സാങ്കേതിക രംഗത്ത് തരംഗമായി മാറിയിരിക്കുകയാണ് ഓപ്പൺ എഐ ആയ ചാറ്റ് ജിപിടി. പ്രസംഗങ്ങൾ എഴുതാനും അവധിക്കാലം ആസൂത്രണം ചെയ്യാനും, ബജറ്റ് തയ്യാറാക്കാനുമെല്ലാം ചാറ്റി ജിപിടിയെ ആശ്രയിക്കാം. ചാറ്റ്ജിപിടിക്ക് ഒരു വെഡ്ഡിങ്ങ് പ്ലാനറുടെ റോളും ഏറ്റെടുക്കാനാകും. നിങ്ങൾ ഉടൻ വിവാഹം കഴിക്കാൻ പോകുന്നവരാണെങ്കിൽ വിവാഹ ഒരുക്കങ്ങൾക്കായി ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താം. കാരണം, ഒരു വെഡ്ഡിങ്ങ് പ്ലാനറെയോ ഇവന്റ് മാനേജറെയോ ഇക്കാര്യങ്ങൾ ഏൽപിക്കുക എന്ന കാര്യം പലർക്കും ചിന്തിക്കാൻ പോലുമാകില്ല. ചാറ്റ് ജിപിടി ഈ സേവനം ഫ്രീയായി ചെയ്തു തരികയും ചെയ്യും. വിവാഹ ഒരുക്കങ്ങൾക്കായി ചാറ്റ് ജിപിടിയുടെ സേവനം എങ്ങനെ പ്രയോജനപ്പെടുത്താമെന്നു നോക്കാം.
ബജറ്റ് തീരുമാനിക്കുന്നത്
വിവാഹ ആസൂത്രണങ്ങൾ തുടങ്ങുന്നതിനു മുൻപേ കൃത്യമായ ബജറ്റ് സെറ്റ് ചെയ്യേണ്ടതുണ്ട്. ”വധൂവരന്മാരുടെ വസ്‌ത്രങ്ങൾ, വേദി, ഭക്ഷണ പാനീയങ്ങൾ, അലങ്കാരം, പൂക്കൾ, വിവാഹ നടത്തിപ്പ് എന്നിവയ്ക്കുൾപ്പെടെ 10,000 യൂറോയാണ് കയ്യിലുള്ളത്. ഫ്രാൻസിലെ തെക്കൻ പ്രൊവിൻസിൽ 100 അതിഥികളെ വിളിച്ചാണ് വിവാഹം നടത്തുന്നത്. വിവാഹത്തിന് ബജറ്റ് തയ്യാറാക്കാമോ?”, എന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചെന്നിരിക്കെട്ടെ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ചാറ്റ്ബോട്ട് ഓരോന്നിനുമുള്ള ബജറ്റ് ക്രമീകരിച്ച് നമുക്കുള്ള ഉത്തരം നൽകും.
വിവാഹവേദി കണ്ടെത്തുന്നത്
കടൽത്തീരത്തും കുന്നിൻ മുകളിലും. അങ്ങനെ പല സ്ഥലങ്ങളിൽ തങ്ങളുടെ വിവാഹം നടത്തണമെന്ന് സ്വപ്നം കാണുന്നവരുണ്ടാകും. ചിലർക്ക് അവരുടെ വിവാഹത്തിന്റെ തീമിന് അനുയോജ്യമായ ഒരു വേദിയാകും കണ്ടെത്തേണ്ടത്, അതും മുൻകൂട്ടി തീരുമാനിച്ച ബജറ്റിനുള്ളിൽ. “സാധ്യമെങ്കിൽ ഒരു മുന്തിരിത്തോട്ടമുള്ള, പരമാവധി 3,000 യൂറോയിൽ തീരുന്ന വിവാഹവേദി ഫ്രാൻസിലെ തെക്കൻ പ്രൊവിൻസിൽ കണ്ടെത്താമോ?” എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും ചാറ്റി ജിപിടിയിൽ നിന്നും ലഭിക്കും.
വിവാഹ വസ്ത്രം വാങ്ങുന്നത്
ചാറ്റ് ജിപിടിക്ക് നിങ്ങളുടെ വെഡ്ഡിങ്ങ് ഡിസൈനർ പോലുമാകാൻ കഴിയും എന്നു പറഞ്ഞാൽ അതിശയോക്തി വിചാരിക്കേണ്ടതില്ല. വധുവിന്റെയും വരന്റെയും അഭിരുചികൾക്കും ശരീരാകൃതിക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ ഒരു വിവാഹ വസ്ത്രം കണ്ടെത്താൻ ഈ ഓപ്പൺ എഐയ്ക്ക് സാധിക്കും. ”ചാറ്റ്ജിപിടി, 170 സെന്റീമീറ്റർ ഉയരവും 70 കിലോ ഭാരവുമുള്ള, ഉള്ള ഒരു സ്ത്രീക്ക് ബൊഹീമിയൻ വൈബുള്ള ഒരു വിവാഹ വസ്ത്രം നിർദേശിക്കാമോ?”, എന്നു ചോദിച്ചാൽ തീമിനും ചോദ്യത്തിൽ വിവരിച്ച ശരീരാകൃതിക്കും അനുയോജ്യമായ നിർദേശങ്ങൾ ചാറ്റ് ജിപിടി മുന്നോട്ടു വെയ്ക്കും.
ചെക്ക് ലിസ്റ്റ്
വിവാഹത്തിനുള്ള ഓട്ടപ്പാച്ചിലിനിടെ പലരും പല കാര്യങ്ങളും മറന്നു പോയിട്ടുണ്ടാകും. ചാറ്റ് ജിപിടിയോട് ചോദിച്ചാൽ ഈ ചെക്ക്ലിസ്റ്റും നമുക്കു ലഭിക്കും. കാറ്ററിങ്ങുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സ്ഥിരീകരിക്കുക, വധുവിന്റെയും വരന്റെയും വസ്ത്രങ്ങൾ പരിശോധിക്കുക, വിവാഹ മോതിരങ്ങൾ, ആഭരണങ്ങൾ, എന്നിവ വാങ്ങിയോ എന്ന് ഉറപ്പു വരുത്തുക, പ്രിയപ്പെട്ട എല്ലാവരെയും വിവാഹത്തിന് വിളിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക, കാലാവസ്ഥ പരിശോധിക്കുക, ആവശ്യമെങ്കിൽ മറ്റ് ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യുക, അപ്രതീക്ഷിത സാഹചര്യങ്ങൾക്കായി ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാക്കുക, അലങ്കാരങ്ങൾ സജ്ജീകരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ചാറ്റ് ജിപിടിയുടെ ചെക്ക് ലിസ്റ്റിലുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.