യാത്രകൾ ചെയ്യാനും ലോകം ചുറ്റാനും ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. എങ്കിലും, ജോലിത്തിരക്കിനിടയിൽ പലപ്പോഴും അതിനുള്ള അവസരം ലഭിക്കാറില്ല എന്നതാണ് പലരുടെയും പ്രശ്നം. എന്നാൽ, സ്വന്തം ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഒരിക്കൽ ഇറങ്ങിപ്പുറപ്പെട്ടാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് പറയുകയാണ് കോർപ്പറേറ്റ് ജോലിയുപേക്ഷിച്ച് ലോകം ചുറ്റുന്ന ആകാൻഷ മോംഗ എന്ന യുവതി. ഡൽഹി സ്വദേശിനിയായ ആകാൻഷ, ലിങ്ക്ഡ്ഇനിലെ സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് സോളോ യാത്രകൾ ചെയ്യുന്നത്. ആകാൻഷയുടെ യാത്രകൾ ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു.
യാത്ര ചെയ്യുക എന്നത് ഒരു മുഴുവൻ സമയ ജോലിയായെടുക്കാൻ തീരുമാനിച്ച നിമിഷം മുതൽ, സമൂഹമാധ്യമങ്ങളിലും സജീവമാണ് ആകാൻഷ. ഒറ്റയ്ക്കുള്ള യാത്രകളിൽ നിന്നും പകർത്തുന്ന ദൃശ്യങ്ങൾ, ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർക്കായുള്ള നിർദ്ദേശങ്ങൾ, അധികമാരും സഞ്ചരിക്കാത്തയിടങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ എന്നിങ്ങനെ പലതും ആകാൻഷയുടെ സമൂഹമാധ്യമ പേജുകളിൽ കാണാം. തുടർച്ചയായി ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് തോന്നിയ ക്ഷീണവും മടുപ്പുമാണ് തന്നെ ഈ നിർണായക തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ആകാൻഷ പറയുന്നു.
I quit my job at LinkedIn.
Last year, on this very date.
When I left, I promised to give myself 1 year to focus on my passion and travel the world full time.
When I left I was burnt out,had 250k followers on IG, worked alone.
Want to know how it’s going now? 🌻 pic.twitter.com/NJzNgKrOjQ
— Aakanksha Monga (@Aakanksha_99) May 17, 2023
ലിങ്ക്ഡ്ഇനിൽ നിന്നും രാജിവച്ചതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ആകാൻഷ ട്വിറ്ററിൽ എഴുതിയതിങ്ങനെ: ‘കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഞാൻ ലിങ്ക്ഡ്ഇനിലെ ജോലി ഉപേക്ഷിച്ചത്. അവിടെ നിന്നും ഇറങ്ങിയപ്പോൾ, ഞാൻ എനിക്കു തന്നെ ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. എൻ്റെ പാഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും, മുഴുവൻ സമയവും ലോകം ചുറ്റാൻ ചെലവഴിക്കുക എന്നുമായിരുന്നു അത്.’
ഡൽഹിയിലെ ഹിന്ദു കോളേജിൽ നിന്നും കൊമേഴ്‌സിൽ ബിരുദമെടുത്ത ശേഷം ആകാൻഷ ബെയ്ൻ ആൻഡ് കമ്പനിയിൽ അനലിസ്റ്റായി ജോലിയിൽ പ്രവേശിച്ചത് 2020ലായിരുന്നു. ഒരു വർഷക്കാലത്തോളം അനലിസ്റ്റ് ജോലിയിൽ തുടർന്ന ശേഷമാണ് ആകാൻഷ ലിങ്ക്ഡ്ഇനിലേക്ക് മാറിയത്. ക്രിയേറ്റർ മാനേജർ അസോസിയേറ്റായി പുതിയ ജോലി ഏറ്റെടുത്ത ആകാൻഷയ്ക്ക് ആറുമാസം മാത്രമേ അവിടെ തുടരാനായുള്ളൂ. ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ, ജോലിയിൽ വല്ലാതെ മടുപ്പനുഭവപ്പെടുന്നതായി ആകാൻഷയ്ക്ക് തോന്നി. കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായി പിന്നീട്.
‘ജോലിയുപേക്ഷിക്കുമ്പോൾ ഞാനാകെ മടുത്ത അവസ്ഥയിലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഉണ്ടായിരുന്നത് രണ്ടരലക്ഷം ഫോളോവേഴ്‌സും. ഒറ്റയ്ക്കായിരുന്നു ഞാൻ ജോലികളെല്ലാം ചെയ്തിരുന്നത്.’ ആകാൻഷ ട്വിറ്ററിൽ കുറിച്ചു.
യാത്രകളാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ആകാൻഷ കണ്ടുതീർത്ത രാജ്യങ്ങൾ അനവധിയാണ്. സിംഗപ്പൂർ, ഫിലിപ്പീൻസ്, സ്‌പെയിൻ, നെതർലാൻഡ്‌സ്, വിയറ്റ്‌നാം, തായ്‌ലാൻഡ്, ജർമനി എന്നിവ അവയിൽ ചിലതുമാത്രം. യാത്രകളെക്കുറിച്ച് പോസ്റ്റു ചെയ്യുന്ന ആകാൻഷയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോൾ ഏഴു ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. അതായത്, മുഴുവൻ സമയ കണ്ടൻ്റ് ക്രിയേറ്ററായി മാറിയ ശേഷം ഒരു വർഷത്തിൽ ആകാൻഷ നേടിയത് അഞ്ചു ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ്.
‘പുതിയ സംസ്‌കാരങ്ങളെയും അനുഭവങ്ങളെയും കണ്ടെത്തുന്നതിലും പരിചയപ്പെടുന്നതിലുമാണ് യാത്രകളുടെ ഹരം. അടുത്ത സ്ഥലത്തേക്ക് പോകാനുള്ള ആവേശമാണെനിക്കെപ്പോഴും. മറ്റുള്ളവരെയും കംഫോർട്ട് സോണുകളിൽ നിന്നും പുറത്തുവരാൻ എൻ്റെ യാത്രകൾ പ്രേരിപ്പിക്കണമെന്നാണ് എൻ്റെ ആഗ്രഹം. അതിനൊപ്പം, നമുക്കു ചുറ്റുമുള്ള അദൃശ്യമായ അതിർവരമ്പുകൾ ഭേദിക്കാൻ സ്ത്രീകൾക്കും ഇതൊരു പ്രചോദനമാകണം.’ ലിങ്ക്ഡ്ഇനിൽ ആകാൻഷ മോംഗ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Social media, Travel, Travel18