HOME » NEWS » Buzz » COUPLE SHOUTED AT THE POLICE DURING THE COVID CURFEW SEARCH

'ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ തടയുമോ'; പരിശോധനക്കിടെ പൊലീസിനോട് കയര്‍ത്ത് ദമ്പതിമാർ

മാസ്‌ക് ധരിക്കാത്തതിനെത്തുടർന്ന് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് ദമ്പതിമാർ മോശമായി പെരുമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി.

News18 Malayalam | news18-malayalam
Updated: April 19, 2021, 12:41 PM IST
'ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ തടയുമോ'; പരിശോധനക്കിടെ പൊലീസിനോട് കയര്‍ത്ത് ദമ്പതിമാർ
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: വാരാന്ത്യ കർഫ്യൂ ലംഘിച്ച ദമ്പതികൾക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. കര്‍ഫ്യൂവിനിടെ കാറിനുള്ളില്‍ മാസ്‌ക് ധരിക്കാത്തതിനെത്തുടർന്ന് വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരോട് ദമ്പതിമാർ മോശമായി പെരുമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി.

പട്ടേല്‍ നഗറിലെ താമസക്കാരായ പങ്കജ് ദത്ത, ഭാര്യ അഭ ഗുപ്ത എന്നിവരാണ് കാറിനുള്ളില്‍ മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചത്. ''നിങ്ങള്‍ എന്തിനാണ് എന്റെ കാര്‍ തടഞ്ഞത്? ഞാന്‍ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിലായിരുന്നു."- മാസ്ക് ധരിക്കാത്തതിന് ശാസിച്ചതിനെത്തുടര്‍ന്ന് യുവാവ് പൊലീസുകാരോട് പറഞ്ഞു. ''ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് എന്നെ തടയാന്‍ കഴിയുമോ''- എന്ന് യുവതി പൊലീസുകാരോട് ചോദിച്ചു.

കാറിനുള്ളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ പോലും മാസ്ക് ധരിക്കണമെന്ന് അടുത്തിടെ ഹൈക്കോടതി വിധിയുണ്ടെന്ന് പൊലീസുകാര്‍ പറഞ്ഞെങ്കിലും ദമ്പതിമാര്‍ തങ്ങളുടെ വാദങ്ങളില്‍ ഉറച്ചുനിന്നു. കര്‍ഫ്യൂ പാസും ഇരുവരുടേയും പക്കല്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ഡല്‍ഹി ദാരിയഗഞ്ച് പ്രദേശത്ത് സംഭവം. ഇതിനെത്തുടര്‍ന്ന് പങ്കജ് ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ ഭാര്യ അഭ ഗുപ്തയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കോവിഡ് അതി രൂക്ഷമായി പടരുന്ന സാഹചര്യത്തിലാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കാറിനുള്ളില്‍ യാത്ര ചെയ്യുകയാണെങ്കിലും മാസ്ക് ധരിക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.





ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ 2.73 ലക്ഷം

രാജ്യത്ത് പ്രതിദിന കോവിഡ് വർധന രണ്ടേമുക്കാൽ ലക്ഷമായി. മരണസംഖ്യയും കുതിച്ചുയർന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാക സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയിൽ പ്രതിദിന വർധന എഴുപതിനായിരത്തോളമായി.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ

ആകെ കോവിഡ് കേസുകൾ: 1,50,61,919
സജീവ കേസുകൾ: 19,29,329
ആകെ രോഗമുക്തി നേടിയവർ: 1,29,53,821
മരണനിരക്ക്: 1,78,769

ഇന്നലെ പുറത്തു വന്ന കണക്കുകൾ പ്രകാരം 2,61,500 പേർക്കായിരുന്നു ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടയിൽ രണ്ടേമുക്കാൽ ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ന് ആദ്യമായാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിന് മുകളിൽ ആകുമെന്ന സൂചനയാണിത്.
Published by: Rajesh V
First published: April 19, 2021, 12:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories