നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | വീട് നഷ്ടപ്പെടുത്താൻ മനസ് വന്നില്ല, സാഹസികമായ ജലയാത്രയ്‌ക്കൊടുവിൽ സ്വപ്നഭവനം മാറ്റിസ്ഥാപിച്ച് ദമ്പതികൾ

  Viral Video | വീട് നഷ്ടപ്പെടുത്താൻ മനസ് വന്നില്ല, സാഹസികമായ ജലയാത്രയ്‌ക്കൊടുവിൽ സ്വപ്നഭവനം മാറ്റിസ്ഥാപിച്ച് ദമ്പതികൾ

  അടിയിലായി വലിയ വീപ്പകൾ സജ്ജീകരിച്ച്, ചെറിയ മോട്ടോർബോട്ടുകളുടെ സഹായത്തോടെയാണ് വീടിനെ നീക്കിയത്.

   Credits: Zenger/YouTube

  Credits: Zenger/YouTube

  • Share this:
   പുറത്തേക്ക് നോക്കിയാൽ അതിമനോഹരമായ ദൃശ്യങ്ങൾ കാണാവുന്ന തങ്ങളുടെ സ്വപ്നഭവനത്തിൽ താമസിച്ച് കൊതി തീർന്നിരുന്നില്ല ഈ കനേഡിയൻ ദമ്പതികൾക്ക്. അപ്പോഴാണ് വീട്ടുടമസ്ഥൻ ആ വീട് പൊളിച്ചുകളയാനും പുതുക്കിപ്പണിയാനും പദ്ധതിയിടുന്നതായി അവർ അറിഞ്ഞത്. തന്റെ ഹൃദയം ആ വീടിനോട് ചേർത്തു വെച്ചിരുന്ന ഡാനിയൽ പെന്നിയ്ക്ക് അത്യന്തം ദുഃഖകരമായിരുന്നു ആ വാർത്ത. അങ്ങനെയാണ് തന്റെ കാമുകൻ കിർക്ക് ലോവലുമായി ചേർന്ന് ആ വീട് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനുള്ള സാഹസികമായ പദ്ധതി അവർ ആസൂത്രണം ചെയ്തത്. തങ്ങളുടെ പ്രിയപ്പെട്ട വീടിനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് എത്തിക്കാൻ നടത്തിയ ആ ദമ്പതികളുടെ പ്രയത്നം ദുരിതത്തിന്റെയും പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും കഥ കൂടിയാണ്.

   റോഡ് മാർഗം ആ വീടിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുക എന്നത് പ്രായോഗികമായ കാര്യമല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. ഉയർന്ന വോൾട്ടേജ് ഉള്ള നിരവധി പവർ ലൈനുകൾ ആവശ്യമായി വന്നേക്കാവുന്ന ആ മാർഗം പിന്തുടർന്നാൽ ഒരുപാട് തടസങ്ങൾ അവർക്ക് നേരിടേണ്ടി വരുമായിരുന്നു. അങ്ങനെയാണ് ജലമാർഗം മറ്റൊരു കരയിലേക്ക് വീടിനെ കൊണ്ടുപോവുക എന്നത് ഒരു സാധ്യതയായി അവർക്ക് മുന്നിൽ തെളിഞ്ഞത്.

   വീടിനെ അതിന്റെ സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുക എന്നത് സാഹസികമായ കാര്യമാണെന്ന തിരിച്ചറിവ് ഡാനിയലിന് ഉണ്ടായിരുന്നു. അടുത്തിടെ കിർക്കിന്റെ സഹോദരൻ ഒരു ചെറിയ ആല വിജയകരമായി കടലിലൂടെ കൊണ്ടുപോയതാണ് അവർക്ക് ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഊർജം നൽകിയത്. ഈ ഉദ്യമം വിജയിക്കാൻ പരമാവധി ശ്രമിക്കാം എന്ന ആത്മവിശ്വാസമായിരുന്നു തങ്ങൾക്ക് മുതൽക്കൂട്ടായി ഉണ്ടായിരുന്നതെന്ന് ഡാനിയൽ പറയുന്നു. "ജലത്തിലൂടെയുള്ള യാത്ര അതിജീവിക്കാൻ ആ വീടിന് വിധിയുണ്ടെങ്കിൽ അത് സംഭവിക്കും", സിബിസി ന്യൂസിനോട് സംസാരിക്കവെ ഡാനിയലിന്റെ വാക്കുകളിൽ പ്രത്യാശാനിർഭരമായ ആത്മവിശ്വാസം സ്ഫുരിക്കുന്നുണ്ടായിരുന്നു.

   അടിയിലായി വലിയ വീപ്പകൾ സജ്ജീകരിച്ച്, ചെറിയ മോട്ടോർബോട്ടുകളുടെ സഹായത്തോടെയാണ് വീടിനെ നീക്കിയത്. കൂടുതൽ പ്ലവനബലം നൽകാനായി ഈ സംവിധാനം ഒരു ലോഹ ഫ്രെയിമിനോട് ചേർത്ത് ഘടിപ്പിക്കുകയും ചെയ്തു.


   എട്ട് മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ ഒരു തവണ വീടിന്റെ ഒരു മൂല താഴേക്ക് പതിച്ചതായി ഡാനിയൽ പറയുന്നു. അത് മൂലം വീടിന്റെ രണ്ടാം നില വരെ വെള്ളം കയറിയെന്നും അവർ ഓർക്കുന്നു. അതിനിടയിൽ കിർക്കിന്റെ ബോട്ട് തകർന്നത് അവരെ കൂടുതൽ പരിഭ്രാന്തരാക്കി. തന്റെ വീട് തകരുകയാണെന്ന് ഡാനിയൽ ഏറെക്കുറെ ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാൽ, അവരുടെ യാത്രയിൽ ആകൃഷ്ടരായ ജനക്കൂട്ടത്തിന്റെ സഹായത്തോടെ അവർക്ക് വീടിന്റെ സ്ഥിരത വീണ്ടെടുക്കാൻ കഴിഞ്ഞു. ഒടുവിൽ അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന തടസങ്ങളെയെല്ലാം മറികടന്ന് ആ ദമ്പതികൾ തങ്ങളുടെ സ്വപ്നഭവനം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക തന്നെ ചെയ്തു.

   അസാധാരണമെന്ന് തോന്നാവുന്ന ഈ പ്രയാണം വിജയിപ്പിക്കുന്നതിന് തങ്ങളെ സഹായിച്ച മനുഷ്യരോടെല്ലാം ഡാനിയൽ-കിർക്ക് ദമ്പതികൾ നന്ദി അറിയിച്ചു. വീടിനകത്ത് കയറിയ വെള്ളം കളയാനുള്ള ശ്രമത്തിലായിരുന്നു ഡാനിയൽ. വെള്ളം കയറിയത് മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ച് വീടിനെ താമസയോഗ്യമാക്കാൻ ഇനിയും സമയമെടുക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് എത്രയും പെട്ടന്ന് അവിടെ താമസം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.
   Published by:Jayesh Krishnan
   First published:
   )}