തലകൾ കൂടിച്ചേർന്ന നിലയിൽ (fused head) ജനിച്ച ബ്രസീലിയൻ (Brazil) സ്വദേശികളായ സയാമീസ് ഇരട്ടകളെ (Cojoined Twins) വിജയകരമായി വേർപെടുത്തി. സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് (Surgery) ഇരുവരെയും വേർപെടുത്തിയത്. വിർച്വൽ റിയാലിറ്റിയുടെ (virtual reality) സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. നാലു വയസുകാരായ ബെർണാഡോയും ആർതർ ലിമയുമാണ് സങ്കീർണമായ ശസ്ത്രക്രിയക്കു ശേഷം സ്വതന്ത്രരായത്. ലോകത്ത് ആദ്യമായാണ് വ്യത്യസ്ത രാജ്യങ്ങളിലെ ശസ്ത്രക്രിയാ വിദഗ്ധർ വെർച്വൽ റിയാലിറ്റി വഴി ശസ്ത്രക്രിയയിൽ പങ്കാളികളായത്.
2018-ൽ ബ്രസീലിലെ വടക്കൻ സംസ്ഥാനമായ റൊറൈമയിലാണ് ബെർണാഡോയും ആർതർ ലിമയും ജനിച്ചത്. ഇരുവരുടെയും തലകളുടെ മുകള്‍ഭാഗം പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. നാലു വയസു വരെ ഭൂരിഭാഗം സമയവും ആശുപത്രി മുറികളിലായിരുന്നു ഇവരുടെ താമസം. പ്രത്യേകം രൂപകൽപന ചെയ്ത കസ്റ്റമൈസ്ഡ് ബെഡ് ആണ് ഇവർക്കു വേണ്ടി തയ്യാറാക്കിയിരുന്നത്. ഇതിനിടെ ഒൻപത് ഓപ്പറേഷനുകൾ നടത്തി. ഇപ്പോൾ, 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് ബെർണാഡോയും ആർതർ ലിമയും വേർപെട്ടത്.
ലണ്ടൻ ആസ്ഥാനമായുള്ള ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ ചാരിറ്റി സംഘടനയായ ജെമിനി അൺട്വൈൻഡ് ആണ് ശസ്ത്രക്രിയക്കായി ധനസഹായം ചെയ്തത്. ഇതുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയ ആണിതെന്നും ഇവർ പറഞ്ഞു.
''എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ശസ്ത്രക്രിയയായിരുന്നു ഇത്. ഇത് സാധ്യമാകുമെന്ന് ആദ്യം ആരും കരുതിയിരുന്നില്ല. ഇരുവരെയും രക്ഷിച്ചത് ചരിത്ര നേട്ടമാണ്'', റിയോയിലെ പൗലോ നെയ്മെയർ സ്റ്റേറ്റ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോസർജൻ ഗബ്രിയേൽ മുഫറേജ് പറഞ്ഞു.
വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ ജൂൺ 7, 9 തീയതികളിലാണ് നൂറോളം സ്റ്റാഫുകൾ ഉൾപ്പെട്ട ശസ്ത്രക്രിയ നടന്നത്. ലണ്ടനിലും ബ്രസീലിലും ഇതിനായുള്ള സജ്ജീകരണങ്ങൾ ചെയ്തു. ബ്രെയിൻ സ്കാനുകൾ ഉപയോഗിച്ചാണ് കുട്ടികളുടെ തലയോട്ടിയുടെ ഡിജിറ്റൽ മാപ്പ് സൃഷ്ടിച്ചത്.
ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ പീഡിയാട്രിക് സർജൻ ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ മേൽനോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ''നടന്നതെല്ലാം വളരെ അത്ഭുതകരമായാണ് ഞങ്ങൾക്ക് തോന്നുന്നത്. കുട്ടികളെ എന്തെങ്കിലും ഗുരുതരമായ അപകടത്തിലേക്ക് എത്തിക്കരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അവരുടെ ശരീരഘടന നന്നായി മനസിലാക്കിയാണ് ശസ്ത്രക്രിയ നടത്തിയത്", ഡോ. ബ്രി ജീലാനി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ പിഎ മീഡിയയോട് പറഞ്ഞു. മനുഷ്യൻ ചൊവ്വയിൽ പോകുന്ന പ്രക്രിയയോളം ബുദ്ധിമുട്ടായിരുന്നു ഇക്കാര്യത്തിൽ വിർച്വൽ റിയാലിറ്റിയുടെ സഹായം ഉപയോഗിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് ഇരുവരുടെയും ചിത്രങ്ങളിലും വീഡിയോകളും പുറത്തു വിട്ടിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം ആൺകുട്ടികൾ തൊട്ടുചേർന്ന് കിടക്കുന്നതും ആർതർ സഹോദരന്റെ കൈയിൽ തൊടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ശസ്ത്രക്രിയക്കു ശേഷം ഇവർ സുഖം പ്രാപിച്ചു വരികയാണെന്നും ഇപ്പോഴവർക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.