നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ 1.1 കോടി രൂപ (1.1 crore) കൊള്ളയടിച്ച അഞ്ച് പേരെ ഡല്‍ഹി പൊലീസ് (Delhi Police) അറസ്റ്റ് ചെയ്തു. മാര്‍ച്ച് 3ന് രോഹിണി മേഖലയിലുള്ള ഒരു വ്യവസായിയുടെ രണ്ട് ജീവനക്കാര്‍ ജ്വല്ലറിയില്‍ (Jewellery) നിന്ന് 1.1 കോടി രൂപയുമായി മടങ്ങുന്നതിനിടെയാണ് സംഭവം. ചാന്ദ്‌നി ചൗക്കില്‍ നിന്ന് സ്‌കൂട്ടറില്‍ ഓഫീസിലേക്ക് മടങ്ങവെ, മൂന്ന് അക്രമികള്‍ ബൈക്കില്‍ എത്തി ഇവരുടെ വഴി തടയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മോഷ്ടാക്കൾ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി (gunpoint) ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗുമായി രക്ഷപ്പെടുകയായിരുന്നു.
ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിന് (Chandni Chowk Market) സമീപത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരാഴ്ചയ്ക്ക് ശേഷം വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണത്തില്‍ നിന്ന് പ്രതികള്‍ ഒരു ലക്ഷം രൂപ ഖതുശ്യാം ക്ഷേത്രത്തിൽ സംഭാവന നൽകിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കവര്‍ച്ചക്കാരെ കണ്ടെത്തുകയായിരുന്നു.
Also read- Arrest | നടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ
''തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അവരെ ട്രാന്‍സ്-യമുന മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. കൊള്ളയടിച്ച ഒരു കോടി രൂപയും കണ്ടെടുത്തു'', ഡിസിപി (നോര്‍ത്ത്) സാഗര്‍ സിംഗ് കല്‍സി പറഞ്ഞു. വിവിധ കേസുകളിലായി മോഷണം പോയ സ്വര്‍ണം ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനാണെന്നും പൊലീസ് കണ്ടെത്തി. ഈ പണത്തെ കുറിച്ച് വിവരം നല്‍കിയ മുന്‍ ജീവനക്കാരനുമായി കൂടിയാലോചിച്ചാണ് മോഷണത്തിനായുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. മോഷ്ടിച്ച പണത്തിന്റെ ഒരു പങ്ക് ക്ഷേത്രത്തില്‍ സംഭാവന നല്‍കാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റില്‍ സിസിടിവികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ പ്രദേശത്ത് 300ലധികം സിസിടിവികള്‍ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.
നേരത്തെ, ഡല്‍ഹിയില്‍ ഗൃഹനാഥനെ ആക്രമിച്ച് വീട് കൊള്ളയടിച്ച കേസില്‍ മൂന്നു പേരെ പിടികൂടിയിരുന്നു. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍സംഘം കൊള്ള നടത്തിയത്. മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സി.ഇ.ഒയുടെ വീട്ടിലാണ് പട്ടാപ്പകല്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. സി.ഇ.ഒയെ ആക്രമിച്ചായിരുന്നു മോഷണം നടത്തിയത്. ഇയാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തോക്ക് ചൂണ്ടിയെത്തിയ മൂന്നംഗ സംഘം വീടിനകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗ്, ജാക്കറ്റ്, ഷൂസ്, വാച്ച്, സ്‌കൂട്ടര്‍ എന്നിവ മൂന്നംഗ സംഘം കവര്‍ന്നതായാണ് പരാതി. കവച്ചയ്ക്കിടെ സംഘത്തിലെ ഒരാളെ ശുഭം എന്ന് മറ്റുള്ളവര്‍ വിളിച്ചിരുന്നതായി സിഇഒ മൊഴി നല്‍കിയിരുന്നു. ഇത് അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്ന് ശുഭം എന്ന പേരുള്ള 150-ഓളം ക്രിമിനലുകളുടെ ചിത്രങ്ങള്‍ പോലീസ് സിഇഒക്ക് നല്‍കി. ഇതില്‍ നിന്ന് വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ ആളെ തിരിച്ചറിയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi, Robber nabbed, Robbery