മക്ഡൊണാള്‍ഡ്സില്‍ നിന്ന് വാങ്ങിയ കോളയില്‍ ചത്ത പല്ലിയെ (dead lizard) കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള (ahmedabad) മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില് (McDonald's outlet) നിന്നും വാങ്ങിയ കോളയിലാണ് പല്ലിയെ കണ്ടത്. ഇതോടെ ഔട്ട്ലൈറ്റ് സീല്‍ (sealed) ചെയ്തതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്‍ഗവ് ജോഷി എന്നയാളാണ് കോളയിൽ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ഇയാള്‍ ഓര്‍ഡര്‍ ചെയ്ത മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഒരു ഗ്ലാസ് കോളയും മേശപ്പുറത്ത് വെച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ക്യാമറ, കപ്പിലേക്ക് സൂം ചെയ്യുമ്പോള്‍ ഒരു ചെറിയ പല്ലി അതില്‍ പൊങ്ങിക്കിടക്കുന്നതും കാണാം. കോളയിൽ പല്ലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു മണിക്കൂറിലധികം ഔട്ട്ലെറ്റിനുള്ളില് കാത്തുനിന്നതായി ജോഷിയും സുഹൃത്തുക്കളും മറ്റൊരു വീഡിയോയില്‍ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ പരാതി ആരും മുഖവിലക്കെടുത്തില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഔട്ട്ലെറ്റില് നിന്നും പാനീയത്തിന്റെ 300 രൂപ റീഫണ്ട് നല്‍കാമെന്ന് പറഞ്ഞുവെന്നും യുവാക്കള്‍ പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് (എഎംസി) ഉടനടി നടപടിയെടുത്തു. എഎംസി ഫുഡ് സേഫ്റ്റി ഓഫീസര്‍ ദേവാങ് പട്ടേല്‍ മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില് നിന്ന് ശീതളപാനീയത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് അഹമ്മദാബാദിലെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഭാര്‍ഗവ് ജോഷിയുടെ പരാതിയെത്തുടര്‍ന്ന് എഎംസി ഔട്ട്ലെറ്റ് സീല്‍ ചെയ്യുകയും ചെയ്തു. കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ ഔട്ട്ലെറ്റ് തുറക്കരുതെന്നും എഎംസി നിര്‍ദേശിച്ചു. സീല്‍ ചെയ്ത ഔട്ട്ലെറ്റിന്റെ ചിത്രവും ജോഷി ട്വിറ്ററില്‍ പങ്കുവച്ചു. 'എഎംസി ചെയ്തത് മഹത്തായ ജോലിയാണ്,' എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ജോഷിയുടെ വാക്കുകള്‍.
Also Read-
വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ മനുഷ്യ ശരീരമോ? വീഡിയോക്ക് പിന്നിലെ വാസ്തവം
അതേസമയം, ഉപഭോക്താവ് ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മക്ഡൊണാള്‍ഡ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഔട്ട്ലെറ്റില് പരിശോധന നടത്തിയെങ്കിലും കുഴപ്പമൊന്നും കണ്ടെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്ഡൊണാള്‍ഡ്സ് അധികാരികളുമായി സഹകരിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. 'ഗോള്‍ഡന്‍ ഗ്യാരണ്ടി' പദ്ധതിയുടെ ഭാഗമായി കര്‍ശനമായ 42 സുരക്ഷാ, ശുചിത്വ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മക്ഡൊണാള്‍ഡ് പറഞ്ഞു.
Also Read-
അയ്യേ! കള്ളാ പറ്റിച്ചേ; ബുദ്ധിമതിയായ യുവതിയുടെ തന്ത്രത്തിൽ മോഷ്ടാക്കൾ പിന്മാറി
മുൻപും, മക്ഡൊള്ഡില് നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയ വാർത്ത പുറത്തു വന്നിരുന്നു. കൊല്‍ക്കത്തയിലെ മാണി സ്ക്വയറിലെ മക്ഡൊണാള്‍ഡ്സ് ബ്രാഞ്ചില്‍ നിന്ന് കൊല്‍ക്കത്ത സ്വദേശി പ്രിയങ്ക വാങ്ങിയ ഫ്രഞ്ച് ഫ്രൈസിലാണ് ചത്ത പല്ലിയെ ലഭിച്ചത്.മകളുടെ ജന്മദിനമാഘോഷിക്കാനായി കുടുംബത്തോടൊപ്പം മക്ഡൊണാള്‍ഡ്സില്‍ എത്തിയതായിരുന്നു പ്രിയങ്ക. എന്നാല്‍ പല്ലിയെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞപ്പോള്‍ അധികൃതര്‍ ഭക്ഷണം മാറ്റിനല്‍കിയില്ല. തുടര്‍ന്ന് പ്രിയങ്കയും കുടുംബവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മനുഷ്യ ഉപഭോഗത്തിന് ആവശ്യമായ ഏതെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന ഏതൊരു വ്യക്തിക്കും പിഴ ചുമത്തും. ഒരു ലക്ഷം രൂപ പിഴയും ആറു മാസം വരെ തടവും അനുഭവിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.