കണ്മുന്നില് കാണുന്നതെല്ലാം വായിലിടുന്നത് കുട്ടികളുടെ ശീലമാണ്. കളിപ്പാട്ടത്തില്‍ കാണുന്നതും അടര്ന്നുപോയതുമായ നട്ടുകളും ബോള്‍ട്ടുകളും കൈക്കലാക്കുകയും കണ്ണ് തെറ്റിയാല്‍ അത് വായിലിടുകയും ചെയ്യുന്ന കുട്ടികൾ നിരവധിയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെയും കൊണ്ട് മാതാപിതാക്കൾ ആശുപത്രിയിലേക്ക് ഓടുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ കുട്ടികള്‍ മാത്രമല്ല മറിച്ച് മുതിര്‍ന്നവരും ഇതേ രീതി തുടർന്നാലോ? അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ തുര്‍ക്കിയില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്.
കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിചിത്രമായസംഭവം പുറത്തറിയുന്നത്. വേദനയുടെ കാരണം കണ്ടെത്തുന്നതിനായി എക്സറേയും അള്‍ട്രാസൗണ്ട് സ്കാനിങും നടത്തിയപ്പോഴാണ് യുവാവിന്റെ വയറിനുള്ളിൽ വ്യത്യസ്തമായ പല വസ്തുക്കളും കണ്ടെത്തിയത്. തുര്‍ക്കിയിലെ ഇപേക്യൂലു ജില്ല സ്വദേശിയാണ് യുവാവ്. 'ദി മെട്രോ'യാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അസഹ്യമായ വയറു വേദനയെ തുടര്‍ന്നാണ് ബര്‍ഹാന്‍ ഡെമീര്‍ തന്റെ ഇളയ സഹോദരനെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ തുര്‍ക്കിയിലെ ഔദ്യോഗിക നാണയമായ ലിറയുടെ ഒരു രൂപ നാണയതുട്ടുകള്‍, ബാറ്ററികള്‍, കാന്തങ്ങള്‍, ആണികള്‍, പൊട്ടിയ ചില്ല് കുപ്പികളുടെ ഭാഗങ്ങള്‍, കല്ലുകള്‍, സ്ക്രൂ തുടങ്ങി 233 വസ്തുക്കളാണ് 35കാരനായ യുവാവിന്റെ വയറില്‍ നിന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Also Read-
ഓഫീസിൽ കിടന്നുറങ്ങിയ സിഇഒയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് ജീവനക്കാർ; വൈറല്‍
യുവാവിന്റെ വയര്‍ ഒരു ടൂണ്‍ ബോക്സ് പോലെയായിരുന്നുവെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രതികരിച്ചത്. യുവാവിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ വയറിനുള്ളില്‍ ഒന്ന് രണ്ട് ആണികള്‍ തറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ബിനിസി പറഞ്ഞു. വന്‍കുടലില്‍ നിന്ന് രണ്ട് ലോഹക്കഷ്ണങ്ങളും വിവിധ വലുപ്പത്തിലുള്ള രണ്ട് കല്ലുകളും ലഭിച്ചിരുന്നു. ബാറ്ററികള്‍, കാന്തങ്ങള്‍, ആണികള്‍, നാണയങ്ങള്‍, ഗ്ലാസ് കഷണങ്ങള്‍, സ്ക്രൂകള്‍ തുടങ്ങിയ വസ്തുക്കളും വയറ്റിൽ നിന്ന് ലഭിച്ചു. വസ്തുക്കള്‍ നീക്കം ചെയ്ത് യുവാവിന്റെ വയര്‍ വൃത്തിയാക്കിയെന്നും ഡോക്ടർമാർ പറഞ്ഞു.
Also Read-
സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരക
സാധാരണയായി ഇത്തരം പ്രവണതകള്‍ കുട്ടികളിലാണ് കണ്ടുവരുന്നതെന്നും മുതിര്‍ന്നവർ ഇങ്ങനെ ചെയ്യുന്നത് വിചിത്രമാണെന്നും ഡോക്ടര്‍ പറഞ്ഞു.
ഹരിയാനയിലെ പഞ്ച്കുളയില്‍ കഴിഞ്ഞ വര്‍ഷം അഞ്ചു വയസുകാരിയുടെ വയറ്റില്‍ നിന്ന് ഒന്നര കിലോ മുടി നീക്കം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കടുത്ത വയറുവേദനയെക്കുറിച്ച് ഗുര്‍ലീന്‍ എന്ന അഞ്ചു വയസ്സുകാരി തന്റെ അമ്മയോട് കുറച്ചു നാളുകളായി പരാതിപ്പെട്ടിരുന്നു. ആദ്യം അത്ര കാര്യമാക്കിയിരുന്നില്ലെങ്കിലും ഒടുവില്‍ മകളെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ മുടി കണ്ടെത്തുകയായിരുന്നു.
പഞ്ചകുല ആശുപത്രിയിലെ സീനിയര്‍ സര്ജന് ഡോ. വിവേക് ഭാഡായുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഒന്നര കിലോ മുടിയാണ് കുട്ടിയുടെ വയറിനുളളില്‍ നിന്ന് നീക്കം ചെയ്തത്. മകള്‍ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ മുതല്‍ മുടി കഴിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് അമ്മ ഗുര്‍പ്രീത് പറഞ്ഞു. പലതവണ അവളുടെ കൈകളില്‍ മുടി കണ്ടിട്ടുണ്ട്. പക്ഷേ അവള് അത് കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അമ്മ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.