ഓസ്ട്രേലിയയുടെ (Australia) തെക്കും പടിഞ്ഞാറും ഭാഗങ്ങൾക്കിടയിലായി 1101 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന വിദൂര സമതല പ്രദേശമാണ് നുല്ലർബോർ (Nullarbor). ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം കാരണം പൊതുവെ ഇവിടം ഇലക്ട്രിക് വാഹന ഡ്രൈവർമാർക്ക് അത്ര പ്രിയങ്കരമായിരുന്നില്ല. എന്നാൽ ഇപ്പോൾ നുല്ലാർബോറിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicle) ചാർജ് ചെയ്യുന്നത് പാചക എണ്ണ (Cooking Oil) ഉപയോഗിച്ചാണ്. അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ ഇത് സത്യമാണ്. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞ പാചക എണ്ണയാണ് നുല്ലാർബോറിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നത്.
സർവീസിൽ നിന്നും വിരമിച്ച എഞ്ചിനീയർ ജോൺ എഡ്വേർഡ്സ് വികസിപ്പിച്ചെടുത്ത, പാചക എണ്ണ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഡിസി ചാർജർ നുല്ലർബോറിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കൈഗുണ റോഡ്ഹൗസിലാണുള്ളത്. ഇതിനു മുൻപ് നുല്ലർബോറിൽ കാലഹരണപ്പെട്ട എസി ചാർജറുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകുമായിരുന്നു. അപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ നാല് മുതൽ ആറ് മണിക്കൂർ വരെ സമയം വേണ്ടി വരാറുണ്ട്. എന്നാൽ ഇപ്പോൾ പാചക എണ്ണയിൽ പ്രവർത്തിക്കുന്ന ചാർജിങ് പോയിന്റുകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ വാഹനം ചാർജ് ചെയ്യാം. പാചക എണ്ണ സംസ്കരിച്ച് അതിൽ നിന്നും വൈധ്യുതി ഉത്പാദിപ്പിച്ചാണ് ചാർജിങ് പോയിന്റ് പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ആറു മുതൽ പത്തു മണിക്കൂർ വരെ സമയമായിരുന്നു മുൻപ് ഡ്രൈവർമാർക്ക് ആവശ്യമായി വന്നിരുന്നത് . കൈഗുനയിലെ ഏറ്റവും പുതിയ ചാർജിംഗ് സ്റ്റേഷനിൽ നിന്നും ബാറ്ററി ചാർജി ചെയ്യാൻ ഏകദേശം ഒന്നര മണിക്കൂർ സമയമേ ഇപ്പോൾ വേണ്ടി വരുന്നുള്ളു. നിങ്ങൾക്ക് ഒരു ബർഗറും കാപ്പിയും കഴിക്കുന്ന സമയം കൊണ്ട് ഇവിടെ നിന്ന് വാഹനം ചാർജ് ചെയ്യാമെന്ന് ജോൺ എഡ്വേർഡ്സ് പറയുന്നു.
നുല്ലർബോർ സമതലങ്ങളിൽ ഫാസ്റ്റ് ചാർജിംഗ് പോയിന്റ് എത്തിയതോടെ ഇതിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാധാരണ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകൾ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ ഉപേക്ഷിക്കുകയാണ് പതിവ്. ചിപ്സ്, പലഹാരങ്ങൾ, പൊരിച്ച ഭക്ഷണങ്ങൾ എന്നിവ ഉണ്ടാക്കാനായി ധാരാളം എണ്ണയാണ് വിവിധ റെസ്റ്റോറന്റുകളിൽ ആവശ്യമായി വരിക. എന്നാൽ ഇവ ഒന്നിൽ കൂടുതൽ തവണ ഉപയോഗിച്ചാൽ ആരോഗ്യത്തിനു ഹാനികരവുമാണ്. ഇങ്ങനെ വരുമ്പോൾ ഉപയോഗിച്ച് കഴിഞ്ഞ എണ്ണ കളയേണ്ടതായി വരും. ഇങ്ങനെ ഒഴിവാക്കുന്ന, വലിയ അളവിലുള്ള എണ്ണയാണ് നുല്ലർബോറിൽ ചാർജ് ചെയ്യാനായി ഉപയോഗിക്കുന്നത്. തെക്കൻ ഓസ്ട്രേലിയയിലെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെയും, ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിംഗ് നെറ്റ്വർക്കുകൾ തമ്മിലുണ്ടായിരുന്ന 720 കിലോമീറ്റർ ദൂരം നികത്താൻ ഇതിലൂടെ സാധിക്കുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.