കോളേജിലെ ഫീസ് (College Fees) അടയ്ക്കാന്‍ കഴിയാതെ വരുന്നത് ഇന്ന് സാധാരണ കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ ഫീസിനു പകരം പശുക്കളെ സ്വീകരിക്കുന്ന ഒരു കോളേജുണ്ട്. ബിഹാറിലെ (Bihar) ബുക്സര്‍ ജില്ലയിലെ ഒരു പ്രൈവറ്റ് എന്‍ജിനിയറിങ് കോളേജിലാണ് (Engineering College) വ്യത്യസ്തമായ രീതിയില്‍ ഫീസ് ഈടാക്കുന്നത്. നാല് വര്‍ഷത്തെ ബിടെക് കോഴ്സിന് (B.Tech) അവര്‍ ആവശ്യപ്പെടുന്നത് അഞ്ച് പശുക്കളെയാണ്. എന്നാല്‍ ഇപ്പോള്‍ ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ സ്ഥാപനം സീല്‍ ചെയ്തിരിക്കുകയാണ്.
2010 ലാണ് ബുക്സര്‍ ജില്ലയിലെ ഏരിയണ്‍ ഗ്രാമത്തില്‍ വിദ്യാധന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (വിഐടിഎം) സ്ഥാപിതമായത്. മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരായ എസ്.കെ സിങ്, അരുണ്‍ കുമാര്‍ വര്‍മ്മ എന്നിവരുള്‍പ്പെട്ട വിരമിച്ച ഉദ്യോഗസ്ഥരും ഒരു കൂട്ടം പ്രൊഫഷണലുകളുമാണ് സ്ഥാപനം തുടങ്ങിയത്. ബാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ മയൂരി ശ്രീവാസ്തവ, സാമൂഹിക പ്രവര്ത്തകന് ലാല്‍ ദിയോ സിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രദീപ് ഗാര്‍ഗ് എന്നിവരും കൂട്ടത്തില്‍ പെടുന്നു.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അരിയോണിലും സമീപ ഗ്രാമപ്രദേശങ്ങളിലും അത് കോളിളക്കം സൃഷ്ടിച്ചു. ആര്യഭട്ട ഗ്യാന്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തില്‍ പശുക്കളെയാണ് ഫീസ് ആയി വാങ്ങിയിരുന്നത്. ബിടെക് കോഴ്സിന്റെ ആദ്യ വര്‍ഷത്തില്‍ രണ്ട് പശുക്കളും, തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഒന്ന് വീതവുമാണ് വാങ്ങിയിരുന്നത്. പ്രതിവര്‍ഷ വാര്‍ഷിക ഫീസായ 72,000 രൂപ താങ്ങാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സ്ഥാപനം ഈ ആശയം മുന്നോട്ടുവെച്ചത്.
എന്നാല്‍, ഇപ്പോള്‍ കോളേജിന്റെ അടുത്ത പ്രദേശങ്ങളിലുള്ള 300 ഓളം വിദ്യാര്ത്ഥികളുടെഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കാരണം എന്തെന്നോ? 5.9 കോടി വായ്പ തിരിച്ചടയ്ക്കാത്തതു കൊണ്ട് ബാങ്ക് സ്ഥാപനം സീല്‍ ചെയ്തിരിക്കുകയാണ്.
''മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും ഉള്‍പ്പെടെയുള്ളവരാണ് എന്റെ ഗ്രാമത്തില്‍ ഈ സ്ഥാപനം തുടങ്ങുവാനുള്ള ആശയം മുന്നോട്ടുവെച്ചത്. ബക്സറിനും വാരണാസിക്കും ഇടയിലുള്ള ഏക എന്‍ജിനിയറിംഗ് കോളേജ് ആണിത്. പശുക്കളെ ഫീസ് ആയി വാങ്ങുന്ന ഞങ്ങളുടെ ആശയം വിജയകരമായിരുന്നു. അടിസ്ഥാന വികസനത്തിനായി ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ന കോര്‍പ്പറേറ്റ് ബ്രാഞ്ചില്‍ നിന്ന് 2010 ല്‍ സ്ഥാപനം 4.65 കോടി രൂപ പ്രാഥമിക വായ്പ്പയെടുത്തിരുന്നു. പിന്നീട് 2011 ല്‍ 10 കോടി രൂപ വായ്പ അനുവദിച്ചെങ്കിലും ബാങ്ക് തുക വിതരണം ചെയ്തില്ല. ഈടുള്ള സെക്യൂരിറ്റി നിക്ഷേപിച്ചുകൊണ്ടാണ് ഞങ്ങള്‍ വായ്പ്പയെടുത്തത്. അതിന് 15 കോടി രൂപ വിലമതിക്കും'', സ്ഥാപനത്തിന്റെ പ്രമോട്ടര്‍ കൂടിയായ വി.കെ സിംഗ് പറഞ്ഞു.
