നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വരൻ മലയാളി, വധു തമിഴ്നാട്ടുകാരി; കോവിഡ് കാലത്തെ വിവാഹ വേദിയായി കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാർ പാലം

  വരൻ മലയാളി, വധു തമിഴ്നാട്ടുകാരി; കോവിഡ് കാലത്തെ വിവാഹ വേദിയായി കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാർ പാലം

  ഇടുക്കി മറയൂർ സ്വദേശിയായ ഉണ്ണികൃഷ്ണനും തമിഴ്നാട്ടിലെ ദിണ്ടിഗൽ ബട്ട്ല​ഗുണ്ട് സ്വദേശിയായ തങ്കമയിലും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ തിങ്കളാഴ്ച പാലത്തിനു മുകളിൽ നടന്നത്.

  ഉണ്ണികൃഷ്ണനും തങ്കമയിലും ചിന്നാർ പാലത്തിൽ വിവാഹിതരായപ്പോൾ Image credit: Special arrangement

  ഉണ്ണികൃഷ്ണനും തങ്കമയിലും ചിന്നാർ പാലത്തിൽ വിവാഹിതരായപ്പോൾ Image credit: Special arrangement

  • Share this:
   കോവിഡ് വ്യാപനം ശക്തമായതോടെ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വെട്ടിലായവരാണ് കല്യാണം കഴിക്കാനിരിക്കുന്ന ദമ്പതികളും അവരുടെ കുടുംബങ്ങളും. ഇതിനൊപ്പം വരനും വധുവും ഇരു സംസ്ഥാനങ്ങളിലാണെങ്കിൽ കല്യാണം നടത്തലും യാത്രയുമെല്ലാം കീറാമുട്ടിയാവും. അതിർത്തി ഗ്രാമങ്ങളിൽ ഇരു സംസ്ഥാനങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾ തമ്മിലുള്ള വിവാഹം സർവസാധാരണമാണ്. എന്നാൽ ലോക്ഡൗൺ നിലവിൽ വന്ന ശേഷം അന്തർ സംസ്ഥാന യാത്രയ്ക്ക് നിരവധി നിയന്ത്രണങ്ങൾ വന്നതോടെ വിവാഹം നടത്തുന്നത് ഈ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായി.

   ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേരള - തമിഴ്നാട് അതിർത്തിയിലെ ജനങ്ങൾ. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ചിന്നാറിന് മുകളിലുള്ള പാലമാണ് ഇരു സംസ്ഥാനങ്ങളിലെയും കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പാലമാവുന്നത്. ലോക്ഡൗൺ കാലയളവിൽ 11 നവദമ്പതികൾക്ക് കതിർ മണ്ഡപമായത് ഈ പാലമാണ്.

   വീണ്ടും കല്യാണ സീസൺ എത്തിയതോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലത്തിനു മുകളിലുള്ള ആദ്യ വിവാഹം നടന്നത്. ഇടുക്കി മറയൂർ സ്വദേശിയായ ഉണ്ണികൃഷ്ണനും തമിഴ്നാട്ടിലെ ദിണ്ടിഗൽ ബട്ട്ല​ഗുണ്ട് സ്വദേശിയായ തങ്കമയിലും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ തിങ്കളാഴ്ച പാലത്തിനു മുകളിൽ നടന്നത്. വിവാഹ ദിവസം ഉണ്ണികൃഷ്ണന്റെ 27ാം ജന്മദിനം കൂടിയാണെന്നതും ആകസ്മികമായിരുന്നു.

   Also Read- ഓർഡർ ചെയ്ത ബിരിയാണിയിൽ ലെഗ് പീസില്ലെന്ന് തെലങ്കാന മന്ത്രിയോട് പരാതി

   കഴിഞ്ഞ പ്രാവശ്യത്തെ ലോക്ഡൗണിൽ ക്വന്റീൻ നിയന്ത്രണങ്ങളാണ് വിവാഹ പാർട്ടികൾക്ക് തടസ്സമായതെങ്കിൽ ഇപ്രാവശ്യം കോവിഡ്-19 ടെസ്റ്റ് ചെയ്യുന്നതിനുള്ള അധിക ചെലവാണ് വിവാഹം നടത്തുന്നവരെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ്-19 ടെസ്റ്റ് ചെയ്യൽ നിർബന്ധമാണ്. എന്നാൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നത് അതിർത്തിയിലെ ആളുകളെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണ്.

   ഉദുമൽപേട്ടിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് ഒരാൾക്ക് 2600 രൂപ വേണ്ടിവരുമെന്ന് വധുവിന്റെ കുടുംബാംഗങ്ങൾ പറയുന്നു. പത്തു പേരടങ്ങുന്ന വിവാഹ പാർട്ടിക്ക് ഇത്തരത്തിൽ ടെസ്റ്റ് ചെയ്യണമെങ്കിൽ 26000 രൂപ ചെലവാകും. മാത്രമല്ല, കേരളത്തിൽ വന്ന് വിവാഹം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ വീണ്ടും ടെസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നൂലാമാലകൾ വേറെയും. ഇതാണ് പാലത്തിന് മുകളിൽ വിവാഹം നടത്താൻ ഉണ്ണികൃഷ്ണന്റെയും തങ്കമയിലിന്റെയും കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്.

   പൂജാരിയും കൊട്ടും കുരവയും ഒന്നുമില്ലാതെ വളരെ ലളിതമായ വിവാഹ ചടങ്ങായിരുന്നു നടന്നത്. ഇരു സംസ്ഥാനങ്ങളിലെയും പൊലീസ്, ആരോഗ്യ, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. ചടങ്ങുകൾക്ക് മുന്നോടിയായി വധു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അധികൃതർക്ക് കൈമാറിയ ശേഷം പാലത്തിലേക്ക് നടന്നു കയറി. പിന്നാലെ വരനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈമാറിയ ശേഷം പാലത്തിലേക്ക് നടന്നു. ഏതാനും ബന്ധുക്കളും വധൂ വരന്മാർക്കൊപ്പം ചേർന്നു. പാലത്തിനു മുകളിൽ വരൻ വധുവിന് താലി കെട്ടുമ്പോൾ ഇരു കുടുംബങ്ങളിലെയും ആളുകൾ പാലത്തിന് അപ്പുറവും ഇപ്പുറവുമായി നിന്ന് വിവാ​ഹത്തിന് സാക്ഷ്യം വഹിച്ചു.
   Published by:Rajesh V
   First published:
   )}