തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടി അംഗങ്ങളുടെ വീടുകളിലെല്ലാം പച്ചക്കറി കൃഷി ആരംഭിക്കാൻ സിപിഎം ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 22ന് ഭൗമദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അന്നേദിവസം വീട്ടുവളപ്പിൽ കൃഷി ആരംഭിച്ചിരുന്നു. ഇപ്പോൾ അന്ന് നട്ട വെണ്ടയുടെ ആദ്യ വിളവെടുപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കോടിയേരി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടുവളപ്പിലാണ് കോടിയേരി കൃഷി ചെയ്തത്.
പേരക്കുട്ടികൾക്കൊപ്പം വിളവെടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോടിയേരി കുറിച്ചത് ഇങ്ങനെ- 'സംസ്ഥാനത്തെ പാർട്ടി അംഗങ്ങളുടെ വീടുകളിലെല്ലാം പച്ചക്കറി കൃഷി തുടങ്ങാൻ സിപിഎം ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ലോക ഭൗമദിനത്തിൽ ഞാനും കുട്ടികളും വീട്ടിൽ ചെറിയ രീതിയിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. പച്ചക്കറി തൈകൾക്ക് വെള്ളവും വളവും നൽകിയതൊക്കെ പ്രധാനമായും പേരക്കുട്ടികളാണ്. ഞങ്ങളുടെ അടുക്കള തോട്ടത്തിലെ വെണ്ടയിൽ നിന്നും ഇന്ന് ആദ്യ വിളവെടുപ്പ് നടത്തി. പാർട്ടി സഖാക്കൾ വീട്ടിലും നാട്ടിലും പച്ചക്കറി കൃഷി നടത്തുന്നുണ്ടല്ലൊ. സുഭിക്ഷ കേരളത്തിനായി നമ്മളാൽ കഴിയുന്നത് നമുക്ക് ചെയ്യാം.'
ലോക ഭൗമദിനത്തിലാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനകീയ പച്ചക്കറിക്കൃഷിക്ക് തുടക്കമിട്ടത്. പാർട്ടി അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ അഞ്ചുലക്ഷത്തോളംപേർ വീടുകളിൽ പച്ചക്കറി തൈകൾ നട്ട് ക്യാമ്പയിന്റെ ഭാഗമായെന്ന് നേതാക്കൾ അറിയിച്ചിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഭാവിയിലുണ്ടാകാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് കൃഷി വ്യാപിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്താണ് കൃഷിക്ക് തുടക്കമിട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.