10 കോടി വായ്പ ഞങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നില്ല. പദ്ധതി നഷ്ടത്തിലായെങ്കിലും 2012 വരെ ലോണ്‍ തുകയായ 4.65 കോടി ഇഎംഐ അടച്ചിട്ടുണ്ട്. 2013 ല്‍ കുറച്ച് അധിക തുകയും അടച്ചു. പിന്നീട് ബാങ്ക് അണ്ടര്‍ ഫിനാന്‍സിംഗ് നോക്കുന്നതിനു പകരം ലോണ്‍ തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുകയും കോളേജ് സീല്‍ ചെയ്യുകയും ചെയ്യുകയായിരുന്നു. സ്ഥാപനത്തില്‍ എൻറോൾ ചെയ്ത വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇപ്പോള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ബാങ്ക് ഓഫ് ഇന്ത്യയുടെ പട്നയിലെ ഡെപ്യൂട്ടി സോണ്‍ മാനേജര്‍ രാജേന്ദ്ര സിംഗ് പറഞ്ഞത് നേരെ വിപരീതമായാണ്. "ലോണ്‍ റിക്കവറിയുടെ ഭാഗമായാണ് തങ്ങള്‍ കോളേജ് പൂട്ടിയത്. പദ്ധതി പ്രതീക്ഷിച്ച രീതിയില്‍ വരുന്നില്ലെന്ന് കണ്ടപ്പോഴാണ് അധിക വായ്പ വിതരണം ചെയ്യാതിരുന്നത്. ഞങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിച്ച തുകയില്‍ കോളേജ് തൃപ്തരായിരുന്നില്ലെങ്കില് അവര്‍ക്ക് മറ്റൊരു ബാങ്കിനെ സമീപിക്കാമായിരുന്നു",രാജേന്ദ്ര സിംഗ് പറഞ്ഞു.
ഇതുവരെ, 200 ലധികം വിദ്യാര്‍ത്ഥികളാണ് വിഐടിഎമ്മില് നിന്ന് ബിരുദം നേടിയത്. ഇതില്‍ 20 പേരുടെ രക്ഷിതാക്കള്‍ പശുക്കളെയാണ് ഫീസ് ആയി നല്‍കിയത്. നിലവില്‍ 29 വിദ്യാര്‍ത്ഥികള്‍ അന്തിമ പരീക്ഷ എഴുതാനുണ്ട്. കോളേജിലെ മുന്‍കാല വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നുമുണ്ട്.
അത്തരത്തിലുള്ള ഒരു വിജയ കഥയാണ് വിജേന്ദ്ര മിശ്ര എന്ന വിദ്യാര്‍ത്ഥിയുടേത്. വിഐടിഎം ബിരുദധാരിയായ മിശ്ര ഇപ്പോള്‍ പാനിപ്പത്തിലെ ഐഒസിഎല്‍ റിഫൈനറിയിലെ ലീഡ് സേഫ്റ്റി ഓഫീസറാണ്.
''ഞാന്‍ കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഒരു എഞ്ചിനീയര്‍ ആകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ പശുക്കളെ ഫീസായി നല്‍കാമെന്ന് കേട്ടപ്പോള്‍ അത് എനിക്കും കുടുംബത്തിനും പ്രതീക്ഷ നല്കി. സ്വകാര്യ കോളേജുകളിലെ ഫീസ് താങ്ങാന്‍ കഴിയുമായിരുന്നില്ല, സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയര്മാരാകാനുള്ള അവരുടെ സ്വപ്നം ഇതിലൂടെ സാക്ഷാത്കരിച്ചു'' വിജേന്ദ്ര മിശ്ര പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.