ദേശാന്തരങ്ങൾക്കുമപ്പുറം വാമോസ് അർജന്റീനാ പാടിയുണർന്ന ഞായറാഴ്ചയാണിന്ന്. ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ മുട്ടുകുത്തിച്ചപ്പോൾ നീണ്ട 28 വർഷങ്ങളുടെ അർജന്റീനാ ഫാൻസിന്റെ കാത്തിരിപ്പിനാണ് കർട്ടൻ വീണത്.
അർജന്റീനയുടെ വിജയത്തിൽ ഉയർന്നു വന്ന ആഹ്ളാദം കണ്ടപ്പോഴാണ് ഇത്രയധികം ആരാധകർ അവർക്കുണ്ടോ എന്ന് പോലും പലരും അതിശയിച്ചത്. ആഹ്ളാദത്തിൽ മതിമറന്ന ഒരു മകന്റെയും അവന്റെ അച്ഛന്റെ പ്രതികരണത്തെയുമാണ് ഇപ്പോൾ വൈറലായ ഒരു വീഡിയോയിൽ കാണാൻ സാധിക്കുക.
തന്റെ ടി ഷിർട്ട് ചുഴറ്റി വാമോസ് അർജന്റീനാ വിളിച്ച് വീടിനകത്ത് ആഘോഷം അലതല്ലുകയാണ്. എന്നാൽ ആദ്യമെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരുന്ന അച്ഛൻ, പെട്ടെന്ന് പ്ലാസ്റ്റിക് കസേര ഉയർത്തി അടിക്കാൻ ഓങ്ങുന്നതും, മകൻ ഓടിമാറുന്നതാണ് വീഡിയോയിൽ ഉള്ളത്.
പല വീടുകളിലെയും അവസ്ഥയുടെ സാക്ഷ്യപത്രം കൂടിയാണ് ഈ വീഡിയോ. വീടിന്റെ ഓരോ പകുതിയിലും ബ്രസീലിന്റെയും അർജന്റീനയുടെയും ഫ്ലാഗുകൾ വരച്ചു ചേർത്ത അച്ഛന്റെയും മകന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
'എന്റെ വീട്ടിലെ അതെ സ്ഥിതി' എന്ന അടിക്കുറിപ്പോടു കൂടി മോഹൻലാൽ ചിത്രം '12th Man' രചയിതാക്കളിൽ ഒരാളായ കൃഷ്ണകുമാറും ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.
ലോക ഫുട്‌ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് മാറക്കാന സ്റ്റേഡിയം ഇന്ന് വേദിയായത്. 1993ന് ശേഷം കോപ്പ അമേരിക്ക കിരീടം കിട്ടാക്കനിയായി നില്‍ക്കുന്ന അര്‍ജന്റീന ഇന്ന് എന്ത് വില കൊടുത്തും അത് നേടാന്‍ തന്നെയാണ് ഇറങ്ങിയത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ഇന്നിറങ്ങിയത്.
Also read: അച്ഛൻ അർജന്റീന; മകൻ ബ്രസീൽ; ആവേശം മൂത്തപ്പോൾ വീടിന് രണ്ടു ടീമിന്റെ നിറംഅച്ഛൻ അർജന്റീനയുടെ കടുത്ത ആരാധകൻ. മക്കളാകട്ടെ ബ്രസീൽ ആരാധകരും. രണ്ടു ടീമിന്റെയും നിറങ്ങളാണ് ഇവരുടെ വീടിന്. കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിലുള്ള വീടിന്റെ പ്രധാന വാതിലിനരികിൽ വേൾഡ് കപ്പ് മാതൃകയും ഫുട്ബാളും ഒരുക്കിയിട്ടുണ്ട്. ഫുട്ബാൾ ലഹരി തലയ്ക്ക് പിടിച്ച ഗ്രാമത്തിന്റെ ആവേശത്തിന്റെ പ്രതീകം കൂടിയാണ് ഉഴത്തിൽ ചിറയിൽ യേശുദാസ് സേവ്യറുടെ വീട്. മുൻവശത്തെ പകുതി ചുവരിന് അർജന്റീനയുടെ നിറവും പകുതിക്ക് ബ്രസീലിന്റെ നിറവുമാണ്.
അൻപതുകാരനായ യേശുദാസ് സേവ്യർ അർജന്റീനയുടെ ആരാധകനാണ്. മക്കളായ അബുദബിയിലുള്ള ജോജോയും നാട്ടിലുള്ള ജോമോനും ബ്രസീൽ ആരാധകരും. വീടിന്റെ ഒരു പാതിയിൽ അർജന്റീന ടീമിന്റെയും മറു പാതിയിൽ ബ്രസീൽ ടീമിന്റെയും ജഴ്സിയുടെ നിറമാണ്. ഇത്തവണ അർജന്റീന കപ്പടിക്കുമെന്നാണ് സേവ്യർ അന്നേ ഉറപ്പിച്ചു പറഞ്ഞത്. എന്നാൽ അതങ്ങ് മനസ്സിൽ വെച്ചാൽ മതിയെന്നും കപ്പ് തങ്ങളുടെ കൈയിലിരിക്കുമെന്നുമായിരുന്നു 17കാരനായ ജോമോന്റെ പക്ഷം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.