• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'കുഴിമന്തി'യിൽ ഖേദം തുടരുന്നു; "ബോധപൂർവമല്ലാതെ ഫാസിസ്റ്റായതിൽ വേദനിക്കുന്നു' ശാരദക്കുട്ടി

'കുഴിമന്തി'യിൽ ഖേദം തുടരുന്നു; "ബോധപൂർവമല്ലാതെ ഫാസിസ്റ്റായതിൽ വേദനിക്കുന്നു' ശാരദക്കുട്ടി

"എങ്കിലും അതങ്ങു പിൻവലിക്കുന്നു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാൻ എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും"

 • Last Updated :
 • Share this:
  'കുഴിമന്തി'യെ ചൊല്ലിയാണ് സൈബർ ഇടങ്ങളിൽ ചൂടേറിയ ചർച്ച നടക്കുന്നത്. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാകാൻ അവസരം ലഭിച്ചാൽ ആദ്യം നിരോധിക്കുന്ന വാക്ക് കുഴിമന്തിയായിരിക്കുമെന്ന് എഴുത്തുകാരനും നടനുമായ വി കെ.ശ്രീരാമൻ കുറിച്ചത്. കുറിപ്പിനെ പിന്തുണച്ച് രംഗത്തെത്തിയ എഴുത്തുകാരി എസ്. ശാരദക്കുട്ടി ഇപ്പോൾ അത്തരം ഒരു കമന്റ് ഇട്ടതിൽ വേദനയുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. ‘ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാൻ എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും.’ ശാരദക്കുട്ടി കുറിച്ചു.

  ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്

  ''ഒരു ദിവസത്തേക്ക്‌
  എന്നെ കേരളത്തിന്റെ
  ഏകാധിപതിയായി
  അവരോധിച്ചാൽ
  ഞാൻ ആദ്യം ചെയ്യുക
  കുഴിമന്തി എന്ന പേര്
  എഴുതുന്നതും
  പറയുന്നതും
  പ്രദർശിപ്പിക്കുന്നതും
  നിരോധിക്കുക
  എന്നതായിരിക്കും.
  മലയാള ഭാഷയെ
  മാലിന്യത്തിൽ നിന്ന്
  മോചിപ്പിക്കാനുള്ള
  നടപടിയായിരിക്കും
  അത്.🙉🙊🙈
  പറയരുത്
  കേൾക്കരുത്
  കാണരുത്
  കുഴി മന്തി​''

  ഇതിന് താഴെ വന്ന ശാരദക്കുട്ടിയുടെ കമന്റ്

  'കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇമ്പ്രസീവ് ആയാലേ കഴിക്കാന്‍ പറ്റൂ,'.  Also Read-ഒരു പോസ്റ്റ് ഒരു ലൈക് തുടര്‍ന്ന് മുട്ടന്‍ വിവാദം; കുഴിമന്തി ഇത്ര ഭീകരനായിരുന്നോ ?

  കുഴിമന്തിയെ ചൊല്ലിയുള്ള ചർച്ചക്ക് ചൂടേറിയതോടെ വിശദീകരണകുറിപ്പുമായി ശാരദക്കുട്ടി രംഗത്തെത്തി-

  കുറിപ്പ് വായിക്കാം:

  ഒരു ഭക്ഷണം ഇഷ്ടമാണ്. അത് കഴിക്കാനിഷ്ടമാണ്, എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല , എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും. അതിന് balance ചെയ്യാനായി വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേർത്തു പറഞ്ഞാൽ Politically correct ആകുമോ ? ശാരദക്കുട്ടി എന്ന പേര് നിങ്ങൾക്കാർക്കും ഇഷ്ടമല്ല എന്നതുകൊണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല. അത് നിങ്ങൾക്ക് തോന്നുന്ന രീതിയിലെല്ലാം എഴുതി എന്നോടുള്ള ദേഷ്യം തീർക്കാം. അത് നിങ്ങളുടെ ഇഷ്ടം . നിങ്ങളുടെ സ്വാതന്ത്ര്യം. എന്നെ എന്റെ ഇഷ്ടങ്ങളെ വിമർശിക്കുന്നവർക്കെതിരെ വാളുമെടുത്ത് ഇറങ്ങാറില്ല ഞാൻ.

  സാമ്പാർ , തോരൻ, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും .

  Politically correct ആകാൻ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോ എന്ന് കരുതി ബോധപൂർവ്വം പരിശ്രമിക്കുന്നതു കൊണ്ടാണ്. ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാം.

  എല്ലാ ഭക്ഷണസാധനങ്ങളും എനിക്കിഷ്ടമല്ല ഇഷ്ടപ്പെടുവാൻ സാധ്യവുമല്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്. എന്റെ ഭക്ഷണം , നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ് ? Screen shot ഒക്കെ ധാരാളം പോയത് കൊണ്ട് കമന്റ് പിൻവലിക്കുന്നതിലർഥമില്ലെന്നറിയാം. എങ്കിലും അതങ്ങു പിൻവലിക്കുന്നു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാൻ എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും.

  എസ്.ശാരദക്കുട്ടി

  Also Read- 'കുഴിമന്തി'യില്‍ ശ്രീരാമനുളള തംസ് അപ്പ്; ശ്രദ്ധക്കുറവിന് സുനില്‍ പി ഇളയിടം നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ചു


  വികെ ശ്രീരാമന്റെ കുറിപ്പിന് സുനില്‍ പി. ഇളയിടം ഒരു `തംസപ്പ് ഇമോജി' നല്‍കിയതോടെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ചൂണ്ടികാണിച്ച് വിമർശനവുമായി ഒട്ടേറെ പേർ രംഗത്തെത്തി. പിന്നീട് വി കെ ശ്രീരാമന്‍റെ പരാമര്‍ശത്തിന് പിന്തുണ നല്‍കിയതില്‍ സുനില്‍ പി ഇളയിടം നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ചു.

  Kuzhimanthi | മന്തി വന്ന വഴി; കേരളത്തിൽ കുഴിമന്തി ആയത് എങ്ങനെ?


  'വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടൻ്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്' എന്ന് സുനില്‍ പി ഇളയിടം വ്യക്തമാക്കി.
  എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ തന്‍റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട് .പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള തന്‍റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
  Published by:Rajesh V
  First published: