മുന്‍കാലങ്ങളില്‍ ദളിതരുടെ (Dalits) വിവാഹ ഘോഷയാത്രകളില്‍ വരന്‍ കുതിരപ്പുറത്തു കയറുന്നതിനെ ഉയര്‍ന്ന ജാതിക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. അത്തരം സംഭവങ്ങള്‍ കണക്കിലെടുത്ത് ഒരു ദളിത് ഐപിഎസ് ഉദ്യോഗസ്ഥന്റെ (IPS Officer) വിവാഹ ഘോഷയാത്ര നടത്തിയത് പോലീസ് സംരക്ഷണയില്‍.
ജയ്പൂരിലെ (Jaipur) ജയ്‌സിംഗ്പുര ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മണിപ്പൂര്‍ കേഡറിലെ 2020 ബാച്ച് ഐപിഎസ് ഓഫീസര്‍ സുനില്‍ കുമാര്‍ ധന്വന്ത (26) ആണ് ത്വുവാഹ ഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയതെന്ന് അഡീഷണല്‍ എസ്പി വിദ്യപ്രകാശ് പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കായി പിന്നീട് അവര്‍ ഹരിയാനയിലേക്ക് പോയെന്നും അദ്ദേഹം അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് വിദ്യപ്രകാശ് പറഞ്ഞു.
ചൊവ്വാഴ്ച സമീപത്തെ സൂരജ്പുര ഗ്രാമത്തില്‍ നടന്ന 'ബിന്ദൗരി' ചടങ്ങിന്റെ ഭാഗമായും ഐപിഎസ് ഓഫീസർ പൊലീസ് സംരക്ഷണയില്‍ കുതിരപ്പുറത്ത് കയറിയിരുന്നു. വരന്‍ തന്റെ വിവാഹത്തെ കുറിച്ച് അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് (ജയ്പൂര്‍) മനീഷ് അഗര്‍വാള്‍ പറഞ്ഞു.
2001ല്‍ ധന്വന്തയുടെ അമ്മായി വിവാഹം കഴിച്ചപ്പോള്‍ അവരുടെ ഭർത്താവിനെ ഉയര്‍ന്ന ജാതിക്കാര്‍ ആക്രമിച്ചിരുന്നു. ''2001ല്‍ എന്റെ അമ്മായിയുടെ വിവാഹവേളയിൽ ഉയര്‍ന്ന ജാതിക്കാന്‍ താമസിക്കുന്ന പ്രദേശത്തു കൂടി വിവാഹ ഘോയാത്ര കടന്നുപോയതിന് വരനെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിക്കുകയുണ്ടായി. വരന്‍ കുതിരപ്പുറത്തായിരുന്നില്ല, എന്നിട്ടും അവർ ക്രൂരമായി മർദ്ദിച്ചു'', ധന്വന്ത പറയുന്നു.
''താന്‍ ഐപിഎസ് ഓഫീസറായതിൽ കുടുംബാംഗങ്ങൾ ആശങ്കാകുലരാണെന്ന് ധന്വന്ത പറഞ്ഞു. പ്രാഥമികമായി അവര്‍ക്ക് ഞാന്‍ ഒരു മകനാണ്. ഇന്നും ദളിത് വിഭാഗത്തില്‍ പെട്ട ആളുകള്‍ വിവാഹ ഘോയാത്രകള്‍ നടത്താന്‍ ഭയപ്പെടുന്നു. കാര്യങ്ങള്‍ കുറെയൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ട്'', ധന്വന്ത പറഞ്ഞു.
"പോലീസിന്റെ സാന്നിധ്യം ഞങ്ങളെ ഒട്ടും സന്തോഷിപ്പിക്കുന്നതല്ല. പക്ഷേ ഒരു സംഘർഷം ഉണ്ടായാല്‍ അത് എല്ലാവര്‍ക്കും പ്രയാസം ഉണ്ടാക്കും. സമൂഹത്തില്‍ മാറ്റം കൊണ്ടുവരുക എന്നതാണ് എന്റെ ഏക ലക്ഷ്യം'', ധന്വന്ത പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന, ഒരു ദളിത് യുവാവിന്റെ വിവാഹഘോഷയാത്രയിൽ സ്ഥലത്തെ എംഎല്‍എ പങ്കെടുത്തിരുന്നു. ശക്തമായ ഒരു സന്ദേശമാണ് ഇതിലൂടെ ജനപ്രതിനിധി നൽകിയത്. മുന്‍കാലങ്ങളില്‍ രാജസ്ഥാനില്‍ ദളിതരുടെ വിവാഹ ഘോഷയാത്രകള്‍ക്ക് നേരെ ആക്രമണം സാധാരണമായിരുന്നു. രാജസ്ഥാന്‍ പോലീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ദശാബ്ദത്തില്‍ ദളിത് വരന്മാരെ കുതിരപ്പുറത്ത് കയറുന്നതിൽ നിന്ന് വിലക്കിയതിന്റെ പേരിൽ 76 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dalit, Police officer, Rajasthan