മുന്തിരി നമ്മള് പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുന്തിരി (grapes) ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചു വെയ്ക്കുന്നതിനുള്ള ഒരു പരമ്പരാഗത രീതിയാണ് അഫ്ഗാനിസ്ഥാനിലെ (afganistan) ഒരു കച്ചവടക്കാരന് നമുക്ക് കാണിച്ചു തരുന്നത്. അദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കളിമണ്ണാണ് (clay) പ്രകൃതിദത്തമായ രീതിയില്‍ മുന്തിരി ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്. സൗദ് ഫൈസല്‍ മാലിക് എന്ന പേരിലുള്ള ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ മുന്തിരി കളിമണ്ണില്‍ പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിച്ച മുന്തിരി ഒരു വര്‍ഷമോ അതിലധികമോ പഴയതു പോലെ തന്നെയിരിക്കുമെന്നും ഉപയോക്താവ് പറയുന്നു. കളിമണ്ണ് കൊണ്ട് പൊതിഞ്ഞ മുന്തിരിയുമായി പോകുന്ന ഒരു ഉന്തുവണ്ടിയാണ് വൈറലായ വീഡിയോയില്‍ ആദ്യം കാണാന്‍ കഴിയുന്നത്. പിന്നീട് ഒരാള്‍ അതില്‍ നിന്ന് ഒരു കളിമണ്‍ പാത്രമെടുത്ത് ശ്രദ്ധാപൂര്‍വ്വം പൊട്ടിക്കുന്നുണ്ട്. തുറന്നുനോക്കുമ്പോള്‍ കാണുന്നത് കേടുകൂടാതെ ഇരിക്കുന്ന മുന്തിരിയാണ്. ഏപ്രില്‍ 17ന് പോസ്റ്റ് ചെയ്ത് വീഡിയോ 2.1 മില്യണിലധികം കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
മുന്തിരിത്തോട്ടങ്ങളും ഫല വൃക്ഷങ്ങളും മഞ്ഞുമൂടിയ പര്‍വ്വതങ്ങളും കൊണ്ട് ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനിലാണ് ഈ പരമ്പരാഗത രീതി പിന്തുടരുന്നത്. ഒരു പുരാവസ്തു ഗവേഷകന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതൽ അഫ്ഗാനിസ്ഥാനില്‍ ഈ രീതി നിലവിലുണ്ടെന്നാണ്. കങ്കിന എന്നാണ് അത് അറിയപ്പെടുന്നത്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ ഉപയോഗിക്കുന്ന മണ്‍ഭരണികള്‍ ശൈത്യകാലത്ത് പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കുന്നു.
ലോകത്തില്‍ പല വിലയിലുള്ള മുന്തിരികള്‍ ലഭ്യമാണ്. ലക്ഷങ്ങള്‍ വിലയുള്ള മുന്തിരിയും ഇക്കൂട്ടത്തിലുണ്ട്. 2019ല്‍ ജപ്പാനില്‍ റെക്കോര്‍ഡ് വിലയ്ക്ക് ലേലം ചെയ്തത മുന്തിരിയെ റോള്‍സ് റോയ്സ് മുന്തിരി എന്നാണ് വിളിക്കുന്നത്.
Also Read-
Quockerwodger- വീണ്ടും പുതിയ വാക്ക് പരിചയപ്പെടുത്തി തരൂർ; അർഥമെന്ത്?
റൂബി റോമന്‍ മുന്തിരിയെന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. കുറഞ്ഞ അസിഡിറ്റിയും ഉയർന്ന പഞ്ചസാരയുടെ അളവുമാണ് ഈ മുന്തിരിയുടെ പ്രത്യേകത. ചുവന്ന നിറമുള്ള ഈ മുന്തിരിക്ക് ഒരു പിംഗ് പോംഗ് ബോളിന്റെ വലുപ്പമാണ് ഉള്ളത്. വളരെ അപൂര്‍വമായി മാത്രമാണ് ഈ മുന്തിരി കണ്ടു വരുന്നത്. ഓരോ മുന്തിരിക്കും ഇരുപതു ഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടാകാറുണ്ട്.
ഈ ചുവന്ന നിറമുള്ള മുന്തിരി 2008ലാണ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ചത്. സമ്മാനങ്ങളായോ ബിസിനസ് ആവശ്യങ്ങള്‍ക്കായോ മാത്രമാണ് ഈ പഴം ജപ്പാനിലുള്ളവര്‍ വാങ്ങുന്നത്. 2019ല്‍ ഈ മുന്തിരിയുടെ ഒരു ചെറിയ കുല വിറ്റുപോയത് 7,55,000 രൂപയ്ക്ക് ആയിരുന്നു. അതായത് ഒരു മുന്തിരിയുടെ വില 35,000 രൂപയാണെന്ന് ചുരുക്കം.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള രുചികരമായ പഴങ്ങളില്‍ ഒന്നാണ് മുന്തിരി. പച്ചമുന്തിരിയെക്കാൾ കറുത്ത മുന്തിരിക്കാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ഉള്ളത്. കറുത്ത മുന്തിരിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.