• HOME
  • »
  • NEWS
  • »
  • buzz
  • »
  • Corpse Flower | ഏഴ് വർഷത്തിന് ശേഷം ശവപുഷ്പം വിരിഞ്ഞു; യുഎസിലെ സ‍ർവകലാശാലയിൽ സന്ദർശകരുടെ തിരക്ക്

Corpse Flower | ഏഴ് വർഷത്തിന് ശേഷം ശവപുഷ്പം വിരിഞ്ഞു; യുഎസിലെ സ‍ർവകലാശാലയിൽ സന്ദർശകരുടെ തിരക്ക്

ശവപുഷ്പത്തിന് വിരിയാൻ ആവശ്യമായ വലിപ്പം കൈവരിക്കണമെങ്കിൽ 10 വ‍ർഷമെങ്കിലും എടുക്കുമെന്നാണ് കണക്ക്.

  • Share this:
    ലോകത്തിലെ ഏറ്റവും ദുർഗന്ധം വമിക്കുന്ന പൂവ് കാണാൻ ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്നു. അമേരിക്കയിലെ മിഷിഗണിലുള്ള ഗ്രാൻറ് വാലി സ്റ്റേറ് യൂണിവേഴ്സിറ്റിയിലാണ് ഏഴ് വ‍ർഷത്തിന് ശേഷം ശവപുഷ്പം (Corpse Flower) വിരിഞ്ഞത്. അമോർഫോഫാലസ് ടൈറ്റാനം എന്നറിയപ്പെടുന്ന ഈ പൂവിനെ ശവപുഷ്പം എന്നാണ് പൊതുവിൽ വിളിക്കുന്നത്. ഇതിൻെറ ദു‍ർഗന്ധം തന്നെയാണ് അതിന് പ്രധാനകാരണം. സുഗന്ധം കൊണ്ട് മനംമയക്കുന്ന നിരവധി പൂക്കളെ നമുക്കറിയാം. എന്നാൽ ശവപുഷ്പം ആ കൂട്ടത്തിലല്ല പെടുന്നത്. അഴുകിയ മാംസത്തിൻെറ ഗന്ധമാണ് ഈ പൂവിനുള്ളത്. പരാഗണ പ്രക്രിയയ്ക്കായി വണ്ടുകളേയും ഈച്ചകളേയും ആകർഷിക്കാനാണ് പൂവിൽ നിന്നും ഈ ദു‍ർഗന്ധം വമിക്കുന്നതെന്നത് മറ്റൊരു കാര്യം.

    ഗ്രാൻറ് വാലി സ്റ്റേറ് യൂണിവേഴ്സിറ്റിയുടെ അല്ലെൻഡലെ ക്യാമ്പസിലുള്ള ബാർബറ കിൻഡ്‌ഷി ഗ്രീൻഹൗസിലെ കിൻഷി ഹാളിൽ ചെന്നാൽ പൂവ് കണ്ടാസ്വദിക്കാം. ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും ബുധൻ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയും പൊതുജനങ്ങൾക്ക് പൂവ് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗത്തിൽ നിന്നുള്ള ഈ പൂവിൻെറ ജൻമദേശം ഇന്തോനേഷ്യയിലെ സുമാത്രയാണ്. ഇതൊരു ഉഷ്ണമേഖലാ സസ്യം കൂടിയാണ്. ശവപുഷ്പത്തിന് വിരിയാൻ ആവശ്യമായ വലിപ്പം കൈവരിക്കണമെങ്കിൽ 10 വ‍ർഷമെങ്കിലും എടുക്കുമെന്നാണ് കണക്ക്.

    വിരിയുമ്പോൾ അഞ്ചടി വരെ വ്യാസമുണ്ടാവുന്ന പൂവിന് 12 അടി വരെ ഉയരവുമുണ്ടാവും. കാട്ടിൽ വിരിയുന്ന പൂക്കൾക്കാണ് ഇത്രയും വലിപ്പമുണ്ടാവുക. പറിച്ച് നടുകയോ കൃഷി ചെയ്യുകയോ ചെയ്യുമ്പോൾ വലിപ്പം അൽപം കുറയും. ആറ് മുതൽ എട്ട് മീറ്റ‍ർ വരെയാണ് ഇതിന് ഉയരമുണ്ടാവുക. നല്ല ചൂടും ആവശ്യത്തിന് ഈർപ്പവുമുള്ള മേഖലകളിലാണ് പൊതുവിൽ ഈ സസ്യം വളരുക.

    ഏഴ് വർഷം മുമ്പാണ് ഗ്രാൻറ് വാലി സ്റ്റേറ് യൂണിവേഴ്സിറ്റിയിൽ ഈ സസ്യമെത്തുന്നത്. ഇത്രയും വ‍ർഷത്തിനിടയിൽ ഇതാദ്യമായാണ് പൂക്കുന്നത്. ഏപ്രിൽ 17 ഞായറാഴ്ചയാണ് വിരിയാൻ തുടങ്ങിയത്. അന്ന് മുതൽ സന്ദ‍ർശകർ വരുന്നുണ്ട്. ആദ്യദിവസം തന്നെ 1800ഓളം പേരാണ് ഈ ഭീമൻപൂവിനെ കാണാൻ എത്തിയത്. സാധാരണഗതിയിൽ ഈ യൂണിവേഴ്സിറ്റി ചുരുക്കം ചില പരിപാടികൾക്കല്ലാതെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാറില്ല. പൂവ് കാണാനെത്തുന്ന ആളുകളുടെ എണ്ണം വല്ലാതെ സന്തോഷം പകരുന്നുവെന്ന് ബാർബറ കിൻഡ്‌ഷി ഗ്രീൻഹൗസ് സൂപ്പ‍ർവൈസർ ക്രിസ്റ്റീന ഹിപ്ഷിയർ പറഞ്ഞു.

    Also Read-Mike Tyson | വിമാനത്തിനുള്ളില്‍ ശല്യം ചെയ്ത യുവാവിന്റെ മുഖത്തിടിച്ച് മൈക്ക് ടൈസന്‍; വൈറല്‍ വീഡിയോ

    യു.എസ് ബൊട്ടാണിക്ക് ഗാർഡൻെറ കണക്കുകൾ പ്രകാരം ശവപുഷ്പം വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗത്തിലാണ് പെടുന്നത്. ലോകത്താകെ ആയിരത്തിനടുത്ത് സസ്യങ്ങൾ മാത്രമാണ് ഈയിനത്തിൽ ബാക്കിയുള്ളത്. ‘ലിംഗപുഷ്പം’ എന്നും ഈ പൂവിന് പേരുണ്ട്. വിരിയുമ്പോൾ പുരുഷൻമാരുടെ ലിംഗത്തിൻെറ ആകൃതി ഉള്ളത് കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. ലോകത്തെ ഏറ്റവും നീളവും ഏറ്റവും വലിപ്പവുമുള്ള പൂക്കളുകളിൽ ഒന്നാണിത്.
    Published by:Jayesh Krishnan
    First published: