• HOME
 • »
 • NEWS
 • »
 • buzz
 • »
 • Greta Thunberg | 'ചരിത്രം നിങ്ങളെ വിലയിരുത്തും': കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശക്തമായ കത്തുമായി ഗ്രെറ്റ തന്‍ബെര്‍ഗും വനേസ നകേറ്റും

Greta Thunberg | 'ചരിത്രം നിങ്ങളെ വിലയിരുത്തും': കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശക്തമായ കത്തുമായി ഗ്രെറ്റ തന്‍ബെര്‍ഗും വനേസ നകേറ്റും

കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാന വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു അവരുടെ കത്ത്

 • Last Updated :
 • Share this:
  കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് (Climate Change) കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തകരായ ഗ്രെറ്റ തന്‍ബര്‍ഗും (Greta Thunberg) വനേസ നകേറ്റും ചേർന്ന് ആഗോള മാധ്യമങ്ങള്‍ക്ക് ഒരു തുറന്ന കത്ത് എഴുതി. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാന വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു അവരുടെ കത്ത്. ഒക്ടോബര്‍ 29-ന് 'ടൈം' മാസികയില്‍ (Time Magazine) ആ തുറന്ന കത്ത് (Open Letter) പ്രസിദ്ധീകരിച്ചു. 'ചരിത്രം നിങ്ങളെ വിലയിരുത്തും' എന്ന് പ്രസ്താവിക്കുന്ന ആ കത്തിൽ ആക്ടിവിസ്റ്റുകൾ കാലാവസ്ഥാ റിപ്പോര്‍ട്ടിന് ആവശ്യമായ മൂന്ന് പ്രധാന ഘടങ്ങള്‍ വിശദീകരിക്കുന്നു. 'സമയം', 'സമഗ്രമായ ചിന്ത', ഏറ്റവും പ്രധാനമായി 'നീതി' എന്നിവയാണ് ആ മൂന്ന് ഘടകങ്ങളെന്ന് കത്തിൽ വ്യക്തമാക്കുന്നു.

  കാലാവസ്ഥാ പ്രതിസന്ധിയുടെ വാര്‍ത്തകളില്‍, വിഷയത്തിന്റെ അടിയന്തിരപ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ 'ടിക്കിംഗ് ക്ലോക്ക്' എന്ന ആശയം ഉള്‍പ്പെടുത്തണമെന്ന് ഗ്രെറ്റയും വനേസയും കത്തില്‍ പറയുന്നു. 'ഉയര്‍ന്ന വരുമാനമുള്ള രാഷ്ട്രങ്ങളെയും മലിനീകരണത്തിന് കാരണക്കാരായ വമ്പന്മാരെയും' ലേഖനങ്ങളില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ സമഗ്രമായ ചിന്താഗതി ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. ഇത് സാധ്യമാകണമെങ്കില്‍, ലഭ്യമായ വിവരങ്ങളോടുള്ള സമീപനം സമഗ്രമായിരിക്കണം. കാലാവസ്ഥാ പ്രതിസന്ധിയെ മാനുഷികമായി സമീപിക്കുമ്പോള്‍ മൂന്നാമത്തെ ഘടകമായ'നീതി' അത്യാവശ്യമാണ്.

  ''ചരിത്രം നിങ്ങളെ വിലയിരുത്തും' എന്ന അടിക്കുറിപ്പോടെയാണ് തന്‍ബര്‍ഗ് ട്വിറ്ററില്‍ ലേഖനം പങ്കുവെച്ചത്. ''ഞാനും വനേസയും, ലണ്ടനില്‍ മാധ്യമ പ്രമുഖരും ചീഫ് എഡിറ്റര്‍മാരുമായും കൂടിക്കാഴ്ച നടത്തി. ആഗോള മാധ്യമങ്ങള്‍ക്കുള്ള ഞങ്ങളുടെ തുറന്ന കത്ത് ഇതാ.'' എന്നായിരുന്നു അവര്‍ ട്വീറ്റ് ചെയ്തിരുന്നത്. ''നിങ്ങളുടെ വാര്‍ത്തകളില്‍ ടിക്കിംഗ് ക്ലോക്ക് എന്ന ആശയം ഉള്‍പ്പെടുന്നില്ലെങ്കില്‍, കാലാവസ്ഥാ പ്രതിസന്ധി മറ്റ് വാര്‍ത്തകള്‍ പോലെ തന്നെ ഒരു രാഷ്ട്രീയ വിഷയം മാത്രമാവും", തൻബർഗും സുഹൃത്തും കത്തിൽ വിശദീകരിക്കുന്നു.

