• HOME
  • »
  • NEWS
  • »
  • buzz
  • »
  • Travel | 'ഇവർ കുടുംബാം​ഗങ്ങൾ'; മൂന്നു പൂച്ചകളുമായി ഉലകം ചുറ്റുന്ന വക്കീലും ഭാര്യയും

Travel | 'ഇവർ കുടുംബാം​ഗങ്ങൾ'; മൂന്നു പൂച്ചകളുമായി ഉലകം ചുറ്റുന്ന വക്കീലും ഭാര്യയും

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ ഡാൻ തന്റെ ഭാര്യയ്ക്കും മൂന്ന് പൂച്ചകൾക്കുമൊപ്പമാണ് ലോകം ചുറ്റുന്നത്.

  • Share this:
    യാത്ര (Travelling) പോകാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ചിലർക്ക് തനിച്ച് യാത്ര ചെയ്യാനായിരിക്കും ഇഷ്ടം. എന്നാൽ മറ്റു ചിലർക്കാകട്ടെ പ്രിയപ്പെട്ടവർക്കൊപ്പം യാത്ര ചെയ്യാനാകും താത്പര്യം. ചിലർ യാത്രയിൽ വളർത്തു മൃ​ഗങ്ങളെയും (Pets) കൂടെക്കൂട്ടാൻ ഇഷ്ടപ്പെടുന്നവരാണ്. അത്തരമൊരാളാണ് ന്യൂയോർക്ക് (New York) സ്വദേശിയായ ഡാൻ ഗുയെൻ (Dan Nguyen). ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ ഡാൻ തന്റെ ഭാര്യയ്ക്കും മൂന്ന് പൂച്ചകൾക്കുമൊപ്പമാണ് (Cats) ലോകം ചുറ്റുന്നത്. സ്പോഞ്ച്കേക്ക്, ഡോനട്ട്, മോച്ച എന്നിങ്ങനെയാണ് പൂച്ചകളുടെ പേരുകൾ.

    ‌തങ്ങളുടെ യാത്രാ വിശേഷങ്ങൾ പങ്കു വെക്കാനായി ഒരു ഇൻസ്റ്റ​ഗ്രാം പേജും ഡാൻ ആരംഭിച്ചിരുന്നു. അതിൽ സ്പോഞ്ച്കേക്കിന്റെയും, ഡോനട്ടിന്റെയും, മോച്ചയുടെയും വിശേഷങ്ങളും പങ്കു വെയ്ക്കാറുണ്ട്.

    ഈ മൂന്നു പൂച്ചകളും ഇല്ലാത്തൊരു യാത്ര ഇപ്പോൾ ഡാന് സങ്കൽപിക്കാൻ പോലുമാകില്ല. ''അവരില്ലാതെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയില്ല. അവർ ഞങ്ങളുടെ കുടുംബം​ഗങ്ങളായി മാറി'', ഡാൻ ബിബിസിയോട് പറഞ്ഞു. തന്റെ പൂച്ചകൾക്ക് ഇപ്പോൾ അന്താരാഷ്‌ട്ര യാത്രകൾ ഏറെ പരിചിതമായിക്കഴിഞ്ഞുവെന്നും അവരത് ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ''തുടക്കത്തിൽ, അവയെ ബാക്ക്പാക്ക് കാരിയറുകളിൽ വെച്ചാണ് കൊണ്ടുപോയിരുന്നത്. ക്രമേണ ഞങ്ങൾ അവരെ അതിൽ നിന്നും പുറത്തെടുത്ത് കാഴ്ചകൾ കാണിക്കാനാരംഭിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും പത്തോളം സ്ഥലങ്ങളിൽ ഇവരെ ഞങ്ങൾ കൊണ്ടുപോയിട്ടുണ്ട്'', ഡാൻ പറഞ്ഞു.

    ഇതുവരെ സന്ദർശിച്ചതിൽ തന്റെ വളർത്തു പൂച്ചകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം വെനീസ് ആണെന്നും ഡാൻ പറയുന്നു. അവിടുത്തെ അന്തരീക്ഷവും പ്രകൃതി ഭംഗിയുമൊക്കെ അവരിൽ കൗതുകമുണർത്തിയെന്നും ഒരുപാട് ആസ്വദിച്ചെന്നും ഡാൻ കൂട്ടിച്ചേർത്തു.

    വളർത്തുമൃ​ഗങ്ങളോടൊപ്പം യാത്ര ചെയ്യുന്നത് സുഖകരമാണെന്ന് തോന്നുമെങ്കിലും, അവരുടെ മുഴുവൻ ഉത്തരവാദിത്തവും ഉടമകൾക്കുണ്ടെന്ന് ഡാൻ പറയുന്നു. യാത്രക്കിടെ അവർ നേരിടേണ്ടി വരുന്ന അസ്വസ്ഥതകൾ തിരിച്ചറിയണം. ഒരു നീണ്ട ഉല്ലാസയാത്ര ആദ്യമേ ആസൂത്രണം ചെയ്യരുത്. വളർത്തു മൃ​ഗങ്ങളോടൊപ്പം പോകുമ്പോൾ ചെറിയ യാത്രകളിൽ നിന്ന് ആരംഭിക്കുന്നതാണ് നല്ലതെന്നും ഡാൻ കൂട്ടിച്ചേർത്തു.

    എന്നാൽ ഒരു നായക്കൊപ്പം 48,000 കിലോമീറ്ററുക‍ൾ താണ്ടിയ ഒരു യുവാവിനെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ന്യൂ ജേഴ്സി സ്വദേശിയായ ടോം സുർസിച്ച് എന്ന യുവാവും സവന്ന എന്ന നായയുമാണ് 2015 ൽ യാത്ര ആരംഭിച്ചത്. കഴിഞ്ഞ ഏഴു വർഷക്കാലത്തിനിടെ പല ഭൂഖണ്ഡങ്ങളും സന്ദർശിച്ച ശേഷം ഇവർ മടങ്ങിയെത്തി. ഈ 48,000 കിലോമീറ്ററും ഇവർ കാൽനടയായാണ് സഞ്ചരിച്ചത്. ഒരു സ്ലീപ്പിംഗ് ബാഗ്, ഒരു ലാപ്‌ടോപ്പ്, ഒരു ‍ഡിഎസ്എൽആർ ക്യാമറ, ഹൈക്കിംഗ് ഗിയർ, ഭക്ഷണം സൂക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളുമായാണ് ടോം തന്റെ ഇരുപത്തിയാറാം വയസിൽ യാത്ര ആരംഭിച്ചത്. പനാമയിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. ടെക്‌സാസിലെ ഓസ്റ്റിനിൽ വെച്ചാണ് ടോം സവന്ന എന്ന പെൺ നായയെ കണ്ടത്. അപ്പോൾ മുതൽ അവളെയും ഒപ്പം കൂട്ടുകയായിരുന്നു.
    Published by:Amal Surendran
    First published: