• HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness World Record | മുപ്പത്തിയഞ്ച് മിനിറ്റ് കൊണ്ട് 23000 പേപ്പര്‍ ബോട്ടുകൾ; വിദ്യാര്‍ത്ഥികള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

Guinness World Record | മുപ്പത്തിയഞ്ച് മിനിറ്റ് കൊണ്ട് 23000 പേപ്പര്‍ ബോട്ടുകൾ; വിദ്യാര്‍ത്ഥികള്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

ഒറിഗാമി എന്നറിയപ്പെടുന്ന പേപ്പര്‍ ശില്‍പ്പകലയിലിലൂടെ ഇത്രയധികം പേപ്പർ ബോട്ടുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കിയതിനാണ് വിദ്യാര്‍ത്ഥികളെ തേടി ഗിന്നസ് റെക്കോര്‍ഡ് എത്തിയത്

  • Share this:
ലോകറെക്കോര്‍ഡുകളില്‍ ഇടം നേടാന്‍ വ്യത്യസ്തമായ രീതിയില്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. അത്തരത്തിലൊരു പ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഒഡീഷയിലെ കട്ടക്കിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇവര്‍ എന്താണ് ചെയ്തത് എന്നല്ലേ. 35 മിനിറ്റ് കൊണ്ട് 23000 പേപ്പര്‍ ബോട്ടുകള്‍ (paper boat) ഉണ്ടാക്കിയാണ് വിദ്യാര്‍ത്ഥികള്‍ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

ഒഡിഷയിലെ (odisha) 22 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഗിന്നസ് (Guinnes) റെക്കോര്‍ഡിനായുള്ള ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 2100ഓളം വിദ്യാര്‍ത്ഥികളാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് പിന്നില്‍. ഒറിഗാമി എന്നറിയപ്പെടുന്ന പേപ്പര്‍ ശില്‍പ്പകലയിലിലൂടെ ഇത്രയധികം പേപ്പർ ബോട്ടുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കിയതിനാണ് വിദ്യാര്‍ത്ഥികളെ തേടി ഗിന്നസ് റെക്കോര്‍ഡ് എത്തിയത്.

ഒഡിഷയിലെ കലിംഗ (kalinga) ടിവിയുടെ യൂട്യൂബ് ചാനല്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് വിദ്യാര്‍ത്ഥികളുടെ ഈ ഒറിഗാമി ശില്‍പ്പകല വെളിവായത്. വര്‍ണ്ണാഭമായ നിരവധി ബോട്ടുകളും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ തന്നെയെത്തി ബോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചാണ് അധികൃതര്‍ മടങ്ങിയത്.

ബരാബതി (Barabati) സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയുടെ സംഘാടകര്‍ കട്ടക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ്. നേരത്തെ ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ പേപ്പര്‍ ബോട്ടുകള്‍ നിര്‍മ്മിച്ച് നേടിയ റെക്കോര്‍ഡ് ആണ് ഇവര്‍ വീണ്ടും തിരുത്തിക്കുറിച്ചിരിക്കുന്നത്. പരിപാടി കൃത്യമായ രീതിയില്‍ സംഘടിപ്പിക്കാൻ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തന്നെ മുന്നിട്ട് ഇറങ്ങുകയായിരുന്നു.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പട്ടിക നേരത്തെ തയ്യാറാക്കിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഒറിഗാമി ബോട്ട് നിര്‍മ്മാണത്തിൽ കുട്ടികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കിയിരുന്നു.

ഈ മത്സരത്തിന്റെ നടത്തിപ്പിനും ഏകോപനത്തിനുമായി ഏകദേശം 30 ലക്ഷം രൂപയാണ് കട്ടക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെലവഴിച്ചത്. കലിംഗ ടിവിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. മത്സരം സംഘടിപ്പിച്ച ബരാബതി സ്റ്റേഡിയത്തില്‍ 50 ലധികം ഓഫീസര്‍മാരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കാനായി എത്തിയത്. മത്സരത്തിനിടെ വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത നഷ്ടപ്പെടാതാരിക്കാനും അധികൃതര്‍ വളരെയധികം ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി പരിപാടിക്കിടയില്‍ തടസ്സം വരാതിരിക്കാന്‍ കര്‍ശനമായ പരിശോധനയ്ക്ക് ശേഷം വിദ്യാര്‍ഥികളെ മാത്രമേ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിച്ചിരുന്നുള്ളു. സിഎംസി മേയര്‍, കമ്മീഷണര്‍, ഡിസിപി, കട്ടക്ക് കളക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയുടെ ഏകോപനത്തിനായി എത്തിയിരുന്നു.

അതേസമയം, 2019 ഓഗസ്റ്റ് 2 ന് രഥയാത്ര നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ രഥം നിര്‍മ്മിച്ചും ഒഡീഷ മറ്റൊരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. അന്ന് ഒഡീഷയില്‍ നിര്‍മ്മിച്ച കിയോഞ്ജര്‍ രഥത്തിന് 22 മീറ്ററിലധികം വലിപ്പമുണ്ടായിരുന്നു. രഥം നിര്‍മ്മിക്കാന്‍ ഏകദേശം 100 ദിവസമാണെടുത്തത്. നിര്‍മ്മാണത്തിന് മൊത്തം ഒരു കോടി രൂപ ചെലവായി.

രഥയാത്ര ഒഡിഷയുടെ പ്രധാന ഉത്സവങ്ങളുടെ ഭാഗമാണ്. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന രഥയാത്ര ഹിന്ദു ദേവതകളായ ജഗന്നാഥന്‍, ദേവി സുഭദ്ര, ബലഭദ്രന്‍ എന്നിവര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
Published by:Anuraj GR
First published: