• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആശുപത്രിയിൽ കയറിയ മൂർഖനെ രണ്ടു ദിവസത്തിനുശേഷം പിടികൂടി

ആശുപത്രിയിൽ കയറിയ മൂർഖനെ രണ്ടു ദിവസത്തിനുശേഷം പിടികൂടി

ആദ്യം പാമ്പിനെ കണ്ടപ്പോൾ ചേരയാണെന്ന് കരുതി ഓടിച്ചു വിടാന്‍ ശ്രമിച്ചപ്പോഴാണ് പത്തി വിടര്‍ത്തിയത്. ഇതോടെയാണ് മൂർഖൻ പാമ്പാണെന്ന് വ്യക്തമായത്

cobra

cobra

  • Last Updated :
  • Share this:
    മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കയറിയ മൂർഖൻ പാമ്പിനെ ഒടുവിൽ പിടികൂടി. ആശുപത്രിയിലെ ഫാര്‍മസിയുടെ ശീതീകരിച്ച സ്റ്റോര്‍ മുറിയിലാണ് മൂര്‍ഖന്‍ പാമ്പ് കയറിയത്. കഴിഞ്ഞ ദിവസം മരുന്നെടുക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഫ്രീസറിനോട് ചേര്‍ന്ന വിടവില്‍ തണുപ്പ് പറ്റി കിടക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ് എത്തിയ പാമ്പിനെ പിന്നീട് അവിടെ കണ്ടില്ല.

    ആദ്യം പാമ്പിനെ കണ്ടപ്പോൾ ചേരയാണെന്ന് കരുതി ഓടിച്ചു വിടാന്‍ ശ്രമിച്ചപ്പോഴാണ് പത്തി വിടര്‍ത്തിയത്. ഇതോടെയാണ് മൂർഖൻ പാമ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വനംവകുപ്പിന് കീഴിലുള്ള എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സിന്റെ സ്‌നേക് ക്യാച്ചര്‍ അരഞ്ഞിക്കല്‍ അബ്ദുല്‍ മജീദ് എത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

    ഫാർമസി സ്റ്റോറിലെ ഇടുങ്ങിയ മുറിയില്‍ പാമ്പ് ഒളിച്ചു. വെള്ളിയാഴ്ച രാവിലെ പാമ്പിനെ പിടികൂടാൻ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതോടെയാണ് ആശുപത്രി ജീവനക്കാർക്ക് ശ്വാസം നേരെ വീണത്. മരുന്ന് എടുക്കാൻ ഫാർമസിയിലെ വനിതാ ജീവനക്കാർ ഇടയ്ക്കിടെ സ്റ്റോർ റൂമിൽ എത്താറുണ്ട്. പാമ്പിനെ കണ്ടെന്ന് വാർത്ത പരന്നതോടെ ആരും ഇവിടേക്ക് വരാൻ തയ്യാറായിരുന്നില്ല. ഭിത്തിയില്‍ കേബിളിന്റെ ദ്വാരം വഴി ആണ് പാമ്പ് സ്റ്റോറില്‍ കടന്നതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. പിടികൂടിയ പാമ്പിനെ പിന്നീട് നിലമ്പൂരിന് സമീപം വനത്തിൽ തുറന്നു വിട്ടു.

    Also Read- ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പത്തിവിടർത്തി മൂർഖൻ; യുവാക്കൾ ചാടി രക്ഷപെട്ടു

    കുറച്ചുനാൾ മുമ്പ് മൂർഖൻ പാമ്പിന് കുപ്പിയിൽ നിന്ന് വെള്ളം കൊടുക്കുന്നയാളുടെ വീഡിയോ ട്വിറ്ററിൽ വൈറലായിരുന്നു. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് വീഡിയോ ആദ്യമായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വീണ്ടും ഷെയർ ചെയ്തതിനെ തുടർന്നാണ് വീഡിയോ വീണ്ടും വൈറലായി മാറിയത്. 17 സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോ ക്ലിപ്പിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പാമ്പിന് പ്ലാസ്റ്റിക് കുപ്പിലാണ് വെള്ളം കൊടുക്കുന്നത്. സൗമ്യനായി മൂർഖനെ തലയിൽ തൊട്ട് കുപ്പിയോട് അടുപ്പിച്ചാണ് ഇദ്ദേഹം വെള്ളം കൊടുക്കുന്നത്. ദാഹം ഉണ്ടെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ പാമ്പ് വെള്ളം വേഗത്തിൽ കുടിക്കുകയും ചെയ്യുന്നുണ്ട്.

    'സ്നേഹവും വെള്ളവും ജീവിതത്തിലെ രണ്ട് പ്രധാന ചേരുവകകൾ' ആണെന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ട്വിറ്ററിൽ വീഡിയോ ക്ലിപ്പ് ഷെയർ ചെയ്തത്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ഏകദേശം 9,000 പേർ വീഡിയോ കണ്ടു. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു പാമ്പിന്റെ അടുക്കൽ ഇരുന്ന് വെള്ളം കൊടുക്കാൻ ഇത്രയധികം ധൈര്യവും അനുകമ്പയും കാണിച്ചതിന് നിരവധി ട്വിറ്റർ ഉപഭോക്താക്കൾ വനം വകുപ്പ് ഉദ്യോഗസ്ഥനെ പ്രശംസിച്ചു. പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ പാമ്പുകളോട് അടുക്കരുതെന്ന മുന്നറിയിപ്പ് കൂടി വീഡിയോയിൽ ഉണ്ടായിരിക്കേണ്ടിയിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു.
    Published by:Anuraj GR
    First published: