ചർച്ചകൾ ചൂടു പിടിച്ച് മുന്നേറുന്നതിനിടയിലാണ് എല്ലാത്തിനും ബ്രേക്ക് ഡൗൺ ഇട്ട് ക്ലബ് ഹൗസ് പണി മുടക്കിയത്. ഇന്ന് രാത്രി ഒമ്പതര - പത്തുമണിയൊടെയാണ് ക്ലബ് ഹൗസ് പണിമുടക്കിയത്. തുടർന്ന് പത്തേമുക്കാലോടെ കുറച്ചൊക്കെ സ്ഥിതിഗതികൾ ശരിയായി വന്നിട്ടുണ്ട്.
അതേസമയം, ക്ലബ് ഹൗസിനുണ്ടായ എറർ ചർച്ചയാക്കി മറ്റു ചില മിടുക്കൻമാർ. ക്ലബ് ഹൗസ് തുറന്ന് നോക്കുമ്പോൾ ചിലർക്ക് ചർച്ച നടക്കുന്ന റൂമുകളിലേക്ക് കയറാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു. അതേസമയം, മറ്റു ചില റൂമുകൾ നിശ്ചലമായി പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ക്ലബ് ഹൗസിൽ പല റൂമുകളിലായി പലരും പെട്ടുപോയി. അനക്കമൊന്നും കാണാതെ പുറത്തേക്ക് പോയവർ പക്ഷേ ക്ലബ് ഹൗസിന്റെ കണക്കിൽ പുറത്തേക്ക് പോയില്ല.
അതേസമയം, ഇതിലൊക്കെ രസം എറർ ഉള്ളവർക്ക് ഒത്തു കൂടാൻ ഉള്ള ക്ലബ് തന്നെ തുറന്നു ക്ലബ് ഹൗസിൽ ചിലർ. അതിന്റെ പേര് ഇങ്ങനെ, 'എറർ ഉള്ളവർക്ക് ഒത്തുകൂടാൻ ഉള്ള ക്ലബ് - കേറി വാ മക്കളേ' എന്നായിരുന്നു അതിന്റെ പേര്. അവിടെ എത്തിവർ ആദ്യം ചർച്ച ചെയ്തത് ക്ലബ് ഹൗസിന്റെ എററിനെക്കുറിച്ച് ആയിരുന്നെങ്കിലും തുടർന്ന് സംസാരം ക്ലബ് ഹൗസിലെ വിവിധ റൂമുകളെക്കുറിച്ചും ക്ലബ് ഹൗസ് പ്രവർത്തനങ്ങളെക്കുറിച്ചും ആയിരുന്നു.
'തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം': കുട്ടനാടൻ പുഞ്ചയിലെ പാടി സോഷ്യൽ മീഡിയ കീഴടക്കി അസമീസ് സഹോദരിമാർ
എങ്ങനെയാണ് ക്ലബ് ഹൗസ് പ്രവർത്തനം നടക്കുന്നത്?
ക്ലബ് ഹൗസിൽ നമുക്ക് ഇഷ്ടമുള്ള വിഷയത്തെക്കുറിച്ച് സംസാരിക്കാം. ഇഷ്ടമുള്ള വിഷയത്തിൽ സംസാരം നടക്കുന്നയിടത്ത് നമുക്ക് കേൾവിക്കാരനായി ഇരിക്കാം. ക്ലബ് ഹൗസിൽ നമുക്ക് ചർച്ച നടത്താൻ ആദ്യം ഒരു റൂം തുറക്കുകയാണ്. ക്ലോസ്ഡ് റൂം ആയും എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാവുന്ന വിധത്തിലായും റൂമുകൾ തുറക്കാവുന്നതാണ്.
അയ്യായിരം പേരെ വരെ ഒരു റൂമിൽ ഉൾപ്പെടുത്താമെന്നാണ് ക്ലബ് ഹൗസ് പറയുന്നതെങ്കിലും 8000 പേരു വരെയുള്ള റൂമുകളും ക്ലബ് ഹൗസിൽ ഉണ്ടാകാറുണ്ട്. റൂം ക്രിയേറ്റ് ചെയ്യുന്ന വ്യക്തി ആയിരിക്കും ആ റൂമിന്റെ മോഡറേറ്റർ. മോഡറേറ്ററുടെ ക്ഷണം ലഭിച്ച് എത്തുന്നവർക്ക് ചർച്ചയിൽ സംസാരിക്കാം. ഓപ്പൺ റൂമിൽ എന്താണ് ചർച്ച നടക്കുന്നതെന്ന് കാപ്ഷനായി നൽകാം. താൽപര്യമുള്ളവർക്ക് ഇത് കാണുമ്പോൾ ആ റൂമിൽ കയറി ചർച്ച കേൾക്കാവുന്നതാണ്. എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്താൻ ഉണ്ടെങ്കിൽ കൈ ഉർത്താവുന്നതാണ്. എന്നാൽ, മോഡറേറ്റർ അനുമതി നൽകിയാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കാൻ കഴിയൂ.
2020 മാർച്ചിൽ ഐ ഒ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തനം ആരംഭിച്ച ക്ലബ് ഹൗസ് 2021 മെയ് മുതലാണ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമായത്. പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഈ ആപ്ലിക്കേഷൻ പ്രതിവാരം 10 ദശലക്ഷത്തിലധികം ആളുകൾ സജീവമായി ഉപയോഗിക്കുന്നുണ്ട്. ടോക് ഷോ എന്ന പേരിൽ ആരംഭിച്ച ഈ ആപ്പ് അതിന്റെ സ്ഥാപകരായ പോൾ ഡേവിസണും രോഹൻ സേത്തും പോഡ്കാസ്റ്റുകൾ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരുന്നത്. ഒപ്ര, ഇലോൺ മസ്ക്, മാർക്ക് സുക്കർബർഗ് തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങൾ അംഗങ്ങളായതോടെ ആപ്പിന്റെ ജനപ്രീതി വർദ്ധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Clubhouse, Clubhouse app