  "നിലവില്‍, ഉയര്‍ന്ന വരുമാനമുള്ള രാഷ്ട്രങ്ങളെയും വന്‍കിട മലിനീകരണക്കാരെയും നിങ്ങള്‍ ഒഴിവാക്കുന്നു. കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ ഗ്ലോബല്‍ സൗത്ത് (വരുമാനം കുറവുള്ള രാജ്യങ്ങള്‍) മുന്‍നിരയിലാണെങ്കിലും, ഉയര്‍ന്ന വരുമാനമുള്ള രാഷ്ട്രങ്ങളെ കഴിഞ്ഞ 30 വര്‍ഷമായി അവര്‍ സൃഷ്ടിച്ച അപൂര്‍ണ്ണമായ സ്ഥിതിവിവരക്കണക്കുകള്‍, പഴുതുകള്‍, വാചാടോപങ്ങള്‍ എന്നിവയ്ക്ക് പിന്നില്‍ ഒളിപ്പിച്ചു നിർത്താൻ നിങ്ങൾ ശ്രമിക്കുന്നു. ലോകത്തിലെ പത്രങ്ങളുടെ മുന്‍ പേജുകളില്‍ അവർ ഒരിക്കലും പരാമർശിക്കപ്പെടില്ല.'', കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള ആഗോള അവബോധം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ളഉത്തരവാദിത്തം ആവര്‍ത്തിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

  തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളും സാധ്യതകളും ഉപയോഗിച്ച് ഒറ്റ രാത്രികൊണ്ട് കഥ മാറ്റിയെഴുതാൻ കഴിയുന്ന മാധ്യമങ്ങളുടെ സജീവ പങ്കാളിത്തത്തോടെ കാലാവസ്ഥ പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥകള്‍ ഇനിയാണെങ്കിലും ഒഴിവാക്കാനാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. തന്‍ബര്‍ഗിന്റെ പോസ്റ്റിന് കീഴില്‍, പലരും അവരുടെ ആക്ടിവിസത്തിനും ഉറച്ചവിമര്‍ശനത്തിനും നന്ദി പറഞ്ഞു. അതേസമയം ട്രോളുകളും പോസ്റ്റിന് നേരിടേണ്ടി വന്നു. ഒക്ടോബര്‍ 31-ന് ഒരു ഘട്ടത്തില്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ 'ഗ്രെറ്റ തന്‍ബര്‍ഗ്' ട്രെന്‍ഡിംഗുമായി ബന്ധപ്പെട്ട് വാദങ്ങളും പ്രതിവാദങ്ങളും ഉണ്ടായി.

  COP26 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി, തന്‍ബെര്‍ഗ് ഗ്ലാസ്ഗോയിലെത്തിയിരുന്നു. മെട്രോ യുകെയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ശനിയാഴ്ച വൈകുന്നേരം ഗ്ലാസ്ഗോ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഒരു കൂട്ടം ആരംധകര്‍ അവരെ വളഞ്ഞിരുന്നു. COP26 ന്റെ ഫലത്തില്‍ തന്‍ബെര്‍ഗ് വലിയ പ്രതീക്ഷ പ്രകടിപ്പിച്ചില്ല. വിനാശകരമായ ആഗോളതാപനം ഒഴിവാക്കാനുള്ള മനുഷ്യരാശിയുടെ അവസാന അവസരമായി കണക്കാക്കപ്പെടുന്ന വരാനിരിക്കുന്ന ചര്‍ച്ചകള്‍ വലിയ മാറ്റങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.
  Published by:Karthika M
  First published: