കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും ജനങ്ങൾക്ക് ആശ്വാസ നടപടികളെത്തിക്കുന്നതിനും രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന കളക്ടർമാരിൽ ഒരാളാണ് എസ് സുഹാസ് ഐഎഎസ്. ഈ എറണാകുളം കളക്ടർക്ക് ഒട്ടേറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ ഇതാ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ തന്നെ സുഹാസിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.
ജില്ലാ കളക്ടർ ഇത്രയും ഗ്ലാമറുള്ള പദവിയാണെന്ന് മലയാളികള്‍ക്ക് കാണിച്ച തന്ന സിനിമയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത 'ദി കിംഗ്'. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന മമ്മൂട്ടി കഥാപാത്രത്തെയാണ് യഥാർത്ഥ കളക്ടർമാരുമായി പലപ്പോഴും താരതമ്യം ചെയ്യാറുള്ളത്. ഈ കഥാപാത്രത്തെ സൃഷ്ടിച്ച തിരക്കഥാകൃത്ത് രഞ്ജി പണിക്കർ തന്നെയാണ് സുഹാസിനെ അഭിന്ദിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
''രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കളക്ടർ ശ്രീ സുഹാസ് ഐ. എ.എസ്. ഒറ്റപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണി യാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas..''- കിംഗിലെ പ്രശസ്തമായ സംഭാഷണം ഉൾപ്പെടുത്തി രഞ്ജി പണിക്കർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. തുരുത്തിലേക്ക് തോണിയിൽ പോകുന്ന സുഹാസിന്റെ ചിത്രവും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
പ്രളയകാലം, മരട് ഫ്ലാറ്റ് പൊളിക്കൽ, പള്ളി ഏറ്റെടുക്കൽ, ഓപ്പറേഷൻ ബ്രേക് ത്രൂ എന്നീ സമയങ്ങളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ചവെച്ച എസ് സുഹാസ് ഇപ്പോൾ കോവിഡ് കാലത്തും ഇതാവർത്തിക്കുകയാണ്. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച ജില്ലയായിരുന്നില്ല എറണാകുളം. എന്നാൽ നിരീക്ഷണം ശക്തമാക്കുന്ന കാര്യത്തിലും മുൻകരുതലുകളെടുക്കുന്ന കാര്യത്തിലും ആദ്യം മുതലേ സമഗ്രപദ്ധതി നടപ്പാക്കിയതാണ് മികച്ച ഫലമുണ്ടാക്കിയത്. പത്തനംതിട്ടയ്ക്കു പിന്നാലെ എറണാകുളത്തും രോഗം സ്ഥിരീകരിച്ചതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി. വിമാനത്താവളം, തുറമുഖം, മെട്രോ, റെയിൽവേ ഇതെല്ലാമുള്ള നഗരം തീർച്ചയായും ഈ സാഹചര്യത്തിൽ കനത്ത വെല്ലുവിളിയാണ് നേരിട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.