News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 26, 2021, 3:03 PM IST
News18 Malayalam
കോട്ടയം: കുഞ്ഞ് ജെസ്റ്റിന് പിറന്നാൾ സമ്മാനമായി വാങ്ങി നൽകിയ സൈക്കിൾ മോഷണം പോയതും അതുമായി ബന്ധപ്പെട്ട പിതാവിന്റെ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നെഞ്ചുപിളർത്തുന്ന ആ കുറിപ്പ് കള്ളൻ കണ്ടില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന പുതിയ സൈക്കിളുമായി സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി. സൈക്കിൾ ജെസ്റ്റിന് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും. നിരവധി പേര് ഫോണിൽ വിളിച്ച് സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.
ഉരുളിക്കുന്നം കണിച്ചേരിയിൽ സുനീഷ് ജോസഫ് തന്റെ മകൻ ജെസ്റ്റിന്റെ ഒൻപതാം പിറന്നാളിന്, കൃത്യം മൂന്ന് മാസം മുൻപ് വാങ്ങി നൽകിയതായിരുന്നു ഈ സൈക്കിൾ. അവൻ ഒന്ന് ഉരുട്ടി കൊതിതീരും മുൻപാണ് മോഷ്ടാവ് സൈക്കിളുമായി കടന്നത്. ആറായിരം രൂപയാണ് സൈക്കിളിന്റെ വില. പക്ഷെ ജന്മനാ വൈകല്യമുള്ള സുനീഷ് ഈ പിറന്നാൾ സമ്മാനം വാങ്ങാനായി എടുത്ത അധ്വാനം മനസ്സിലാക്കിയിരുന്നെങ്കിൽ മോഷ്ടിക്കാൻ ആരും മുതിരുമായിരുന്നില്ല.
സുനീഷ് ജോസഫിന്റെ ജീവിത കഥ ഇങ്ങനെ
കോട്ടയം ജില്ലയിലെ പൈക - ചെങ്ങളം റോഡിൽ ഇല്ലിക്കോൺ ജംഗ്ഷനിലെ കൊച്ചുവീടാണ് സുനീഷിന്റേത്. കണിച്ചേരിൽ എന്ന ഈ വീട്ടിൽ 35കാരനായ സുനീഷ് ജോസഫ്, ഭാര്യ ജിനി, മക്കൾ നാലാം ക്ലാസ് വിദ്യാർഥി ജെസ്റ്റിൻ, ഒന്നാം ക്ലാസ് വിദ്യാർഥിനി ജെസ്റ്റിയ എന്നിവരാണ് കഴിയുന്നത്. വൈകല്യത്തോടെയാണ് സുനീഷ് പിറന്നത്. കാലുകൾ കുറുകി അരക്കെട്ടോട് ചേർന്ന് പിന്നിൽ പിണച്ചുവെച്ചനിലയിലാണ്. കൈകൾ ശോഷിച്ചത്. വലതുകൈക്കാകട്ടെ തീരെ സ്വാധീനവുമില്ല. എല്ലാവരെയും പോലെ കസേരയിൽ ഒന്ന് ഇരിക്കാൻ പോലും സുനീഷിന് കഴിയില്ല.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ എം അഞ്ജന നേരിട്ടെത്തി ജെസ്റ്റിന് സൈക്കിൾ നൽകിയപ്പോൾ. എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി സമീപം.
വീടിനുള്ളിൽ സഞ്ചരിക്കുന്നത് പോലും ഒരു കൈകുത്തി അതിന്റെ ബലത്തിൽ കമിഴ്ന്ന് നീന്തിയാണ്. കട്ടിലിൽ മലർന്നുകിടക്കാൻ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം. എങ്കിലും തനിക്കും കുടുംബത്തിനുമായി തളരാതെ ജീവിതം കെട്ടിപ്പടുത്ത അത്ഭുതമാണ് സുനീഷിന്റെ ജീവിതം. പി പി റോഡിൽ കുരുവിക്കൂട്ട് കവലയിൽ അഞ്ച് വർഷമായി കോമൺ സർവീസ് സെന്റർ നടത്തി അതിൽനിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് സുനീഷ്. ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കൾ എടുത്ത് കാറിൽ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ.
Also Read-
പ്രിയ മോഷ്ടാവേ, കട്ടെടുത്ത ഈ സാധനത്തിന്റെ വില അറിയുമോ?; ഇതിന് പിന്നിലെ അധ്വാനവും; നൊമ്പരമായി ഒരു കുറിപ്പ്
ഓഫീസിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യണമെങ്കിൽ കസേരയിൽ ഇരിക്കാനാകില്ല. പ്രത്യേകം നിർമിച്ച സോഫയിൽ കമിഴ്ന്നുകിടന്നാണ് കമ്പ്യൂട്ടറിൽ ടൈപ്പിങ് നടത്തുന്നത്. സുനീഷ് ഈ സങ്കടങ്ങളൊന്നും പറഞ്ഞില്ലെങ്കിലും തന്റെ മോന്റെ സൈക്കിൾ ഏതെങ്കിലും ആക്രിക്കടയിൽ കണ്ടാൽ അറിയിക്കണമെന്ന അഭ്യർഥന മാത്രമാണ് ഫേസ്ബുക്കിൽ കുറിച്ചത്.
Published by:
Rajesh V
First published:
January 26, 2021, 3:03 PM IST