ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പൂന്തോട്ടമാണ് ഇംഗ്ലണ്ടിലെ (england) നോര്‍ത്തമ്പര്‍ലാന്‍ഡിലെ ആല്ന്വിക് ഗാര്ഡന് (alnwick garden). എന്തെന്നാല്‍, 100ലധികം വിഷ സസ്യങ്ങളും (toxic plants) മയക്കു മരുന്ന് ചെടികളുമാണ് ഈ ഉദ്യാനത്തിലുള്ളത്. അതിനാലാണ് ഉദ്യാനത്തിന് പോയ്സൺ ഗാര്ഡന് (poison garden) എന്ന് പേര് വരാന്‍ കാരണം. നോര്‍ത്തമ്പര്‍ലാന്‍ഡിലെ പ്രഭുപത്നിയായ ജെയ്ന്‍ പേഴ്സിയുടെ (jane percy) ആഗ്രഹ പ്രകാരമാണ് പൂന്തോട്ടം ഒരുക്കിയത്. 2005ലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ഇറ്റലിയിലെ പ്രശസ്തമായ മെഡിസി പോയ്സന് ഗാര്ഡന് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് തന്റെ പൂന്തോട്ടവും വിഷ സസ്യങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കണമെന്ന തീരുമാനത്തില്‍ ജെയ്ന്‍ പേഴ്സി എത്തിയത്. ഓരോ വര്‍ഷവും ഏകദേശം 600,000 സന്ദര്‍ശകര്‍ പൂന്തോട്ടം കാണാന്‍ വരാറുണ്ടെന്നും അവർക്ക് ഗൈഡുകള്‍ക്ക് ഒപ്പം മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും ഉദ്യാനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
പൂന്തോട്ടത്തിലെ ചെടികള്‍ സ്പര്‍ശിക്കുകയോ മണക്കുകയോ രുചിക്കുകയോ ചെയ്യരുത് എന്ന മുന്നറിയിപ്പോടെയാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിടുന്നത്. ഈ വിഷ സസ്യങ്ങളുടെ മണം ശ്വസിച്ച് ആളുകള്‍ ബോധം കെട്ട് വീണ സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സന്ദര്‍ശകരെ കൂടാതെ, നിരവധി സസ്യശാസ്ത്ര പ്രേമികളും ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്താറുണ്ട്. മോണ്ക്ഹൂഡ്, റോഡോഡെന്ഡ്രോണ്സ്, വുള്‍ഫ്സ് ബേന്‍ തുടങ്ങിയ ഏറ്റവും മാരകമായ വിഷസസ്യങ്ങളെ കാണാനായി മാത്രമാണ് അവര്‍ ഇവിടെ സന്ദര്‍ശിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ലോകത്തിലെ ഏറ്റവും വിഷമുള്ള സസ്യമായ റിസിനും പൂന്തോട്ടത്തിലുണ്ട്.
വിഷമാണെങ്കിലും ചികിത്സിക്കാന്‍ കഴിയാത്ത ചില രോഗങ്ങള്‍ ഭേദമാക്കാന്‍ പൂന്തോട്ടത്തിലെ നിരവധി സസ്യങ്ങള്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. 20 മിനിറ്റിനുള്ളില്‍ ഒരാളെ കൊല്ലാന്‍ തക്ക വീര്യമുള്ള ടാക്സിന് അടങ്ങിയ യൂ മരവും പൂന്തോട്ടത്തിലുണ്ട്. എന്നിരുന്നാലും, സ്തനാര്‍ബുദ ചികിത്സയ്ക്ക് വളരെ ഉപയോഗപ്രദമായ മരുന്നായ ടാക്സോളും ഇവിടെ ഉണ്ട്.
Also Read-Love | മേക്ക് ഓവർ നൽകി; പിന്നെ പ്രണയം, വിവാഹം; ഭവനരഹിതനായ യുവാവിനെ ജീവിത പങ്കാളിയാക്കി യുവതി
ബെല്‍ജിയന്‍ ലാന്‍ഡ്സ്കേപ്പ് ഡിസൈനര്‍മാരായ ജാക്വസും പീറ്റര്‍ വിര്‍ട്സും ആണ് വ്യത്യസ്തത നിറഞ്ഞ ഉദ്യാനത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. 2001 ഒക്ടോബറില്‍ പുനര്‍നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പുനര്‍നിര്‍മാണത്തിന് ആകെ 42 മില്ല്യന്‍ ഡോളറാണ് ചെലവ് വന്നത്.
2001 ഒക്ടോബറില്‍ പുനര്‍ നിർമ്മാണത്തിന്റെആദ്യ ഘട്ടത്തില്‍ കാസ്കേഡുകളും പൂന്തോട്ടങ്ങളുടെ പ്രാരംഭ നടീലും നടത്തി. 2004ല്‍ 6,000 ചതുരശ്ര അടിയില്‍ ഒരു കഫെ ഉള്‍പ്പെടെ ട്രീ ഹൗസ് സമുച്ചയം തുറന്നു. 2006 മെയ് മാസത്തില്‍ സര് മൈക്കല്‍ ഹോപ്കിന്‍സും ബ്യൂറോ ഹാപ്പോള്ഡും ചേര്‍ന്ന് രൂപകല്പന ചെയ്ത ഒരു പവലിയനും ആയിരം പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഒരു സന്ദര്‍ശക കേന്ദ്രവും ഇവിടെ തുറന്നു. ആര്‍ക്കിടെക്ചറല്‍ ലാന്‍ഡ്സ്കേപ്പിംഗ്, ടോപ്പിയറി, അലങ്കാര ഗേറ്റുകള്‍ എന്നിവയെല്ലാം പുതിയ പ്രത്യേകതകളാണ്
link:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.