ഗായിക സിത്താര കൃഷ്ണകുമാറിനെ മകൾ സംഗീതം പഠിപ്പിക്കുന്ന വീഡിയോ ഓർമ്മയില്ലേ? പമ്പയാറിൻ പനിനീർക്കടവിൽ എന്നു തുടങ്ങുന്ന ഗാനമാണ് അന്ന് മകൾ അമ്മയെ പഠിപ്പിച്ചത്. വരികൾ തെറ്റിയപ്പോൾ ശകാരിക്കാൻ ഒരുങ്ങുന്ന മകളുടെ ക്യൂട്ട് വീഡിയോ അന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതാണ്. ഇപ്പോഴിതാ, സിത്താര കൃഷ്ണകുമാറിന്‍റെ മകളുടെ മറ്റൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വീട്ടിൽ മറ്റാരും കാണാതെ സ്വയം മൊബൈൽ ഉപയോഗിച്ചാണ് സായു എന്ന സാവൻ ഋതു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഹെൽത്ത് ടിപ്സുമായാണ് ഇത്തവണ സായുവിന്‍റെ വരവ്. പ്രൊഫഷണൽ യുട്യൂബേഴ്സിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് സായുവിന്‍റെ പ്രകടനം.
'എന്റെ ഡ്രാഫ്‌റ്‌റ്സിലേക്ക് സ്വാഗതം. ഹെൽത്തി ഈറ്റിംഗ് ആണ് വിഷയം!! പൊറോട്ട എത്തിയപ്പോ ചെറുതായൊരു ചാഞ്ചാട്ടം (സ്വാഭാവികം )!!! പിന്നെ പല്ലിന്റെ കാര്യം, (അതിന് പല്ലെവിടെ സായൂ!!!!!
NB: അമ്മമ്മ കാണാതെ ഫോണിൽ വീഡിയോ ഷൂട്ട് ചെയുന്നതിനാൽ ഒരു ചെറിയ കള്ളലക്ഷണം ഇല്ലാതില്ല
സബ്സ്ക്രൈബ് ക്ലിക്ക് ദി ബെൽ ഐക്കൺ', എന്ന ക്യാപ്‌ഷനിലൂടെയാണ് മകളുടെ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയ വഴി സിതാര പങ്കിട്ടത്.
സിത്താരയുടെ ഭർത്താവ് സജിഷും ഈ രസകരമായ വീഡിയോ പങ്ക് വച്ചിട്ടുണ്ട്. മനോഹരമായ ക്യാപ്‌ഷനാണ് വീഡിയോയ്ക്ക് സജീഷും നൽകിയിരിക്കുന്നത്. "സായൂന്റെ സെൽഫി വീഡിയോ. "ഹെൽത്തി ഈറ്റിംഗ്...! നമ്മള് നല്ലോണം പച്ചക്കറികളും, പഴവർഗ്ഗങ്ങളും, കാരറ്റും എല്ലാം കഴിക്കണം... രാത്രിയും രാവിലെയും പല്ല് തേക്കണം... നല്ലോണം വെള്ളം കുടിക്കണം.. മാത്രല്ല, അമ്മമ്മ വരുന്നേന് മുൻപേ വീഡിയോ തീർക്കണം", എന്ന് കുറിച്ചുകൊണ്ടാണ് സജിഷ് വീഡിയോ പങ്കിട്ടത്.
ഏതായാലും കുഞ്ഞു സായുവിന്‍റെ ഹെൽത്ത് ക്ലാസിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ വീഡിയോ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പേർ സായുവിനെ അഭിനന്ദിച്ച് കമന്‍റുകളുമായും രംഗത്തെത്തിയിട്ടുണ്ട്. സിത്താരയുടെ ആരാധകരെ കൂടാതെ സിനിമാ രംഗത്തുള്ള പ്രമുഖരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഇതിനോടകം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ സിത്താര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. കുടുംബ വിശേഷങ്ങളുമായി എത്തുന്ന സിത്താരയുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മകൾക്കൊപ്പമുള്ള സിത്താരയുടെ വീഡിയോ നിരവധി തവണ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ, പുതിയ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.