ഇന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ വരെ കൊറോണ വൈറസിന്റെ ചിത്രം കണ്ടാല്‍ തിരിച്ചറിയും. പല പഴങ്ങളെയും നാം കൊറോണ വൈറസുമായി (corona virus) താരതമ്യം ചെയ്യാറുമുണ്ട്. റമ്പൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ കണ്ടാൽ കൊറോണ വൈറസിനോട് രൂപസാദൃശ്യം തോന്നും. പച്ചക്കറികള്‍ക്ക് അത്ര രൂപസാദൃശ്യം തോന്നിയിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒഡിഷയിലെ (odisha) നബരംഗപൂര്‍ ജില്ലയിലെ സരഗുഡ ഗ്രാമത്തില്‍ കോവിഡ് 19 വൈറസിനോട് സാദൃശ്യം തോന്നുന്ന പച്ചക്കറിയാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു വെള്ളരിക്കയ്ക്കാണ് (cucumber) കൊറോണ വൈറസിനോട് സാദൃശ്യമുള്ളത്.
ഈ വെള്ളരി കൊറോണ വൈറസിന്റെ ചിത്രം പോലെ തന്നെയാണുള്ളതെന്ന് പ്രദേശത്തെ കര്‍ഷകര്‍ (farmers) അവകാശപ്പെടുന്നു. ഇത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തിയിരിക്കുകയാണ്.
കോവിഡ് 19 പരത്തുന്ന വൈറസ് മുള്ളുകളുള്ള ഒരു ഫസ്‌ബോള്‍ പോലെയാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, വിചിത്രമായ ആകൃതിയിലുള്ള ഈ വെളളരി ' കൊറോണ വെള്ളരി' എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. സരഗുഡ ഗ്രാമത്തിലെ ചന്ദ്ര പൂജാരിയുടെ കൃഷിഭൂമിയിലാണ് ഈ വെള്ളരി കണ്ടെത്തിയത്. ജരിഗുഡ ഗ്രാമവാസിയായ റാബി കിരണ്‍ ചില സ്വകാര്യ ജോലികള്‍ക്കായി സരഗുഡ ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇത് ശ്രദ്ധയില്‍ പെട്ടത്.
''വെള്ളരിക്കയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും അത് വൈറലാവുകയും ചെയ്തു. കൊറോണ വൈറസിന് സമാനമായ സ്‌പൈക്കുകളുള്ള ഈ അസാധാരണ വെള്ളരി കാണാന്‍ ആളുകള്‍ക്ക് ആശ്ചര്യവും ആകാംക്ഷയും ഉണ്ട്'' റാബി കിരണ്‍ പറഞ്ഞു.
Also Read- Ruhaan Arshad | 'ഇസ്ലാമിൽ സംഗീതം ഹറാം'; പ്രശസ്ത റാപ്പർ റുഹാൻ അർഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു
എന്നാല്‍ ഇത് പച്ചക്കറികള്‍ക്കുണ്ടാകുന്ന ഒരു രോഗമല്ലെന്ന് അഡീഷണല്‍ കൃഷി ഓഫീസര്‍ റാഷികാന്ത് സാഹു പറഞ്ഞു. ഒന്നുകില്‍ വിത്തുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകും, അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ച രൂപമാറ്റമാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് ഇന്നും ലോകത്ത് നിന്ന് വിട്ടുമാറിയിട്ടില്ല. വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനാവയവത്തെയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സൂണോട്ടിക് എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന ഈ വൈറസുകള്‍ മനുഷ്യരിലേക്കും പടരുന്നു. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. 2019 ഡിസംബര്‍ 31 ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് രോഗം ആദ്യം കണ്ടെത്തിയത്.
തുമ്മല്‍, ഹസ്തദാനം, അല്ലെങ്കില്‍ ചുമ എന്നിവ വഴി രോഗം ബാധിച്ച ഒരു വ്യക്തിയുടെ സ്രവങ്ങളിലൂടെ ഇത് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Odisha, Vegetable