• HOME
  • »
  • NEWS
  • »
  • buzz
  • »
  • Helmet | വിവാഹത്തിനെത്തിയവർക്ക് ഹെൽമെറ്റ് സമ്മാനിച്ച് ദമ്പതികൾ; നല്ല മാതൃകയ്ക്ക് കയ്യടി

Helmet | വിവാഹത്തിനെത്തിയവർക്ക് ഹെൽമെറ്റ് സമ്മാനിച്ച് ദമ്പതികൾ; നല്ല മാതൃകയ്ക്ക് കയ്യടി

നാലു വർഷം മുൻപുണ്ടായ ഒരു റോഡപകടത്തിൽ ബേബി കുമാരിക്ക് തന്റെ അമ്മാവനെ നഷ്ടപ്പെട്ടിരുന്നു.

  • Share this:
    റോഡ് സുരക്ഷയെ (road safety) കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാ​ഗമായി വിവാഹത്തോടനുബന്ധിച്ച് 21 പേർക്ക് ഹെൽമറ്റ് സമ്മാനിച്ച് ബീഹാറിൽ (Bihar) നിന്നുള്ള ദമ്പതികൾ. സരൺ ജില്ലയിൽ നിന്നുള്ള വികാസ് മിശ്രയും ബേബി കുമാരിയും ആണ് വേറിട്ട ഈ ആശയം നടപ്പിലാക്കിയത്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുക മാത്രമല്ല, മറ്റൊരു വലിയ കാരണവും ആ തീരുമാനത്തിനു പിന്നിൽ ഉണ്ടായിരുന്നു.

    നാലു വർഷം മുൻപുണ്ടായ ഒരു റോഡപകടത്തിൽ ബേബി കുമാരിക്ക് തന്റെ അമ്മാവനെ നഷ്ടപ്പെട്ടിരുന്നു. ആ അപകടത്തിന് ശേഷം, വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഹെൽമറ്റ് സമ്മാനമായി നൽകുമെന്ന് അവർ പ്രതിജ്ഞയെടുത്തു. 'ഹെൽമറ്റ് മാൻ' (Helmet Man) എന്ന പേരിൽ പ്രശസ്തനായ ഡൽഹി സ്വദേശി സന്ദീപ് ഷാഹിയാണ് (Sandeep Shahi) തങ്ങൾക്ക് പ്രചോദനമായതെന്നും ദമ്പതികൾ പറഞ്ഞു. ഡൽഹി പോലീസ് കോൺസ്റ്റബിളായ ഷാഹി ട്രാഫിക് നിയമലംഘകർക്ക് ഹെൽമറ്റ് സമ്മാനിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

    ''പ്രകൃതി നമുക്ക് സമ്മാനിച്ച ജീവൻ സംരക്ഷിക്കേണ്ടത് മനുഷ്യനെന്ന നിലയിൽ നമ്മുടെ കടമയാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ റോഡ് സുരക്ഷയെക്കുറിച്ച് ആളുകളിൽ ബോധവത്കരണം നടത്താൻ ഞാനും ഭാര്യയും തീരുമാനിച്ചു'', വികാസ് മിശ്ര പറഞ്ഞു.

    2019-ൽ, റോഡപകടത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് സന്ദീപ് ഷാഹി നടത്തിയ ഹെൽമെറ്റ് ധരിക്കാനുള്ള സന്ദേശം വൈറലായിരുന്നു. യുവാക്കളുടെ ഇടയിൽ ആ സന്ദേശം ഹിറ്റ് ആകുകയും ചെയ്തിരുന്നു. ''നിങ്ങൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ, റോഡുകളിൽ അതിന്റെ പ്രത്യാഘാതം ഉണ്ടാകും'' എന്നും അദ്ദേഹം പറഞ്ഞിരുന്നു.

    നാലു വർഷം മുമ്പ്, സരൺ ജില്ലയിൽ നിന്നു തന്നെയുള്ള സ്വീറ്റി എന്ന യുവതി , റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, വിവാഹത്തിനെത്തിയ അതിഥികൾക്ക് ഹെൽമറ്റ് സമ്മാനിച്ചിരുന്നു. സ്വീറ്റിക്കും ബേബി കുമാരിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. സ്വീറ്റിയുടെ ആന്റിയെ ആണ് അവൾക്ക് ഒരു റോഡപകടത്തിൽ നഷ്ടമായത്. 2017ൽ കർണാടകയിൽ നിന്നുള്ള ദമ്പതികളും അതിഥികൾക്കായി 100 ഹെൽമറ്റുകളും 1000 തൈകളും വിതരണം ചെയ്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.

    പല രാജ്യങ്ങളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് റോഡ്പകടങ്ങൾ. ഇതിൽ ഇന്ത്യയുടെ സ്ഥാനം മുന്‍നിരയിലാണ്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (Ministry of Road Transport and Highways) ഔദ്യോഗിക കണക്കുകള്‍ പ്രകാരം റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ 199 രാജ്യങ്ങളിൽ വെച്ച്, ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. റോഡ് സുരക്ഷയെ സംബന്ധിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും ജനുവരി 11 മുതല്‍ ജനുവരി 17 വരെ ദേശീയ റോഡ് സുരക്ഷാ വാരം (National Road Safety Week) ആചരിക്കുന്നുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ദേശീയ റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്.
    Published by:Naveen
    First published: