the bags of school students
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: School students, Students