മൂന്നാം വയസ്സിൽ കാണാതായ ബ്രിട്ടീഷ് പെണ്‍കുട്ടിയാണ് മാഡ്ലിന് മക്കെയ്ന്. പോര്‍ച്ചുഗലില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ സമയത്താണ് ഇവളെ കാണാതാകുന്നത്. വര്‍ഷം പതിനഞ്ച് കഴിഞ്ഞിട്ടും മാഡ്ലിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ താന്‍ മാഡ്ലീന് ആണെന്ന് അവകാശപ്പെട്ട് ഒരു പെണ്‍കുട്ടി രംഗത്തെത്തി. ജൂലിയ ഫൗസിറ്റിന എന്ന 21 കാരിയാണ് ഈ അവകാശവാദവുമായി എത്തിയത്. പോളണ്ട് സ്വദേശിയാണ് ഇവര്‍. ഇപ്പോള്‍ ഇവരുടെ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് മാഡ്ലീന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.
മാഡ്ലീന്റെ തിരോധാനം
മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് മാഡ്ലീനെ കാണാതാകുന്നത്. 2007ല്‍ കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ പോര്‍ച്ചുഗലില്‍ എത്തിയ മാഡ്ലീന് തന്റെ സഹോദരങ്ങളോടൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയുകയായിരുന്നു. ഇവരുടെ മാതാപിതാക്കളായ കേറ്റ്-ഗെരി മക്കെയ്ന് സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ശേഷം ഇവരുടെ അമ്മയായ കേറ്റ് മക്കെയ്ന് റൂമില്‍ തിരിച്ചെത്തി കുട്ടികളെ നോക്കിയപ്പോഴാണ് റൂമില്‍ മാഡ്ലീനെ കാണാനില്ലെന്ന കാര്യം അവര്‍ക്ക് മനസ്സിലായത്. മുറിയുടെ വാതിലും ജനലും തുറന്നു കിടക്കുന്ന നിലയിലായിരുന്നു.
ലോകത്തെയാകെ ഞെട്ടിച്ച തിരോധാനങ്ങളില്‍ ഒന്നായിരുന്നു അത്. പിന്നീട് മാഡ്ലീനോട് സാദൃശ്യമുള്ളവരെ കണ്ടു എന്ന് പറഞ്ഞ് നിരവധി പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയത്. മാഡ്ലീന് തിരോധാനം പശ്ചാത്തലമാക്കി നിരവധി പുസ്തകങ്ങളും ടെലിവിഷന്‍ പരമ്പരകളും പുറത്തിറങ്ങി. മാഡ്ലീനെ കണ്ടെത്തുന്നവര്‍ക്ക് വലിയൊരു തുക ഇനാം വരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. എന്നാൽ കുറച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം താനാണ് മാഡ്ലീന് എന്ന അവകാശവാദവുമായി ഒരു പെണ്‍കുട്ടി രംഗത്തെത്തി.
ജൂലിയ ഫൗസിറ്റിനയുടെ വാദം
ചെറിയ പ്രായത്തില്‍ പോര്‍ച്ചുഗലില്‍ നിന്ന് തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് പോളിഷ് പെണ്‍കുട്ടിയായ ജൂലിയ ഫൗസിറ്റിന പറയുന്നത്. മാഡ്ലീനുമായി സാമ്യമുള്ള നിരവധി തെളിവുകള്‍ തന്റെ ശരീരത്തിലുണ്ടെന്നാണ് ജൂലിയയുടെ വാദം. അവ തെളിയിക്കുന്ന ചിത്രങ്ങളും ജൂലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മാഡ്ലീന്റെ വലത് കണ്ണിന് ഉള്ള ചില പ്രത്യേകതകള്‍ തനിക്കുമുണ്ടെനന്നും ജൂലിയ പറയുന്നു.
” എനിക്കും അതേ കണ്ണുകളും, ചെവിയും, ചുണ്ടും ആണ്. എന്റെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ട്. എനിക്ക് സത്യം അറിയണം. ഡിഎന്‍എ പരിശോധന നടത്തണം. എനിക്ക് മാഡ്ലീന്റെ മാതാപിതാക്കളോട് സംസാരിക്കണം,” എന്നാണ് ജൂലിയ പറയുന്നത്. അതേസമയം ജൂലിയയുടെ മാനസിക നില ശരിയല്ലെന്ന് ഡോക്ടര്‍ ഫിയ ജോനാന്‍സണ്‍ പറഞ്ഞു. അതേസമയം ജൂലിയയുടെ വാദങ്ങളോട് പരസ്യമായി പ്രതികരിക്കാനില്ലെന്നാണ് മാഡ്ലീന്റെ കുടുംബം അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.